വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മികച്ച തുടക്കം. 50-ാം ടെസ്റ്റില്‍ 14-ാം ശതകം കണ്ടെത്തിയ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയും തകര്‍ത്താടിയ ആദ്യ ദിനത്തില്‍ സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ നാലിന് 317 എന്ന നിലയിലാണ്. തന്റെ അമ്പതാമത്തെ ടെസ്റ്റ് കളിക്കുന്ന കൊഹ്്‌ലി 151 റണ്‍സുമായി ക്രീസിലുണ്ട്. ഒരു റണ്ണുമായി രവിചന്ദ്രന്‍ അശ്വിനാണ് കൂട്ട്. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ കൊഹ്്‌ലിയുടെ തീരുമാനത്തെ വെല്ലുവിളിച്ചു കൊണ്ട് ഇംഗ്ലീഷ് ബൗളര്‍മാര്‍ മികച്ച ലൈനിലും ലങ്തിലും പന്തെറിഞ്ഞപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിന്റെ തനിയാവര്‍ത്തനമാണെന്നു തോന്നിപ്പിച്ചു.

തുടക്കത്തില്‍ ബൗണ്‍സും പേസും പ്രകടിപ്പിച്ച പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നന്നെ വിയര്‍ത്തു. ഒരു ഘട്ടത്തില്‍ രണ്ടിന് 22 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന പൂജാര-കൊഹ്്‌ലി സഖ്യമാണ് കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും നങ്കൂരമിട്ടു കളിച്ചതോടെ ഇംഗ്ലീഷ് ബൗളര്‍മാരെ ക്യാപ്റ്റന്‍ കുക്ക് മാറി മാറി ഉപയോഗിച്ചെങ്കിലും കാര്യമായ ഫലം ചെയ്തില്ല. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 226 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 204 പന്തുകളില്‍ 12 ബൗണ്ടറികളും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടെ പൂജാര 119 റണ്‍സെടുത്തു. സ്‌കോര്‍ 56ല്‍ നില്‍ക്കെ കൊഹ്്‌ലിയെ ആദില്‍ റഷീദ് വിട്ടുകളഞ്ഞതിന് ഇംഗ്ലണ്ട് കനത്ത വിലയാണ് നല്‍കേണ്ടി വന്നത്. 241 പന്തില്‍ 15 ബൗണ്ടറികളുടെ സഹായത്തോടെയാണ് കൊഹ്്‌ലി 151 റണ്‍സെടുത്തത്.

അജിന്‍ക്യ രഹാനെ 23 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി ആന്‍ഡേഴ്‌സണ്‍ മൂന്നു വിക്കറ്റുകളും ബ്രോഡ് ഒരു വിക്കറ്റും വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ വിശാഖപട്ടണത്തിറങ്ങിയത്. ആദ്യ ടെസ്റ്റില്‍ ഇരു ഇന്നിങ്‌സുകളിലും പരാജയപ്പെട്ട ഓപണര്‍ ഗൗതംഗംഭീറിനു പകരം കെ.എല്‍ രാഹുലിനേയും സ്പിന്നര്‍ അമിത് മിശ്രക്കു പകരം അരങ്ങേറ്റക്കാരന്‍ ജയന്ത് യാദവിനേയും ഉള്‍പ്പെടുത്തി. എന്നാല്‍ ഓപ്പണര്‍മാരായ ലോകേഷ് രാഹുലിന്റെയും മുരളി വിജയിന്റെയും വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായി. പരിക്ക് മാറി തിരിച്ചെത്തിയ രാഹുല്‍ പൂജ്യനായി മടങ്ങിയപ്പോള്‍ മുരളി വിജയ് 20 റണ്‍സെടുത്തും പുറത്തായി. പരിക്കേറ്റ് മൂന്നു മാസം കളത്തിനു പുറത്തായിരുന്ന ജയിംസ് ആന്‍ഡേഴ്‌സണ്‍ മുരളിയെ പുറത്താക്കി തന്റെ തിരിച്ചുവരവ് അറിയിച്ചു. ലോകേഷ് രാഹുലിനെ സ്റ്റുവര്‍ട്ട് ബ്രോഡുമാണ് പുറത്താക്കിയത്. സ്പിന്നിന് അനുകൂലമായ പിച്ചാണ് വിശാഖപട്ടണത്തേത്. പിച്ച് രണ്ടാം ദിവസം മുതല്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുമെന്നാണ് കരുതുന്നത്.