കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വ്യാപാരികള്‍ക്ക് വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയുമായി ചരക്കുനീക്കം നടത്തുന്നത് പാകിസ്താന്‍ തടയുകുയാണെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി. വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയുമായി സുഗമമായി വ്യാപാര ബന്ധം തടയാന്‍ പാകിസ്താന്‍ ശ്രമിച്ചാല്‍ അഫ്ഗാന്‍ വഴി മധ്യേഷ്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമുള്ള പാകിസ്താന്റെ വ്യാപാരപാതയും ഇല്ലാതാക്കുമെന്ന് ഗാനി മുന്നറിയിപ്പു നല്‍കിയത്. എല്ലാ പ്രാദേശിക രാജ്യങ്ങളുമായി സുഗമമായ സാമ്പത്തിക സഹകരണം ഉണ്ടാവണമെന്നും അതിനായി എല്ലാ സാങ്കേതിക തടസങ്ങളും നീക്കം ചെയ്യണമെന്നുമാണ് അഫ്ഗാന്‍ ആഗ്രഹിക്കുന്നതെന്നും ഗാനി വ്യക്തമാക്കി. പ്രസിഡന്റിനെ ഉദ്ധരിച്ച് അഫ്ഗാനിലെ പ്രാദേശിക മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്.
പഴം പച്ചക്കറി സീസണില്‍ അഫ്ഗാന്റെ ചരക്ക് നീക്കം തടയുന്ന നടപടിയാണ് പാകിസ്താന്റേത്. ഇത് കോടികളുടെ നഷ്ടമാണ് അഫ്ഗാന് വരുത്തിവെയ്ക്കന്നത്. പഴ കയറ്റുമതിയില്‍ അഫ്ഗാനെ സാമ്പത്തിക തീരുവയില്‍ നിന്ന് ഒഴിവാക്കി നല്‍കാമെന്ന് ഇന്ത്യ സമ്മതിച്ചതായും അതിനാല്‍ ഈ മാര്‍ഗം അടയുന്നത് അഫ്ഗാന്‍ ആഗ്രഹിക്കുന്നല്ലെന്നും വ്യക്തം അറിയിച്ചു.