കോഴിക്കോട്: മലയാളികളുടെ സ്വകാര്യ അഹങ്കാരവും വിശ്വോത്തര സാഹിത്യ പ്രതിഭയുമായ എം.ടി വാസുദേവന്‍ നായരുടെ വായമൂടിക്കെട്ടാനുള്ള സംഘ്പരിവാര്‍ നീക്കം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്വന്തമായി അഭിപ്രായവും വീക്ഷണവുമുള്ള ജ്ഞാനപീഠം ജേതാവുകൂടിയായ എം.ടി പലപ്പോഴായി സാമൂഹ്യ പ്രശ്‌നങ്ങളില്‍ മുഖം നോക്കാതെ ഇടപെട്ട് നിലപാട് വ്യക്തിമാക്കിയിട്ടുണ്ട്. അതിനെ അതിന്റേതായ ഗൗരവത്തോടെയാണ് കേരളീയ സമൂഹവും പ്രസ്ഥാനങ്ങളും സ്വീകരിച്ചിട്ടുള്ളത്.

എന്നാല്‍, ചിന്തയെയും സാഹിത്യത്തെയും അഭിരുചിയെയും ഭക്ഷണശീലങ്ങളെയുമെല്ലാം കൂച്ചുവിലങ്ങിടാനാണ് സംഘ്പരിവാര്‍ ശ്രമം. എം.ടിയെപ്പോലെ സര്‍വ്വരാലും ആദരിക്കപ്പെടുന്ന സാഹിത്യകാരനെതിരായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ തരംതാണ പ്രതികരണവും അതിന്റെ തുടര്‍ച്ചയാണ്. ഇത് ഒറ്റപ്പെട്ടതോ ആകസ്മികമോ അല്ലെന്നാണ് ഇതുവരെയും അതുതിരുത്താന്‍ തയ്യാറാവാത്തതിലൂടെ വ്യക്തമാവുന്നതെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.