കല്‍പ്പറ്റ: ശരീഅത്തിനു നേരെയുള്ള കേന്ദ്രസര്‍ക്കാറിന്റെ കടന്നുക്കയറ്റം അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ‘സമസ്ത: ശരീഅത്ത് സംരക്ഷണറാലി’യില്‍ പതിനായിരങ്ങളുടെ പ്രതിഷേധമിരമ്പി. മതേതര ഭൂമിയില്‍ മതാദര്‍ശത്തിന്റെ കരുത്ത് കാത്തുസൂക്ഷിക്കാന്‍ വിശ്വാസി സമൂഹവും, മതേതര-ജനാധിപത്യ വിശ്വാസികളും പ്രതിജ്ഞാബദ്ധമാണെന്നു വിളിച്ചോതിയ റാലി, ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഫാഷിസ്റ്റ് ഭരണനീക്കങ്ങളെ അവസാനനിമിഷം വരെയും ചെറുത്തുതോല്‍പ്പിക്കുമെന്നുമുള്ള പ്രഖ്യാപനമായി.

12211cd-_samastha-rali-467x350

അധികാരത്തിന്റെ കൈകരുത്തില്‍ ഏകസിവില്‍ കോഡ് നടപ്പാക്കിലാക്കാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാറിന്റെ ഗൂഢനീക്കങ്ങള്‍ക്കെതിരെ വിസമ്മതത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ച മാര്‍ച്ച് വയനാടന്‍ അവകാശ സംരക്ഷണ ചരിത്രത്തില്‍ പുതിയ അധ്യായമായി. സമസ്ത വയനാട് ജില്ലാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പതിനായിരങ്ങളെ അണിനിരത്തി റാലി സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിരങ്ങളാണ് റാലിയില്‍ അണിച്ചേരാനെത്തിയത്. കല്‍പ്പറ്റ എസ്. കെ.എം .ജെ സ്‌കൂള്‍ പരിസരത്തു നിന്നും ആരംഭിച്ച റാലി വിജയ പമ്പ് പരിസരത്ത് സമാപിച്ചു.

15156899_1026636347465488_7089102896298795803_o 15203385_1210223049071498_3174837041584743718_n
പതിനായിരങ്ങള്‍ അണിനിരട്ടും ടൗണിലെ ഗതാഗതത്തിന് വലിയ പ്രായസങ്ങളുണ്ടാക്കാതെ റാലിയെ നിയന്ത്രിച്ചത് എസ്.കെ.എസ്.എസ്.എഫിന്റെ വിഖായ വളണ്ടിയര്‍മാരായിരുന്നു. മുഴുവന്‍ കവലകളിലും ജാഗരൂകരായ പ്രവര്‍ത്തകര്‍ റാലിക്കിടയിലും വാഹനങ്ങള്‍ കടന്നുപോകാനുള്ള സൗകര്യങ്ങളൊരുക്കി പ്രശംസിക്കപ്പെട്ടു.