ന്യൂയോര്‍ക്ക്: ലോക ടെന്നിസിലെ ഒന്നാം നമ്പര്‍ താരങ്ങളിലൊരാള്‍ ആണ് സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ച്. എന്നാല്‍ ദ്യോകോവിച്ച് ഒരുകാലത്ത് റഷ്യന്‍ സൂപ്പര്‍ താരം മരിയ ഷറപ്പോവയുടെ ആരാധകനായിരുന്നു.

ദ്യോകോവിച്ചുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ഷറപ്പോവ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുവരും ഒരുമിച്ച് ഡിന്നര്‍ കഴിക്കാന്‍ പോയ കഥയും ഷറപ്പോവയും ദ്യോകോവിച്ചും പങ്കുവെച്ചു.

ഒരു പ്രദര്‍ശന മത്സരത്തില്‍ ഷറപ്പോവയും ദ്യോകോവിച്ചും എതിരാളികളായി വന്നു. മിക്‌സഡ് ഡബിള്‍സ് മത്സരമായിരുന്നു അത്. ഈ മത്സരത്തില്‍ തോറ്റാല്‍ ഷറപ്പോവ ഡിന്നര്‍ വാങ്ങിത്തരണമെന്ന് ദ്യോകോവിച്ച് പറഞ്ഞു. അന്ന് ദ്യോകോ അറിയപ്പെടുന്ന താരമായി വളര്‍ന്നിട്ടില്ല. ഈ ചെറിയ ചെക്കന് മുന്നില്‍ തോല്‍ക്കാനോ എന്നാലോചിച്ച് ഷറപ്പോവ സമ്മതം മൂളി. എന്നാല്‍ ആ ചെറിയ ചെക്കന്‍ ഷറപ്പോവയെ തോല്‍പ്പിച്ചു. ഷറപ്പോവ വാക്കുപാലിച്ചു. ഇരുവരും ഡിന്നര്‍ കഴിക്കാന്‍ പോയി.

റെസ്റ്റോറന്റിലെത്തിയപ്പോള്‍ ദ്യോകോവിച്ച് തന്റെ പഴയ കൊഡാക് ക്യാമറ എടുത്ത് വെയ്റ്ററോട് ഷറപ്പോവയോടൊപ്പമുള്ള ഫോട്ടോ എടുക്കാനും പറഞ്ഞു. ആ സമയത്ത് ഒരു ആരാധകനെപ്പോലെയാണ് ദ്യോകോ പെരുമാറിയതെന്നും ഷറപ്പോവ ഓര്‍ത്തെടുക്കുന്നു. 17 തവണ ഗ്രാന്‍സ്ലാം നേടിയ താരമാണ് ദ്യോകോവിച്ച്. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ ഷറപ്പോവ ഈ അടുത്താണ് ടെന്നീസില്‍ നിന്ന് വിരമിച്ചത്.