കാണ്‍പൂര്‍: ഉത്തപ്രദേശിലെ കാണ്‍പൂരിനടുത്ത് പുക്രയാനില്‍ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 145 ആയി. പരിക്കേറ്റ 200ലധികം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആസ്പത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

123 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി ഡി.ജി.പി ജാവേദ് അഹമ്മദ് പറഞ്ഞു. 45 പേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണ്. 20 പേര്‍ മധ്യപ്രദേശില്‍നിന്നും 14 പേര്‍ ബിഹാറില്‍ നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും ഉള്ളവരാണ്. 110 പേരുടെ മൃതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തതായും ഡി.ജി.പി പറഞ്ഞു.

അപകടത്തില്‍ പെട്ടവര്‍ക്കു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ഇന്നലെ വൈകീട്ടോടെയാണ് അവസാനിച്ചത്. 55 പേരെ ജീവനോടെ പുറത്തെടുക്കാന്‍ കഴിഞ്ഞതായി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. ബോഗികള്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരേയും മരിച്ചവരേയും പുറത്തെടുത്തത്. 74 പേരെ പുറത്തെത്തിക്കുമ്പോള്‍ തന്നെ മരിച്ചിരുന്നതായി സേന വ്യക്തമാക്കി.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഇന്‍ഡോര്‍-പറ്റ്‌ന രാജേന്ദ്രനഗര്‍ എക്‌സ്പ്രസിന്റെ 14 ബോഗികള്‍ കാണ്‍പൂരിനടുത്ത പുക്രയാന്‍- മലാസാ സ്റ്റേഷനുകള്‍ക്കിടയില്‍ പാളംതെറ്റിയത്. റെയില്‍ പാളത്തിലെ വിള്ളലാണ് ട്രെയിന്‍ പാളം തെറ്റാന്‍ കാരണമായതെന്നാണ് റെയില്‍വേയുടെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. വിശദമായ അന്വേഷണത്തിന് റെയില്‍ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. പാളം തെറ്റിയതിനു പിന്നാലെ ബോഗികള്‍ ഒന്ന് ഒന്നിനു മുകളിലേക്കായി ഇടിച്ചു കയറിയതും അപകടം നടന്നത് പുലര്‍ച്ചെ ആയതിനാല്‍ യാത്രക്കാരില്‍ ഏറെയും ഉറക്കത്തില്‍ ആയതുമാണ് ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചത്. ട്രെയിന്‍ അപകടം നടക്കുന്നതിന് ഒമ്പത് മിനുട്ട് മുമ്പ് സബര്‍മതി എക്‌സ്പ്രസ് ഇതേ റൂട്ടിലൂടെ സഞ്ചരിച്ചിരുന്നു. പാളത്തില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികതയോ കുലുക്കമോ അനുഭവപ്പെട്ടിരുന്നില്ലെന്ന് ഈ ട്രെയിനിന്റെ ഡ്രൈവറും മൊഴി നല്‍കിയിട്ടുണ്ട്.