സേഠ്‌നാഗ്ജിക്ക് ശേഷം ഫുട്‌ബോള്‍ നഗരത്തില്‍ കളിയാരവങ്ങള്‍ തീര്‍ക്കാന്‍ സന്തോഷ് ട്രോഫി വരുന്നു. ദക്ഷിണമേഖലാ ക്ലസ്റ്റര്‍ മത്സരങ്ങള്‍ക്കാണ് അടുത്തമാസം അഞ്ചുമുതല്‍ കോര്‍പറേഷന്‍ സ്റ്റേഡിയം വേദിയാകുന്നത്. രാജ്യത്തെ മികച്ച സംസ്ഥാന ടീമുകള്‍ പങ്കെടുക്കുന്ന സന്തോഷ് ട്രോഫിയ്ക്ക് മുന്‍പായി ഗ്രൗണ്ടില്‍ അവസാന ഘട്ട ഒരുക്കങ്ങള്‍ നടന്നുവരികയാണ്. ഗ്യാലറിയിലെ മിനുക്ക് പണികള്‍, വി.ഐ.പി പവലിയന്‍ നവീകരണം, ഗ്യാലറിക്ക് സമീപത്തെ കാടുവെട്ടിതെളിക്കല്‍ എന്നിവയെല്ലാം ഇതിനകം പൂര്‍ത്തിയായി. പിച്ചൊരുക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഫെബ്രുവരിയില്‍ നടന്ന നാഗ്ജി ഫുട്‌ബോളിന്റെ ഭാഗമായാണ് മുന്‍പ് സ്റ്റേഡിയം നവീകരിച്ചത്.

ഗ്രൗണ്ടിലെ പച്ചപ്പ് നിലനിര്‍ത്താന്‍ വളംചേര്‍ത്ത മിശ്രിതം ഗ്രൗണ്ടില്‍ തളിച്ചു. തുടര്‍ന്ന് ഗ്രൗണ്ടിലെ പുല്ല് ക്രമമായി വെട്ടിയൊരുക്കും. ഈമാസം 15മുതലാണ് നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. സേഠ് നാഗ്ജി ടൂര്‍ണമെന്റിന്റെ ഭാഗമായി സജ്ജീകരിച്ച നാല് ഗ്രൗണ്ടുകള്‍ സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കെത്തുന്ന ടീമുകള്‍ക്ക് പരിശീലനം നടത്താന്‍ സൗകര്യപ്പെടും. മെഡി:കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ രണ്ട് ഗ്രൗണ്ട്, ദേവഗിരി കോളജ്, ഫറോക്ക് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവയോടൊപ്പം പുതിയാപ്പ മിനിസ്റ്റേഡിയവും സജ്ജമാണ്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, സര്‍വീസസ്, തെലങ്കാന, ആന്‍ഡമാന്‍, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നീ ടീമുകളാണ് ദക്ഷിണമേഖലയില്‍ പങ്കെടുക്കുന്നത്. സന്തോഷ്‌ട്രോഫിയില്‍ പ്രാഥമിക റൗണ്ടിലെ 12 മത്സരങ്ങളാണ് ഇവിടെ നടക്കുക.

രണ്ട് ഗ്രൂപ്പുകളിലായി എട്ടുടീമുകള്‍ മാറ്റുരക്കുന്ന കാല്‍പന്ത്ഉത്സവത്തില്‍ ആദ്യരണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യതനേടാനാകും. കേരളം മുന്നേറിയാല്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്കും കോഴിക്കോട് വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2005 നവംബറിലാണ് അവസാനമായി സന്തോഷ്‌ട്രോഫി ക്ലസ്റ്റര്‍ മത്സരങ്ങള്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്നത്. 1960,75 വര്‍ഷങ്ങളിലും ദേശീയമത്സരങ്ങളും ഇതേഗ്രൗണ്ടില്‍ നടന്നു. നിലവില്‍ സര്‍വ്വീസസാണ് സന്തോഷ് ട്രോഫി ജേതാക്കള്‍. അഞ്ച്തവണ ജേതാക്കളായ കേരളം എട്ട് തവണ റണ്ണേഴ്‌സ്അപ്പായിരുന്നു. വി.പി ഷാജിയുടെ കീഴില്‍ യുവനിരയുമായാണ് കേരള ടീം ഇത്തവണ വരുന്നത്. പരിശീലനത്തിനായി കേരള ടീം കോഴിക്കോട്ടെത്തും.