ദുബൈ: ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലെത്തി. ഏറ്റവും പുതിയ റാങ്കനുസരിച്ച് കോലി നാലാം സ്ഥാനത്താണ്. വിശാഖപട്ടണം ടെസ്റ്റില്‍ ഇരു ഇന്നിങ്‌സുകളിലായി നേടിയ 248 റണ്‍സാണ് കോലിക്കു തുണയായത്. ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര ഒമ്പാതാം സ്ഥാനത്താണ്. നേരത്തെ 14-ാം റാങ്കിലുണ്ടായിരുന്ന കോലി 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് നാലാമതെത്തിയത്. 897 പോയിന്റുമായി ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഒന്നാം റാങ്കില്‍.

ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ട് 844 പോയിന്റുമായി രണ്ടാം സ്ഥാനത്തും ന്യൂസിലന്‍ഡിന്റെ കെയിന്‍ വില്യംസണ്‍ 838 പോയിന്റുമായി മൂന്നാമതുമാണ്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംല, പാക് താരം യൂനിസ് ഖാന്‍, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്, ഡേവിഡേ വാര്‍നര്‍, ചേതേശ്വര്‍ പൂജാര, അലിസ്റ്റര്‍ കുക്ക് എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍. ബൗളര്‍മാരില്‍ ലങ്കയുടെ രംഗന ഹെറാത്ത് 867 പോയിന്റുമായി ഒന്നാമതെത്തിയപ്പോള്‍ ആദ്യ പത്തില്‍ ആറാം റാങ്കുമായി ഇന്ത്യയുടെ രവീന്ദ്ര ജഡേജ സ്ഥാനം നേടി. ഡെയില്‍ സ്റ്റെയിന്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരാണ് ജഡേജക്കു മുന്നില്‍. യാസിര്‍ ഷാ, മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹേസല്‍വുഡ്, വെര്‍നന്‍ ഫിലാന്‍ഡര്‍ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ബൗളര്‍മാര്‍. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 21-ാം റാങ്കിലെത്തി.