ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ടു മാറ്റല്‍ തീരുമാനത്തില്‍ വെട്ടിലായത് അയല്‍ രാഷ്ട്രമായ നേപ്പാളും. കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 1000, 500 രൂപയുടെ ഒട്ടേറെ നോട്ടുകള്‍ നേപ്പാളികളുടെ കൈവശമുണ്ടെന്നും ഇവ മാറിയെടുക്കുന്നതിന് സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ നരേന്ദ്രമോദിക്ക് കത്തയച്ചു.

അയല്‍ രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നവരാണ് നേപ്പാളികള്‍. ഇതിനു പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരെ ധാരാളം നേപ്പാളികള്‍ തൊഴില്‍ തേടി എത്തുന്നുമുണ്ട്. ഇവര്‍ക്കെല്ലാം വേതനം ലഭിക്കുന്നത് ഇന്ത്യന്‍ കറന്‍സിയിലാണ്. പ്രത്യേകിച്ച് 1000, 500 രൂപ നോട്ടുകളായി. നേപ്പാള്‍ കറന്‍സിയിലേക്ക് മാറാതെ പലരും ഇന്ത്യന്‍ രൂപയായി തന്നെ ഇവ സൂക്ഷിച്ചതാണ് വെട്ടിലായത്.