ബംഗളുരു: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ കണ്ണ് ഒരു റെക്കോര്‍ഡിലാണ്. മുന്‍നിര ടീമുകളെല്ലാം ഇതിനു മുമ്പ് കൈവരിച്ചിട്ടും ഇന്ത്യയുടെ മാത്രം കൈയകലത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന നേട്ടം; ഏകദിനത്തില്‍ തുടര്‍ച്ചയായ പത്ത് വിജയങ്ങള്‍. ആദ്യ മൂന്ന് മത്സരങ്ങള്‍ ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തിലേക്ക് ബാറ്റും പന്തുമെടുക്കുമ്പോള്‍ മാനം രക്ഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ളത്.
കഴിഞ്ഞ ജൂലൈയില്‍ ആന്റിഗ്വയില്‍ വെച്ച് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യ ഏകദിനത്തില്‍ അവസാനമായി തോല്‍വി വഴങ്ങിയത്. ഓസ്‌ട്രേലിയയാകട്ടെ ജനുവരി 26-ന് അഡലെയ്ഡില്‍ പാകിസ്താനെ തോല്‍പ്പിച്ച ശേഷം ഇതുവരെ ജയിച്ചിട്ടുമില്ല. 11 മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റ കങ്കാരുക്കള്‍ക്കു മുന്നിലേക്ക് ഒമ്പത് തുടര്‍ വിജയങ്ങളുടെ മികവുമായി ഇറങ്ങുന്ന ആതിഥേയര്‍ക്കാണ് വിജയ സാധ്യത.
സ്ഥിരം ശക്തികേന്ദ്രമായ ബാറ്റിങിനൊപ്പം ബൗളിങിലും മികവ് പുലര്‍ത്തുന്നു എന്നത് ഇന്ത്യന്‍ ടീമിനെ കൂടുതല്‍ അപകടകാരികളാക്കുന്നു. പേസ്, സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ബൗളര്‍മാര്‍ ഓസീ ബാറ്റ്‌സ്മാന്മാരെ വിഷമിപ്പിക്കുന്നത് ഈ പരമ്പരയിലെ വിശേഷ കാഴ്ചയായിരുന്നു. ഒരു മത്സരത്തില്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മേല്‍ പൂര്‍ണ ആധിപത്യം പുലര്‍ത്താന്‍ സ്റ്റീവ് സ്മിത്തിനും സംഘത്തിനും കഴിഞ്ഞിട്ടില്ല. നാലാം മത്സരത്തിനിറങ്ങുമ്പോഴും കുല്‍ദീപ് യാദവിന്റെയും യുജ്‌വേന്ദ്ര ചഹാലിന്റെയും പന്തുകളിലൊളിപ്പിച്ച അനിശ്ചിതത്വമാവും സന്ദര്‍ശകരെ അസ്വസ്ഥരാക്കുന്നത്.
മികച്ച ഫോമിലുള്ള വിരാട് കോഹ്‌ലി മുന്നില്‍ നിന്നു നയിക്കുമ്പോള്‍ ബാറ്റിങില്‍ ഇന്ത്യക്ക് പരാതികളില്ല. പൂര്‍ത്തിയായ എല്ലാ പരമ്പരകളിലും സെഞ്ച്വറിയടക്കം 2017-ല്‍ 1137 റണ്‍സ് നേടിയ വിരാടിന് ഈ പരമ്പരയിലും സെഞ്ച്വറി നേടാന്‍ കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ധവാന്റെ അഭാവത്തില്‍ ഇന്നിങ്‌സ് ഓപണ്‍ ചെയ്യാന്‍ അവസരം ലഭിച്ച രഹാനെ സ്ഥിരത പുലര്‍ത്തുമ്പോള്‍ രോഹിത് ശര്‍മ ഫോം വീണ്ടെടുത്തു കഴിഞ്ഞു. സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റ് ചെയ്യാനുള്ള പക്വതയാര്‍ജിച്ച ഹര്‍ദിക് പാണ്ഡ്യയും ക്യാപ്ടന്‍സിയുടെ ഭാരമൊഴിഞ്ഞതിനു ശേഷം സമ്മര്‍ദമില്ലാതെ കളിക്കുന്ന ധോണിയും മിഡില്‍ ഓര്‍ഡറിന് കരുത്തുപകരുന്നു.
ഓസീസ് ഓപണര്‍ ഡേവിഡ് വാര്‍ണറുടെ നൂറാം ഏകദിനമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലേത്. 2009-ല്‍ ഏകദിന അരങ്ങേറ്റം കുറിച്ച വാര്‍ണര്‍ ഇന്ത്യന്‍ അന്തരീക്ഷത്തില്‍ മികവ് പുലര്‍ത്തുന്ന അപൂര്‍വം ഓസ്‌ട്രേലിയക്കാരിലൊരാളാണ്. ഇന്‍ഡോറില്‍ സെഞ്ച്വറി നേടിയ ആരോണ്‍ ഫിഞ്ചിനെയും ഇന്ത്യ ഇന്ന് പേടിക്കേണ്ടി വരും.