തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ വജ്രമുത്തുകള്‍ കണ്ടെത്തി. മുത്തുകള്‍ മോഷ്ടിക്കപ്പെട്ടതല്ലെന്നും അടര്‍ന്നുപോയതാണെന്നുമുള്ള ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന രണ്ടു മാലകളിലെയും വിഗ്രഹത്തിന് മുകളില്‍ ചൂടുന്ന കുടയിലെയും വജ്രങ്ങളാണ് കാണാതായതെന്നതായിരുന്നു പരാതി.
ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കാണാതായ വജ്രമുത്തുകള്‍ കണ്ടെത്തിയത്. ക്ഷേത്രത്തില്‍ നിന്നുതന്നെയാണ് ക്രൈംബ്രാഞ്ച് വജ്ര മുത്തുകള്‍ കണ്ടെടുത്തത്. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന പൂമാലകള്‍ അഴിച്ചെടുത്തപ്പോള്‍ മാലയിലെയും മുത്തുക്കുടകളിലെയും വജ്രം അടര്‍ന്നുപോയതെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കിട്ടിയ വജ്രങ്ങളുടെ കാലപ്പഴക്കവും മൂല്യവും കണക്കാക്കുന്നതിനുള്ള ജെമ്മോളജിസ്റ്റും ഇത് ഉറപ്പുവരുത്തി. ഏറ്റവും വലിയ വജ്രത്തിനു പോലും അര സെന്റീമീറ്ററില്‍ താഴെയാണ് വലുപ്പം. കണ്ടെടുത്ത വജ്രങ്ങളും ആഭരണങ്ങളിലെ വജ്രവും ഒത്തുനോക്കിയാണ് കാണാതായവ തന്നെയാണ് ഇവയെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചത്.
മുത്തുകള്‍ ചെറുതെങ്കിലും കോടികള്‍ വിലമതിക്കുന്നതാണിവ. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എട്ടു വജ്രങ്ങള്‍ കാണാതായെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ക്ഷേത്ര മാനേജര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ 22 വജ്രം കാണാതായെന്നാണ് പറഞ്ഞിരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഇനി കോടതിയിലും സമര്‍പ്പിക്കും. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.