ന്യൂയോര്‍ക്ക്: പാട്ടും നൃത്തവും കരിമരുന്ന് പ്രയോഗവും കൊണ്ട് ആഘോഷമാക്കി മാറ്റിയ രാവില്‍ ലോകം പുതുവര്‍ഷപ്പുലരിയെ വരവേറ്റു. ന്യൂസിലാന്റിലാണ് ഇത്തവണ ആദ്യം പുതുവര്‍ഷം പിറന്നത്. തൊട്ടു പിന്നാലെ ഓസ്‌ട്രേലിയയും വര്‍ണം വിതറി പുതിയ വര്‍ഷത്തെ സ്വീകരിച്ചു.
ഇന്ത്യന്‍ സമയം 2016 ഡിസംബര്‍ 31ന് വൈകീട്ട് 4 മണിക്കു തന്നെ (ബ്രിട്ടീഷ് സമയം 31ന് കാലത്ത് 11 മണി) ന്യൂസിലാന്റില്‍ 2017ന്റെ പുലരി പിറന്നിരുന്നു. ഓക്‌ലാന്റിലെ സ്‌കൈ ടവര്‍ കേന്ദ്രീകരിച്ചാണ് ഔദ്യോഗിക പുതുവര്‍ഷാഘോഷ പരിപാടികള്‍ ഒരുക്കിയിരുന്നത്. ഓസ്‌ട്രേലിയന്‍ നഗരങ്ങളായ സിഡ്‌നിയും മെല്‍ബണും വൈകുന്നേരം മുതല്‍ തന്നെ പുതുവത്സാരാഘോഷങ്ങള്‍ വീക്ഷിക്കാന്‍ തെരുവിലിറങ്ങിയ ജനത്തെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും ആഘോഷപൂര്‍വ്വം തന്നെ ജനം പുതുവര്‍ഷപ്പുലരിയെ വരവേറ്റു.