ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു. ഭീകരര്‍ ഒളിച്ചുകഴിയുന്ന സെമി സെക്രട്ടറിയേറ്റ് കോംപ്ലക്‌സിന്റെ അകത്തേക്ക് ഇന്നലെ വൈകീട്ടോടെയാണ് സൈന്യത്തിന് പ്രവേശിക്കാന്‍ കഴിഞ്ഞത്. ഞായറാഴ്ച വൈകീട്ടാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. നാലു ഭീകരരെ ഇതുവരെ സൈന്യം വധിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ കെട്ടിടത്തിന് അകത്ത് ഒളിച്ചു കഴിയുന്നുണ്ടെന്നാണ് വിവരം.

കെട്ടിടത്തിന്റെ പ്രധാന പ്രവേശന കവാടത്തോട് ചേര്‍ന്ന് ഭീകരര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പ്രതിരോധ കവചം സൃഷ്ടിച്ചതാണ് തടസ്സമായത്. ഇതുവഴി അകത്തുകടക്കാന്‍ ശ്രമിച്ചാല്‍ സൈന്യത്തിന് വലിയ ആള്‍നാശം നേരിടേണ്ടി വരും. ഇത്തരം സാഹചര്യങ്ങളില്‍ ഹെലികോപ്റ്ററിന്റെ സഹായത്തോടെ കെട്ടിടത്തിന്റെ മേല്‍ക്കൂര വഴിയാണ് സൈനികര്‍ അകത്തുകടക്കാറ്. എന്നാല്‍ ഭീകരര്‍ ഒളിച്ചുകഴിയുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും നാലുഭാഗത്തേക്കും ചരിവുകളോടു കൂടിയ ടിന്‍ഷീറ്റ് കൊണ്ട് നിര്‍മിച്ചതാണ്.

ഇതോടെ കെട്ടിടത്തിന്റെ ഭിത്തി തകര്‍ത്ത് മാത്രമേ സൈന്യത്തിന് അകത്തു കടക്കാന്‍ കഴിയൂവെന്ന സാഹചര്യമായിരുന്നു. ഇതിനായി തിങ്കളാഴ്ച ഒന്നിലധികം തവണ റോക്കറ്റ് ആക്രമണം നടത്തിനോക്കിയെങ്കിലും ഫലം കണ്ടിട്ടില്ല. ഇന്നലെ ഉച്ചയോടെ എഞ്ചിനീയര്‍മാരുടെ വിദഗ്ധ സംഘവും ഓപ്പറേഷനില്‍ പങ്കാളികളായി. സ്‌ഫോടനപരമ്പര സൃഷ്ടിച്ച് താഴെ നിലയുടെ ഭിത്തിക്ക് വിള്ളല്‍ വീഴ്ത്തി അതുവഴി അകത്തു കടക്കാനായിരുന്നു എഞ്ചിനീയര്‍മാരുടെ ഉപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌ഫോടനം നടത്തിയാണ് ഭിത്തിക്ക് വിള്ളലുണ്ടാക്കിയത്. റിക്ടര്‍ സ്‌കെയിലില്‍ 9 വരെ തീവ്രത രേഖപ്പെടുത്തിയേക്കാവുന്ന ഭൂചലനത്തിന് തുല്യമായ പ്രകമ്പനമാണ് സ്‌ഫോടനം വഴി സൃഷ്ടിച്ചതെന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ഐജാസ് കാസ്മി പറഞ്ഞു.

അഞ്ച് അടി വീതിയിലുള്ള ദ്വാരമാണ് ഭിത്തിയില്‍ സൃഷ്ടിച്ചത്. തുടര്‍ന്ന് ഇതുവഴിയാണ് സൈന്യം അകത്തു കടന്നത്. തിങ്കളാഴ്ച കാലത്ത് 10 മണിക്കു ശേഷം ഭീകരരുടെ ഭാഗത്തുനിന്ന് വെടിവെപ്പോ മറ്റോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലെ ഉച്ചക്ക് സൈന്യം നടത്തിയ വെടിവെപ്പിന് നിമിഷങ്ങള്‍ക്കകം കെട്ടിടത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി തിരിച്ചടിയുണ്ടായി. ഇതുവരെയും തങ്ങളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. അത്യാഹിതം പൂര്‍ണമായി ഒഴിവാക്കി ഭീകരരെ കീഴടക്കാനാണ് ലക്ഷ്യമിടുന്നത്. സൈനിക നടപടി ഏതാനും ദിവസം കൂടി നീണ്ടുപോയാലും പ്രശ്‌നമില്ലെന്ന നിലപാടിലാണ് തങ്ങളെന്നും സൈന്യം വ്യക്തമാക്കി. പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സൈനിക നടപടിയാണ് ഇപ്പോള്‍ തുടരുന്നത്.