സ്വപ്‌നങ്ങളുടെ ചിറകിലേറി മലയാളി ഗള്‍ഫില്‍ പ്രവാസ ജീവിതം തുടങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടു. വീടിനും നാടിനും വേണ്ടി മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കുന്ന മലയാളി കേരളത്തിന്റെ വളര്‍ച്ചയില്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. സംസ്ഥാനം കൈവരിച്ച സാമ്പത്തിക പുരോഗതിയില്‍ ഗള്‍ഫ് മലയാളി ചെലുത്തിയ സ്വാധീനം വാക്കുകളാല്‍ വര്‍ണിക്കാനാവില്ല. കേരളത്തില്‍ നിന്ന് മാത്രം 30 ലക്ഷത്തിലേറെ പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലുമെല്ലാം ലക്ഷക്കണക്കിന് മലയാളികള്‍ വേറെയുമുണ്ട്. ഇവരെല്ലാം കൂടി ഒരു വര്‍ഷം കേരളത്തിലേക്കയക്കുന്നത് ഒന്നര ലക്ഷം കോടിയോളം രൂപയാണ്. എന്നാല്‍ അവഗണനയുടെ കഥകളാണ് ഗള്‍ഫ് മലയാളിക്ക് പറയാനുള്ളത്. ചൂഷണം ചെയ്യപ്പെടാനുള്ളവരായി മാത്രം അവര്‍ പരിഗണിക്കപ്പെടുന്നു. മിഡില്‍ ഈസ്റ്റിലെ വിവിധ രാഷ്ട്രങ്ങളിലുള്ള ഞങ്ങളുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആറായിരത്തോളം പേരില്‍ ഭൂരിപക്ഷം പേരും മലയാളികളാണ്.

നാടിനുവേണ്ടി വിയര്‍പ്പൊഴുക്കുന്നപ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. പ്രവാസി പെന്‍ഷന്‍ തുക ഉയര്‍ത്തി പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കണം. പ്രവാസികള്‍ക്കായി സമഗ്ര ആരോഗ്യ ചികിത്സാ പദ്ധതിയും നടപ്പാക്കണം. സര്‍ക്കാറിന്റെ വിഹിതവും ഇതിലുണ്ടാകണം. വര്‍ഷങ്ങള്‍ നീണ്ട പ്രവാസത്തിനൊടുവില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി നാടണയുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാകും. പ്രവാസി സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതിന് പിന്തുണ നല്‍കണം. ഇവര്‍ക്ക് ചെറുകിട വ്യവസായ സംരംഭം ആരംഭിക്കാന്‍ മിനി വ്യവസായ സോണുകള്‍ തുടങ്ങണം. മടങ്ങിയത്തെിയവര്‍ക്ക് തൊഴിലിന് മുന്‍ഗണന വേണം. സര്‍ക്കാറിന്റെ തരിശുഭൂമി കൃഷിചെയ്യാന്‍ ഇത്തരം സംഘങ്ങള്‍ക്ക് പാട്ടത്തിന് നല്‍കണം. റോഡ്, പാലം, കെട്ടിട നിര്‍മാണം എന്നിവ ഇവരെ ഏല്‍പിക്കണം. വിദ്യാഭ്യാസ, ആരോഗ്യ, മേഖലയില്‍ പ്രവാസി നിക്ഷേപത്തോടെ സ്ഥാപനങ്ങള്‍ തുടങ്ങണം.

പാവപ്പെട്ട പ്രവാസികളെ എ.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന സ്ഥിതി മാറണം. വരുമാനം കണക്കിലെടുത്ത് മാത്രമേ എ.പി.എല്‍-ബി.പി.എല്‍ നിര്‍ണയം പാടുള്ളൂ. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉള്‍പ്പെടുത്തി ഏകജാലക സംവിധാനമോ പ്രവാസി ഹെല്‍പ് ഡെസ്‌ക്കോ എല്ലാ ജില്ലകളിലും ആരംഭിക്കണം. പാസ്‌പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കണം. അല്ലെങ്കില്‍ എംബസികള്‍ വഴിയോ നോര്‍ക്ക മുഖേനയോ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള നടപടിയുണ്ടാകണം. ചുരുങ്ങിയ അവധിക്ക് നാട്ടിലത്തെുന്ന പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡില്ലാത്തതിനാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ ഇതുവഴി കഴിയണം. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ഉപരി പഠന സാധ്യത ഉറപ്പ് വരുത്തണം. രണ്ടു ലക്ഷത്തോളം കുട്ടികളാണ് 12ാം ക്ലാസ് കഴിഞ്ഞ് പ്രതിവര്‍ഷം ഗള്‍ഫില്‍ നിന്ന് തിരിച്ചുവരുന്നത്. വിദേശത്ത് കോളജുകളോ പഠന കേന്ദ്രങ്ങളോ തുടങ്ങുന്നത് ആലോചിക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്തണം.

സ്വദേശിവത്കരണം മൂലം ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമായി. നാട്ടില്‍ തിരിച്ചത്തെിയാല്‍ എന്തുചെയ്യുമെന്നത് ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. തിരിച്ചത്തെുന്നവരെ പുനരധിവസിപ്പിക്കുന്ന ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണം. മുമ്പ് പ്രഖ്യാപിച്ച പ്രവാസി പുനരധിവാസ പാക്കേജുകള്‍ പലതും കടലാസിലൊതുങ്ങി. മടങ്ങിയത്തെുന്നവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യവും തൊഴിലും ഉറപ്പാക്കണം. സ്വയംതൊഴില്‍ കണ്ടത്തൊന്‍ നടപടി വേണം. സംരംഭങ്ങള്‍ തുടങ്ങാന്‍ കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കണം. നോര്‍ക്കക്ക് കീഴില്‍ പ്രവാസികള്‍ക്കായി എംപ്ലോയ്‌മെന്റ് ബ്യൂറോ തുടങ്ങണം. പ്രവാസികള്‍ക്കും തിരിച്ചത്തെുന്നവര്‍ക്കുമായി സുരക്ഷിതമായ നിക്ഷേപ പദ്ധതികള്‍ ആരംഭിക്കണം. വിമാനത്താവളം, തുറമുഖം, മോണോ റെയില്‍, സ്മാര്‍ട്ട്‌സിറ്റി തുടങ്ങിയ മേഖലകളില്‍ പ്രവാസികളുടെ നിക്ഷേപം ഉപയോഗപ്പെടുത്തണം. ഇത്തരം പദ്ധതികളില്‍ പ്രവാസികള്‍ക്ക് ഓഹരി നല്‍കണം. ഇതുവഴി, പദ്ധതി നടത്തിപ്പില്‍ സര്‍ക്കാരിന് കൂടുതല്‍ നിക്ഷേപം ലഭിക്കുന്നതിനൊപ്പം പ്രവാസികള്‍ നിക്ഷേപ തട്ടിപ്പുകളില്‍ പെടുന്ന അവസ്ഥ ഒഴിവാക്കാനും കഴിയും.

മലബാറിലെ പ്രവാസികളുടെ ആശ്രയമായ കരിപ്പൂര്‍ വിമാനത്താവളത്തെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ആശാവഹമല്ല. റണ്‍വേ അറ്റകുറ്റപ്പണി പൂര്‍ത്തിയായെങ്കിലും വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി നല്‍കിയിട്ടില്ല. റണ്‍വേയുടെ നീളം വര്‍ധിപ്പിച്ചാല്‍ മാത്രമേ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കൂവെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിലപാട് ദുരൂഹവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. പ്രവാസികളുടെ യാത്രാ ദുരിതത്തിന് വലിയ തോതില്‍ പരിഹാരമുണ്ടാക്കിയത് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വരവാണ്. നിലവില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാത്തതിനാല്‍ പ്രവാസികള്‍ ധാരാളം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ വിമാനത്താവളം ഇല്ലാതായാല്‍ പ്രവാസികള്‍ നേരിടേണ്ടി വരുന്ന യാത്രാ ദുരിതം വിവരിക്കാനാവില്ല. അതിനാല്‍ കരിപ്പൂര്‍ വിമാനത്താവളം വികസിപ്പിച്ച് പ്രവാസികള്‍ക്ക് ആശ്വാസം പകരാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

വിമാനക്കമ്പനികള്‍ പ്രവാസികളെ പിഴിയുന്നത് തടയാന്‍ കര്‍ശന നടപടി വേണം. അവധിക്കാലത്തും തിരക്കേറിയ സമയങ്ങളിലും ഒരു നിയന്ത്രണവുമില്ലാതെയാണ് വിമാനക്കമ്പനികള്‍ യാത്രക്കൂലി കൂട്ടുന്നത്. വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും തടയാന്‍ നടപടികളില്ല. സ്‌കൂള്‍ അവധി, ആഘോഷങ്ങള്‍ തുടങ്ങി തിരക്കേറിയ സമയത്ത് നിയന്ത്രണമില്ലാതെ വിമാന യാത്രക്കൂലി കുത്തനെ വര്‍ധിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. വര്‍ഷത്തിലുടനീളം നിരക്കില്‍ തുല്യത വരുത്തുകയും ഈടാക്കാവുന്ന പരമാവധി നിരക്ക് സര്‍ക്കാര്‍ ഇടപെട്ട് നിജപ്പെടുത്തുകയും വേണം.
റിക്രൂട്ട്‌മെന്റ് തട്ടിപ്പിന്റെ ഇരകളായിട്ടുള്ളത് നിരവധി പേരാണ്. നല്ലൊരു ജീവിതമെന്ന സ്വപ്‌നത്തിനായി ഏജന്‍സിക്ക് പണം കൊടുത്ത് ചതിയില്‍പെട്ടവരുടെ കണ്ണീര്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടി വേണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അംഗീകാരമില്ലാത്ത ഏജന്‍സികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കരുത്. റിക്രൂട്ട്‌മെന്റുകള്‍ സര്‍ക്കാര്‍ തലത്തിലോ മേല്‍നോട്ടത്തിലോ ആകണം. നാട്ടില്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിങ് വിസയില്‍ ദുബൈയില്‍ കൊണ്ടുവന്ന ശേഷം സ്ത്രീകളെ മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് കടത്തിയ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് അവസാനിപ്പിക്കാന്‍ ബോധവത്കരണമടക്കം നടപടികള്‍ വേണം.

പ്രവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നോര്‍ക്ക ഓഫീസുകള്‍ ആരംഭിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. നോര്‍ക്ക പദ്ധതികളെക്കുറിച്ച് ബോധവത്കരണം നടത്തണം. വിമാനത്താവളങ്ങളില്‍ നോര്‍ക്കക്ക് കീഴില്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തണം. വിദേശത്ത് അപകടത്തില്‍പെടുന്ന പ്രവാസികളുടെ അവകാശം ഉറപ്പാക്കാനും നോര്‍ക്ക നടപടി സ്വീകരിക്കണം. ശമ്പളം ലഭിക്കാതെയും മറ്റും ബുദ്ധിമുട്ടുന്ന മലയാളികള്‍ക്ക് പ്രവാസി സംഘടനകളുടെ സഹകരണത്തോടെ നിയമ സഹായമടക്കം ലഭ്യമാക്കണം. നിലവില്‍ എംബസികളില്‍ നിന്നുള്ള സഹായത്തിന് പലപ്പോഴും കാലതാമസം നേരിടുന്ന അവസ്ഥയുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസികളുടെ രേഖകള്‍ ശരിയാക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണം. മൃതദേഹം നാട്ടിലത്തെിക്കാന്‍ നിലവില്‍ വിമാന കമ്പനികള്‍ കഴുത്തറപ്പന്‍ നിരക്കാണ് ഈടാക്കുന്നത്. ഈ ചെലവ് വഹിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
നാട്ടില്‍ വരാതെ തന്നെ വോട്ട് ചെയ്യാന്‍ കഴിയുക എന്ന പ്രവാസികളുടെ സ്വപ്‌നം മരീചിക പോലെ അകന്നകന്നു പോകുകയാണ്. രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഒന്നും യാഥാര്‍ത്ഥ്യമായില്ല. വന്‍ തുക മുടക്കി നാട്ടിലത്തെി വോട്ട് ചെയ്യുക എന്നത് ഭൂരിഭാഗം പ്രവാസികള്‍ക്കും കഴിയുന്ന കാര്യമല്ല. അതിനാല്‍, പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും മുന്നിട്ടിറങ്ങണം. രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാനുള്ള അവസരം പ്രവാസികള്‍ക്കും നല്‍കണം.

പ്രവാസികളുടെ കൃത്യമായ കണക്ക് ഇല്ലാത്ത സ്ഥിതിയാണുള്ളത്. 80 ലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ കണക്ക്. ഇതില്‍ 40 ശതമാനത്തോളം കേരളീയരാണ്. എന്നാല്‍, കേരളത്തിലെ 2013ലെ സെന്‍സസ് പ്രകാരം 16.25 ലക്ഷം പേര്‍ മാത്രമാണ് പ്രവാസികള്‍. അതിനാല്‍ പ്രവാസികളുടെ കൃത്യമായ വിവര ശേഖരണത്തിന് നടപടി വേണം. ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കീഴിലുള്ള പ്രവാസികളുടെ എണ്ണം കണക്കാക്കുന്നത് ക്ഷേമ പദ്ധതികളുടെ നടത്തിപ്പിന് സഹായകരമാകും.

കെ.ടി റബീഉള്ള