കോഴിക്കോട്: പരിസ്ഥിതി വിഷയത്തില്‍ മന്ത്രി എം.എം മണിക്ക് ദക്ഷിണ നല്‍കി പഠിക്കേണ്ട ഗതികേട് സി.പി.ഐക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നീലക്കുറിഞ്ഞി വിഷയത്തില്‍ സി.പി.ഐക്ക് ഒന്നും അറിയില്ലെന്ന മന്ത്രി എം.എം മണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിസംരക്ഷണ വിഷയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വീക്ഷണമാണ് ഞങ്ങള്‍ക്കുള്ളത്. മന്ത്രി എം.എം മണിയെ പോലെ പല കാര്യത്തിലും പരസ്യമായി പ്രതികരിക്കാന്‍ താനില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഗെയില്‍ വിഷയത്തില്‍ ജനങ്ങളുമായി ചര്‍ച്ച നടത്തി സമവായം ഉണ്ടാക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. വികസനം വേണ്ട എന്ന നിലപാട് പാര്‍ട്ടിക്കില്ല.
വികസനം ഉറപ്പാക്കണം. എന്നാല്‍ സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും വേണം. എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം എന്‍.സി.പിയാണ് തീരുമാനിക്കേണ്ടത്. അവര്‍ തീരുമാനമെടുത്താല്‍ ഇടതുമുന്നണി ചര്‍ച്ച ചെയ്യും -കാനം പറഞ്ഞു. മുന്നണിയുടെ കൂടെ നില്‍ക്കുമ്പോഴും പാര്‍ട്ടി അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദികളില്‍ പറയാന്‍ മടിയില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു.
റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനെ മാറ്റണമെന്ന അഭിപ്രായം സി.പി.ഐക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥനെ മാറ്റണമെന്ന അഭിപ്രായവും ഇല്ല. അതെല്ലാം ഭരണനിര്‍വഹണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നുംകാനം പറഞ്ഞു. എം.പി വീരേന്ദ്രകുമാര്‍ ഇപ്പോഴും യു.ഡി.എഫിന്റെ ഭാഗമാണ്. യു.ഡി.എഫ് വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് എല്‍.ഡി.എഫ് നേതൃത്വം നേരത്തെ വ്യക്തമാക്കിയതാണ്. കാനം വ്യക്തമാക്കി.