മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രിയും ബി.ജെ.പി മുന്‍ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് അതിഥികള്‍ക്കായി 50 ചാര്‍ട്ടേഡ് വിമാനങ്ങളാണ് എത്തിയതെന്നാണ് വാര്‍ത്ത. കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ലമെന്ററി കാര്യ മന്ത്രി എം. വെങ്കയ്യ നായിഡു, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, മുന്‍ അധ്യക്ഷനും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ അഡ്വാനി, ശിവസേനാ തലവന്‍ രാജ് താക്കറേ അടക്കമുള്ള നിരവധി വി.വി.ഐ.പികളാണ് പങ്കെടുത്തത്. കഴിഞ്ഞ മാസമാണ് ബി.ജെ.പിയുടെ ഒരു മുന്‍ മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഡി മകളുടെ പേരില്‍ ഇത്തരമൊരു ആഢംബര വിവാഹം നടത്തിയത്. 500 കോടി രൂപ ചെലവിലായിരുന്നു ഇത്. അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന റെഡ്ഡി ജാമ്യത്തിലിറങ്ങിയാണ് മകളുടെ വിവാഹ മാമാങ്കം നടത്തിയത്. മൈസൂര്‍ രാജകൊട്ടാര മാതൃകയിലുള്ള മണ്ഡപമൊക്കെയാണ് ഇതിനായി നിര്‍മിച്ചത്. ആഭരണം 150 കോടി, പാചകത്തിന് 60 കോടി, മേക്കപ്പ് 30 ലക്ഷം, ക്യാമറ 20 ലക്ഷം, സെക്യൂരിറ്റി 60 ലക്ഷം എന്നിങ്ങനെയായിരുന്നു ചെലവ്. തിരുവനന്തപുരത്ത് പ്രമുഖ വ്യവസായി ബിജു രമേശിന്റെ മകളും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലായിരുന്നു ചെലവേറിയ മറ്റൊരു വിവാഹം.

ദരിദ്രര്‍ കുറവും സാമൂഹിക സന്തുലിതാവസ്ഥയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയുമായിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിന്. 714 രൂപയാണ് ഗ്രാമീണരുടെ പ്രതിമാസ ചെലവെങ്കില്‍ സമ്പന്നരുടേത് പതിനായിരത്തിനു മുകളിലാണ് ഇപ്പോള്‍. രാജ്യത്ത് ഏറ്റവുമധികം സാമ്പത്തിക അസന്തുലനമുള്ള സംസ്ഥാനമായി മാറിയിരിക്കുന്നു നാമിപ്പോള്‍. വിവാഹം ഏതൊരാളുടെയും ഇഷ്ടത്തിനനുസരിച്ച് നടത്തേണ്ടതാണെന്ന വാദം അംഗീകരിക്കുമ്പോള്‍ തന്നെ ഇതിനായി ഉപയോഗിക്കപ്പെടുന്ന പണം എവിടെ നിന്ന് ഏതു രീതിയില്‍ സമ്പാദിച്ചതാണെന്ന് ഉറപ്പു വരുത്തേണ്ടതല്ലേ. അയ്യായിരം രൂപ മാത്രം കൊണ്ട് ആദിവാസി വിവാഹം നടക്കുന്ന നാടു കൂടിയാണിത്. ഇഷ്ടപ്പെട്ട രീതിയില്‍ വീടുവെക്കുന്നതിനും വിവാഹം കഴിക്കുന്നതിനും വാഹനം വാങ്ങുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ആരും എതിരല്ല. അത് പൗരന്റെ മൗലികാവകാശവുമാണ്. എന്നാല്‍ അതിനെല്ലാം ഒരതിര്‍ വരമ്പ് വേണ്ടേ. പ്രത്യേകിച്ചും സമൂഹത്തിന് മാതൃകയാകേണ്ടവര്‍.

വിവാഹ ധൂര്‍ത്തിനെതിരായ കാമ്പയിന്‍ ഏറ്റെടുത്ത കേരളത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. മത സംഘടനകള്‍ ഇതിന് പുന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എങ്കിലും വേണ്ടത്ര ഫലവത്തായെന്ന് അവകാശപ്പെടാനാവില്ല. ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ കൂനുകള്‍ പോലെ നാട്ടില്‍ മുളച്ചുപൊന്തുന്ന കാലമാണിത്. ആഢംബര വിവാഹത്തോടൊപ്പം പാവപ്പെട്ട കുടുംബങ്ങളിലെ യുവതികള്‍ക്ക് വിവാഹം നടത്തിക്കൊടുക്കുന്നവരുണ്ട്. ഇക്കാര്യം പരസ്യമായി വെളിപ്പെടുത്താതെ ചെയ്യുന്നവര്‍ ഏറെയുണ്ട് നമ്മുടെ നാട്ടില്‍.

കള്ളപ്പണക്കാരെ പിടികൂടാനാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി പുതിയ നോട്ടുകളിറക്കിയതെന്നാണ് പ്രധാനമന്ത്രി തന്നെ വെളിപ്പെടുത്തിയത്. എന്നാല്‍ വിവാഹത്തിന് ഇത്രയും കോടികള്‍ ചെലവഴിക്കുന്നത് ഏതു പണം ഉപയോഗിച്ചാണെന്നത് സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ അറിയാതെ പോയോ. പ്രതിഷേധമുയര്‍ന്നപ്പോള്‍ ആഴ്ചകള്‍ക്കുശേഷം വിവാഹത്തിന് സ്വന്തം അക്കൗണ്ടില്‍ നിന്ന് രണ്ടര ലക്ഷം രൂപ പിന്‍വലിക്കാമെന്ന ‘ഔദാര്യം’ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനാകട്ടെ രക്ഷിതാക്കളോ വരനോ വധുവോ ക്ഷണ പത്രികകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, മണ്ഡപത്തിന്റെയും പാചകക്കാരുടെയും രസീത് തുടങ്ങിയ നിരവധി തെളിവുകള്‍ ഹാജരാക്കുകയും വേണം. കോടികളുടെ വിവാഹ മാമാങ്കം നടത്തുന്നവര്‍ക്ക് ഇതൊന്നും ബാധകമാവില്ലേ. സ്വര്‍ണത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. വിവാഹിതക്ക് 500 ഗ്രാമും അവിവാഹിതക്ക് 250 ഗ്രാമുമാണ് പരമാവധി കയ്യില്‍ വെക്കാവുന്നത്. എന്നാല്‍ ഇത്തരം ആര്‍ഭാട വിവാഹങ്ങളില്‍ ഇത്രയും സ്വര്‍ണാഭരണങ്ങളാണോ ഉപയോഗിക്കപ്പെടുന്നതെന്ന് ആലോചിക്കണം. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി തന്നെ രാജ്യത്തെ പാര്‍ട്ടി എം.പി മാരോടും എം.എല്‍.എമാരോടും തങ്ങളുടെ നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്താനാവശ്യപ്പെട്ടിരുന്നു. അസാധുവാക്കല്‍ നടപടി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് പശ്ചിമ ബംഗാളില്‍ ബി.ജെ.പി ഒരു കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചതായി വെളിപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. ബീഹാറില്‍ ബി.ജെ.പി നേതാക്കള്‍ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കൂട്ടിയതും അസാധുവാക്കല്‍ നടപടി മുന്‍കൂട്ടിക്കണ്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രിയുടെ കമ്പനി വാഹനത്തില്‍ നിന്ന് കോടിക്കണക്കിന് രൂപ പാതയില്‍ തടഞ്ഞുനിര്‍ത്തി പിടിച്ചതും നാട്ടിലാകെ പാട്ടാണ്. ഈ സന്ദര്‍ഭത്തിലെല്ലാം രാജ്യത്തെ കുഗ്രാമങ്ങളില്‍ പോയിട്ട് ഡല്‍ഹി പോലുള്ള വന്‍ നഗരങ്ങളില്‍ പോലും ജനത നിത്യനിദാന ചെലവിനായി സ്വന്തം പണം പിന്‍വലിക്കാന്‍ ക്യൂ നില്‍ക്കുന്നു. ആഴ്ചയില്‍ 24000 രൂപ മാത്രമാണ് ശമ്പളക്കാരന് പോലും പിന്‍വലിക്കാന്‍ കഴിയുന്നത്. താമസ വാടക, വീട്ടു ചെലവുകളൊക്കെ നിവര്‍ത്തിക്കാന്‍ കഴിയാതെ വെട്ടിലായിരിക്കയാണ് സാധാരണക്കാരും പെന്‍ഷന്‍കാര്‍ പോലും.

വിവാഹങ്ങള്‍ സാമുദായികമായ കര്‍മം മാത്രമാവണമെന്നല്ല പറയുന്നത്. സാമൂഹികമായ കൂടിച്ചേരലുകള്‍ക്ക് അത് ഇടമാകാറുണ്ട്. ഇതിലൂടെ തൊഴിലാളികളടക്കമുള്ള സമൂഹത്തിലേക്ക് പണം വിതരണം ചെയ്യപ്പെടുമെന്ന വാദവുമുണ്ട്. ഇതംഗീകരിച്ചാല്‍ തന്നെ ഗാനമേളകള്‍, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ ആഷ്‌പോഷ് പരിപാടികള്‍ കൊണ്ട് കോടികള്‍ തുലക്കുന്നതെന്തിനാണ്. തെറ്റായ മാതൃകകള്‍ പാവപ്പെട്ടവരും സാധാരണക്കാരും അനുകരിക്കാന്‍ നിര്‍ബന്ധിതമാക്കുമെന്നതാണ് നമ്മുടെ അനുഭവം. അട്ടപ്പാടി, വയനാട് മുതലായ പിന്നാക്ക മേഖലകളില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ശിശു മരണങ്ങള്‍ പതിവായിരിക്കുന്ന കാലമാണിത്. പ്രധാനമന്ത്രി തന്നെ അട്ടപ്പാടിയെ സോമാലിയ എന്നാണ് വിശേഷിപ്പിച്ചത്. ഇവര്‍ക്ക് അത്യാവശ്യത്തിന് ഭക്ഷണം എത്തിക്കുന്നതിനു പകരം സര്‍ക്കാരിലെ ബന്ധപ്പെട്ടവര്‍ ഇത്തരം ആര്‍ഭാട വിവാഹത്തില്‍ പങ്കെടുക്കുന്നത് നല്‍കുന്ന സന്ദേശമെന്താണ്. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു പരിപാടിയില്‍ പൗരന്മാരുടെ സ്വര്‍ണം മുഴുവന്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആഢംബര നികുതിയും വേണ്ടത്ര ഫലം കണ്ടിട്ടില്ല. ഇങ്ങനെ പോയാല്‍ ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ നിയമനിര്‍മാണം തന്നെ വേണ്ടിവന്നേക്കും.