X
    Categories: indiaNews

ആപ്പിള്‍ ചൈനവിട്ട് ഇന്ത്യയിലേക്ക്; ഐഫോണ്‍ നിര്‍മാണം ചെന്നൈയില്‍: പ്രതീക്ഷിക്കുന്നത് വന്‍ വിലക്കുറവ്

ഇന്ത്യയിലെ ഐഫോണ്‍ പ്രേമികളെ മാത്രമല്ല രാജ്യത്തെ സ്മാര്‍ട് ഫോണ്‍ പ്രേമികളെ ഒന്നടങ്കം ആഹ്ലാദഭരിതരാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചരിത്രത്തിലാദ്യമായി തങ്ങളുടെ ഏറ്റവും പുതിയ, പ്രീമിയം ശ്രേണിയിലുള്ള ഹാന്‍ഡ്‌സെറ്റിന്റെ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങിയിരിക്കുകയാണ് ആപ്പിള്‍. ചൈനയിലെ നിര്‍മാണം അവസാനിപ്പിച്ച് ഇന്ത്യയിലെ പ്ലാന്റുകളില്‍ കൂടുതല്‍ മോഡല്‍ ഐഫോണുകള്‍ നിര്‍മിക്കാനാണ് അമേരിക്കന്‍ കമ്പനിയായ ആപ്പിളിന്റെ നീക്കം. ഐഫോണ്‍ 11 മോഡലാണ് ഇപ്പോള്‍ കമ്പനി നിര്‍മിച്ചു തുടങ്ങിയിരിക്കുന്നത്. ഇത് മധ്യനിര സ്മാര്‍ട് ഫോണുകളുടെ വിലയിലും വില്‍പ്പനയിലും വന്‍ മാറ്റം വരുത്തിയേക്കാം. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവുമധികം ആളുകള്‍ വാങ്ങുന്ന ഐഫോണ്‍ മോഡലുകളിലൊന്നാണ് ഐഫോണ്‍ 11.

ആപ്പിളിനായി ഐഫോണുകള്‍ നിര്‍മിച്ചു കൊടുക്കുന്ന ഫോക്‌സ്‌കോണ്‍ കമ്പനിയുടെ ചെന്നൈയിലുള്ള ഫാക്ടറിയിലാണ് ഐഫോണ്‍ 11ന്റെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഐഫോണ്‍ 11ന്റെ വിലയില്‍ കാര്യമായി കുറവു വന്നേക്കാമെന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്. കൃത്യമായി പറഞ്ഞാല്‍ 22 ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്. ആപ്പിള്‍ ഇപ്പോള്‍ നല്‍കുന്ന ഇറക്കുമതി ചുങ്കം 22 ശതമാനമാണ്. ഇതു കുറഞ്ഞേക്കമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ആപ്പിള്‍ ഇതുവരെ ഐഫോണുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിട്ടില്ല. അതിന്റെ ഒരു കാരണമായി പറയുന്നത്, ഇപ്പോഴും ചൈന നിര്‍മിത ഐഫോണ്‍ 11 ഇന്ത്യയില്‍ ലഭ്യമാണ് എന്നതാണ്. എന്നാല്‍, അധികം താമസിയാതെ ഇതിനൊരു മാറ്റം വന്നേക്കാം. ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഐഫോണ്‍ 11 ഹാന്‍ഡ്‌സെറ്റുകള്‍ കടകളില്‍ എത്തിത്തുടങ്ങിയെന്നും വാര്‍ത്തകളുണ്ട്.

Test User: