Connect with us

Culture

ഇന്ന് മലപ്പുറം ചിന്തിക്കുന്നത് നാളെ കേരളവും ഇന്ത്യയും ചിന്തിക്കും

Published

on

 

മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ചരിത്രം യു.ഡി.എഫിന് മുന്നില്‍ വഴിമാറുകയായിരുന്നു. സമീപകാല ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തില്‍ ഇത്രയേറെ സുവ്യക്തവും ആധികാരികവുമായ വിജയം ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. പി.കെ കുഞ്ഞാലിക്കുട്ടി ഒരു പ്രതീകമാവുകയാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും പ്രതീകം. ഇന്ന് മലപ്പുറം ചിന്തിച്ച വഴിയിലൂടെയായിരിക്കും നാളെ കേരളവും ഇന്ത്യയും ചിന്തിക്കുക എന്ന് ഇതിലൂടെ ആവര്‍ത്തിച്ചുറപ്പിക്കുകയാണ്. ഈ ഐതിഹാസിക വിജയത്തിനായി യു.ഡി.എഫിനൊപ്പം അണിനിരന്ന എല്ലാ ജനാധിപത്യ മതേതര വിശ്വാസികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
എന്തുകൊണ്ട് ഇതിനെ ആധികാരിക വിജയം എന്ന് വിശേഷിപ്പിക്കണം എന്ന ചോദ്യത്തിന് പകല്‍ പോലെ തെളിഞ്ഞ മറുപടിയുണ്ട്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 55.03 ശതമാനം നേടിയാണ് പി.കെ കുഞ്ഞാലിക്കുട്ടി വിജയ കിരീടം അണിഞ്ഞത്. ഇന്ത്യയില്‍ തന്നെ അപൂര്‍വമായ ഒരു നേട്ടമാണിത്. 9,36,315 പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 5,15,330 വോട്ടുകളാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കരസ്ഥമാക്കിയത്. എതിര്‍ സ്ഥാനാര്‍ത്ഥി നേടിയതിനേക്കാള്‍ ഏതാണ്ട് 20 ശതമാനം വോട്ട് കൂടുതല്‍. ഇതാദ്യമായി ഒരു സ്ഥാനാര്‍ത്ഥി അഞ്ച് ലക്ഷത്തിലേറെ വോട്ട് കരസ്ഥമാക്കി. ഏഴ് നിയോജക മണ്ഡലങ്ങളില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ വ്യക്തമായ ആധിപത്യം നിലനിര്‍ത്തിക്കൊണ്ടാണ് 1,71,023 വോട്ടിന്റെ ഭൂരിപക്ഷം നേടിയത്. 2014 ലെ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദിന് ലഭിച്ചതിനേക്കാള്‍ നാല് ശതമാനത്തിലധികം വോട്ട് കൂടുതല്‍ നേടാന്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞു. നിയമസഭാ മണ്ഡലങ്ങളിലെ യു.ഡി.എഫ് വോട്ടു വിഹിതവും വര്‍ധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് മാത്രമെ ഈ നേട്ടത്തെ നിര്‍വചിക്കാന്‍ കഴിയൂ.
രണ്ട് ജനവിരുദ്ധ മുന്നണികള്‍ക്കെതിരെയുള്ള ശക്തമായ താക്കീതാണീ വിധിയെഴുത്ത്. വര്‍ഗീയ മത ഫാസിസത്തിന്റെ ചിറകിലേറി സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് നിര്‍ണ്ണായക ശക്തിയാകാമെന്നുള്ള ബി.ജെ.പി- എന്‍. ഡി.എ മുന്നണിയുടെ രാഷ്ട്രീയ വ്യാമോഹത്തെ പിഴുതെറിയാന്‍ മലപ്പുറത്തെ ജനങ്ങള്‍ക്കായി. കഴിഞ്ഞ പത്ത് മാസമായി കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കും അഴിമതിക്കും നിഷ്‌ക്രിയത്വത്തിനുമെതിരായി ജനങ്ങള്‍ നല്‍കിയ മുഖമടച്ചുള്ള അടി കൂടിയായീ ഈ തെരഞ്ഞെടുപ്പ് ഫലം. സംസ്ഥാന ഭരണത്തിന്റെയും കേന്ദ്ര ഭരണത്തിന്റെയും എല്ലാ സന്നാഹങ്ങളും സ്വാധീനങ്ങളും അണിനിരത്തിയിട്ടും അതിനെയെല്ലാം ദുരുപയോഗിച്ചിട്ടും മലപ്പുറത്ത് നിവര്‍ന്നൊന്ന് നില്‍ക്കാന്‍ പോലും ഈ രണ്ട് മുന്നണികള്‍ക്കുമായില്ല. കാരണം മറ്റൊന്നുമല്ല, യു.ഡി.എഫ് തന്നെ മതി എന്ന്, യു.ഡി.എഫ് മാത്രം മതിയെന്ന് പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരുമാനിച്ചു. അതാണ് മലപ്പുറം ഇന്ന് ചിന്തിക്കുന്നത് നാളെ കേരളവും ഇന്ത്യയും ചിന്തിക്കുമെന്ന് തുടക്കത്തിലേ സൂചിപ്പിച്ചത്.
ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ ചേരിക്ക് വലിയ ഊര്‍ജ്ജമാണ് ഈ വിജയം പ്രദാനം ചെയ്യുന്നത്. ദേശീയ തലത്തില്‍ ബി.ജെ.പി സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയ മുന്നേറ്റത്തിന് പി.കെ കുഞ്ഞാലിക്കുട്ടിയെപ്പോലെ കരുത്തനും പരിണിതപ്രജ്ഞനുമായ ഒരു നേതാവിന് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയും.
ബി.ജെ.പി ക്കുണ്ടാകുമെന്ന് പലരും പറഞ്ഞ മുന്നേറ്റത്തെ നിഷ്പ്രഭമാക്കാന്‍ മലപ്പുറത്തെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് സാധിച്ചു. 2014 ലെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ 64705 വോട്ടും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 73447 വോട്ടും നേടിയ ബി.ജെ.പിക്ക് ഇത്തവണ ചില അതിമോഹങ്ങളൊക്കെയുണ്ടായിരുന്നു. അത് വെറും അതിമോഹം മാത്രമാണെന്ന് ജനങ്ങള്‍ മനസിലാക്കിക്കൊടുത്തു. കഴിഞ്ഞ തവണ 7.58 ശതമാനം വോട്ടു നേടിയ ബി.ജെ.പിക്ക് ഇത്തവണ കഷ്ടിച്ച് ഏഴു ശതമാനം വോട്ടു നേടാന്‍ മാത്രമെ കഴിഞ്ഞുള്ളു. വരുന്ന തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ അവസ്ഥ മറ്റൊന്നാവില്ല എന്ന വ്യക്തമായ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത്. കാരണം വര്‍ഗീയ മത ഫാസിസം കേരളത്തിന്റെ മണ്ണില്‍ വോരോടില്ല. അതിനായി ബി.ജെ.പിയും സംഘ്പരിവാറും അടുപ്പത്ത് വച്ചിരിക്കുന്ന വെള്ളം എത്രയും പെട്ടെന്ന് വാങ്ങി വെക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പാണ് മലപ്പുറത്ത് നിന്നും കേട്ടത്.
ഇടതുമുന്നണിക്കും സി.പി.എമ്മിനും മലപ്പുറത്തുണ്ടായ തകര്‍ച്ച കനത്തതും സമ്പൂര്‍ണ്ണവുമായിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ചില നിയമസഭാ മണ്ഡലങ്ങളില്‍ പ്രത്യേകിച്ച് പെരിന്തല്‍മണ്ണ, മങ്കട പോലുള്ള മണ്ഡലങ്ങളില്‍ യു.ഡി.എഫ് ഭൂരിപക്ഷം അല്‍പ്പം കുറക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ അതിനെയെല്ലാം മറികടക്കാന്‍ കഴിഞ്ഞു. മലപ്പുറം ലോക്‌സഭാ നിയോജക മണ്ഡലത്തിന്റെ കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചത്. 4,93275 വോട്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യു.ഡി.എഫിന് ലഭിച്ചതെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ 5,15,330 ആയി അത് വര്‍ധിച്ചു. 22,055 വോട്ടുകളുടെ വര്‍ധന.
പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും കെടുകാര്യസ്ഥതയും ഭരണ സ്തംഭനവും ജനങ്ങള്‍ക്ക് മടുത്തു കഴിഞ്ഞു. സാധാരണഗതിയില്‍ ഒരു സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ ആദ്യത്തെ ഒരു വര്‍ഷമെങ്കിലും വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോവുകയാണ് പതിവ്. എന്നാല്‍ ഇവിടെ പത്ത് മാസം തികയുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ ജനവിരുദ്ധരായി മാറി. മന്ത്രിമാരുടെ രാജി മുതല്‍, ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്റെ അമ്മയെ റോഡിലിട്ട് ചവിട്ടിത്തേക്കുന്നത് വരെ, റേഷന്‍ വിതരണം മുടങ്ങിയത് മുതല്‍ സ്ത്രീ പീഡനങ്ങളും അതിനെതുടര്‍ന്നുണ്ടാകുന്ന കൊലപാതകങ്ങളും വരെ, ഭരണ സ്തംഭനം മുതല്‍ ഉന്നത ഉദ്യേഗസ്ഥര്‍ തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം വരെ, എല്ലാ കാര്യത്തിലും ജനങ്ങളുടെ വെറുപ്പ് മാത്രം സമ്പാദിക്കാനേ ഈ സര്‍ക്കാരിന് കഴിഞ്ഞുള്ളു. അതുകൊണ്ട് തന്നെ വലിയ തോതിലുള്ള ഭരണ വിരുദ്ധ വികാരം ജനങ്ങളുടെ മനസില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതും മലപ്പുറം തെരഞ്ഞെടുപ്പില്‍ നന്നായി പ്രതിഫലിച്ചു.
ഇതിനെല്ലാമുപരി ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നു കൂടിയുണ്ട്. ഒത്തൊരുമയും കൂട്ടായ്മയും. ഒത്തൊരുമയുടെയും, കൂട്ടായ്മയുടെയും വിജയം കൂടിയാണ് മലപ്പുറത്ത് ദൃശ്യമായത്. യു.ഡി.എഫ് ഇത്രയേറെ ഐക്യത്തോടെ ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ടോ എന്ന് സംശയമാണ്. പതിമൂന്ന് ദിവസത്തോളം പ്രചാരണത്തിനായി മലപ്പുറത്തുണ്ടായിരുന്നു. 280 ഓളം യോഗങ്ങളില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുസ്‌ലിംലീഗ് പ്രവര്‍ത്തകരും ഒരേ മനസോടെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. നിരവധി കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. അതില്‍ സംബന്ധിച്ചവരുടെ ഉല്‍സാഹവും ആവേശവും സമ്മാനിച്ച ആത്മവിശ്വാസം ചെറുതല്ല. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ എത്ര സ്‌നേഹത്തോടെയും ആഹ്ലാദത്തോടെയുമാണ് ഓരോ സ്ഥലങ്ങളിലേക്കും കൊണ്ടു പോയിരുന്നത്. മുസ്‌ലിംലീഗ്- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോളോട് തോള്‍ ചേര്‍ന്ന്, പ്രാദേശികമായ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അവയെല്ലാം മാറ്റിവച്ച് ഒറ്റെക്കെട്ടായി മുന്നോട്ട് പോയി. അതിന്റെ ഫലം കൂടിയാണ് ഈ ഐതിഹാസിക വിജയം. ഒമ്പത് വര്‍ഷം കെ.പി. സി.സി പ്രസിഡന്റായിരുന്നയാളാണ്. ഇതാദ്യമായാണ് ഇത്ര ആഴമേറിയ യോജിപ്പും ഒത്തൊരുമയും അനുഭവിക്കുന്നത്. ശരിക്കും മാതൃകാപരമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ കാഴ്ചവച്ചത്. ഈ വിജയത്തിന്റെ യഥാര്‍ത്ഥ ശില്‍പികളായ അവരെ മനസ് തുറന്ന് അഭിനന്ദിക്കുന്നു.
ഈ വിജയം വലിയ ഉത്തരവാദിത്വങ്ങളാണ് നമ്മെ എല്‍പ്പിച്ചിരിക്കുന്നത്. ബി.ജെ.പി സംഘ്പരിവാര്‍ ശക്തികള്‍ മുന്നോട്ട്‌വെക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിനെ ചെറുക്കുന്നതിനും അതിനെ തുടച്ച് നീക്കുന്നതിനുമുള്ള പുതിയ ഊര്‍ജ്ജവും കരുത്തും പ്രദാനം ചെയ്യാന്‍ ഈ വിജയത്തിന് കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്തുവില കൊടുത്തും ഈ വിജയത്തിന്റെ സ്പിരിറ്റ് നിലനിര്‍ത്തണം. കേരളത്തില്‍ വേരോടാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ കൈ മെയ് മറന്ന് ചെറുക്കണം. അതോടൊപ്പം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ ഇനിയും ശക്തപ്പെടുത്തേണ്ടതുണ്ട്. ഈ ഉത്തരവാദിത്വങ്ങള്‍ അതര്‍ഹിക്കുന്ന ഗൗരവത്തോടെയും ആത്മാര്‍ത്ഥതയോടെയും നിര്‍വഹിക്കുമെന്ന് ഈ ഐതിഹാസിക വിജയത്തെ മുന്‍ നിര്‍ത്തി നമുക്ക് പ്രതിജ്ഞയെടുക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending