ചെന്നൈ: ജയലളിതയുടെ ഉറ്റതോഴിയും പാര്‍ട്ടി ജനറല്‍സെക്രട്ടറിയുമായ വി.കെ ശശികലയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനെയും എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കി. മണ്ണാര്‍കുടി സംഘത്തെ ഒന്നാകെ ഒഴിവാക്കി പാര്‍ട്ടിയില്‍ ഐക്യം പുസ്ഥാപിക്കാന്‍ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനിച്ചത്. പാര്‍ട്ടിയിലെ ഒന്നരകോടി പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു. ശശികലയെയും ബന്ധുക്കളെയും പാര്‍ട്ടിയുടെ ഒരു കാര്യത്തിലും ഇടപെടാന്‍ അനുവദിക്കേണ്ടെന്നാണ് പാര്‍ട്ടി നിലപാടെന്ന് ജയകുമാര്‍ വ്യക്തമാക്കി. എംജിആറും ജയലളിതയും കാണിച്ച വഴി പിന്തുടരുമെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒ.പനീര്‍ശെല്‍വത്തെ കൂട്ടുപിടിച്ച് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇന്നലെ ഇരുവിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഐഎന്‍എസ് ചെന്നൈ കപ്പലില്‍ ഒപിഎസ്-ഇപിഎസ് ലയനം സംബന്ധിച്ചാണ് ചര്‍ച്ച ചെയ്തത്. ഇരുവിഭാഗങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായാണ് വിവരം.
ലയന സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ ശശികലയും കുടുംബവും പാര്‍ട്ടിക്കുള്ളില്‍ ഇടപെടല്‍ നടത്തുന്ന കാലത്തോളം അതിനു സാധ്യതയില്ലെന്നാണ് ഒ.പനീര്‍ശെല്‍വം പറഞ്ഞത്. അദ്ദേഹം കടുത്ത നിലപാടെടുത്തതോടെ വൈകിട്ട് പളനിസ്വാമിയുടെ വീട്ടില്‍ അടിയന്തര യോഗം ചേര്‍ന്ന് നിര്‍ണായക തീരുമാനമെടുക്കുകയായിരുന്നു. അതേസമയം ലയനചര്‍ച്ച നടക്കുന്നതിനിടെ മറുതന്ത്രവുമായി ശശികല വിഭാഗവും രംഗത്തുവന്നിരുന്നു. പനീര്‍ശെല്‍വത്തിന് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്താണ് പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചത്.