X
    Categories: Culture

ഉപ്പയോട് കാണിച്ചത് ക്രൂരത

ഇ.അഹമ്മദിന്റെ മക്കളായ റയീസ് അഹമ്മദ്, ഡോ.ഫൗസിയ ഷര്‍സാദ്, നസീര്‍ അഹമ്മദ് എന്നിവര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

കണ്ണൂര്‍: ” ശബ്ദമായിരുന്നു ഉപ്പാന്റെ ശക്തി. പക്ഷേ, എന്താ സംഭവിച്ചത്. പാര്‍ലമെന്റില്‍ കുഴഞ്ഞു വീണപ്പോള്‍ ആ ശബ്ദം നിലച്ചു. അത് കൊണ്ടാണല്ലോ അവര്‍ ഇങ്ങനെയൊക്കെ ചെയ്തത്…” മുന്‍ കേന്ദ്ര മന്ത്രിയും എം.പിയും മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ. അഹമ്മദിനോട് ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആസ്പത്രി അധികൃതര്‍ കാണിച്ച അനീതിക്കെതിരെ പ്രതികരിക്കുമ്പോള്‍ ഡോ.ഫൗസിയ ഷര്‍സാദിന്റെ കണ്ഠമിടറി. ഇടയ്ക്ക് വാക്കുകള്‍ മുറിഞ്ഞു. കൂടെയുണ്ടായിരുന്ന മക്കളായ നസീര്‍ അഹമ്മദിന്റെയും റയീസ് അഹമ്മദിന്റെയും മിഴികള്‍ നിറഞ്ഞു.

ഇ.അഹമ്മദിന് നീതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഇതാദ്യമായാണ് മക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. വൈദ്യശാസ്ത്രത്തില്‍ താന്‍ പഠിച്ച അറിവുകള്‍ വെച്ചും റാംമനോഹര്‍ ലോഹ്യ ആസ്പത്രിയിലെ അനുഭവങ്ങള്‍ പങ്കുവെച്ചും സംസാരിച്ചത് ഫൗസിയയായിരുന്നു. ”ഉപ്പാനോട് ആസ്പത്രി അധികൃര്‍ കാണിച്ചത് ക്രൂരതയാണ്. ആതുര സേവന രംഗത്തെ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് ഒട്ടും നിരക്കാത്ത പ്രവൃത്തി. ഇന്ത്യയിലെ എല്ലാ ആരോഗ്യ വിദഗ്ധരും നാണിക്കണം. ദു:ഖം കൊണ്ട് മാത്രമല്ല ഇതു പറയുന്നത്.

ഞാനും വൈദ്യശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. അന്യായവും അനീതിയും കണ്ടാല്‍ ശബ്ദമുയര്‍ത്തണമെന്നാണ് ഉപ്പ പഠിപ്പിച്ചത്. ഹൃദയ സ്തംഭനം നിലച്ച ഒരാളുടെ ദേഹത്ത് ഘടിപ്പിക്കുന്ന ഉപകരണമാണ് ഉപ്പാന്റെ ദേഹത്ത് മരിച്ചശേഷം മണിക്കൂറുകളോളം ഘടിപ്പിച്ചത്. ഉപകരണം എന്തിനാണ് വച്ചതെന്ന് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി തന്നില്ല. ആസ്പത്രി അധികൃതരുടെ നടപടികള്‍ സംശയം ജനിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഉപ്പ രക്ഷപ്പെടുമെന്ന് തന്നെയായിരുന്നു വിശ്വാസം. അതിനായി പുറത്തിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു ഞങ്ങള്‍. ജനങ്ങള്‍ക്കും നീതിക്കും വേണ്ടിയാണ് ഉപ്പ എന്നും നിലകൊണ്ടത്.

എന്നാല്‍ അദ്ദേഹത്തിന് അത് നിഷേധിക്കപ്പെടുകയായിരുന്നു”- ഫൗസിയ പറഞ്ഞു. ”ആര്‍ക്കെങ്കിലുമെതിരെ അനീതിയോ അന്യായമോ കണ്ടാല്‍ ശബ്ദമുയര്‍ത്തുന്നയാളായിരുന്നു ഞങ്ങളുടെ ഉപ്പ. കഴിഞ്ഞ ദിവസം വരെ ഞാന്‍ ഉറങ്ങിയില്ല. ഉപ്പാക്ക് സംഭവിച്ചത് എന്താണെന്ന് ലോകം അറിയണമെന്ന തോന്നലായിരുന്നു എന്റെയുള്ളില്‍. വേറെ ഒരാള്‍ക്കും ഇങ്ങിനെ സംഭവിക്കരുതെന്ന പ്രാര്‍ത്ഥനയും. ഉപ്പാക്ക് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് ആസ്പത്രി അധികൃതര്‍ വിശദീകരണം നല്‍കണമെന്നും” ഫൗസിയ ആവശ്യപ്പെട്ടു.

chandrika: