Connect with us

Video Stories

കക്ഷിരാഷ്ട്രീയം വെടിഞ്ഞ് രാജ്യത്തെ കാക്കുക

Published

on

ഇന്ത്യന്‍ സൈന്യം സെപ്തംബര്‍ 29ന് നടത്തിയ അതിര്‍ത്തി കടന്നുള്ള ‘സര്‍ജിക്കല്‍ സ്‌ട്രൈക്കി’നുശേഷം പാക്കിസ്താന്റെ ഭാഗത്തുനിന്ന് ഭീകരരിലൂടെ ഇതാ മറ്റൊരു ആക്രമണം കൂടി രാജ്യത്തിന് നേരിടേണ്ടി വന്നിരിക്കുന്നു. തുടര്‍ച്ചയായ സൈനിക ആക്രമണങ്ങളിലൂടെ രാജ്യം അരക്ഷിതാവസ്ഥക്ക് സമാനമായ അവസ്ഥയിലാണിപ്പോള്‍. പ്രത്യേകിച്ചും അതിര്‍ത്തി സംസ്ഥാനമായ ജമ്മു കശ്മീര്‍. ദേശ സ്‌നേഹവും രാജ്യസുരക്ഷയും തങ്ങളുടെ കുത്തകയാണെന്ന് അവകാശപ്പെടുകയും ഭരണത്തെ പിന്തുണക്കാത്തവരെല്ലാം രാജ്യ ദ്രോഹികളെന്ന് മുദ്ര കുത്തുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് രാജ്യം തുടരെത്തുടരെ ആക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നതെന്നത് വലിയ ഗൗരവമര്‍ഹിക്കുന്ന വിഷയമാണ്. പ്രതിപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാളിലെ സൈനിക സാന്നിധ്യം കൂടിയാകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തീക്കൊള്ളി കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്നു വേണം അനുമാനിക്കാന്‍. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്ര ശ്രമമെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറയുന്നത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ് മമത. കേന്ദ്ര നീക്കത്തില്‍ ഏറെ ദുരൂഹതകളുണ്ട്.

നവംബര്‍ 29ന് പുലര്‍ച്ചെ ജമ്മു അതിര്‍ത്തിയില്‍ നിന്ന് 15 കിലോ മീറ്റര്‍ അകലെയുള്ള നഗ്രോട്ട സൈനിക കേന്ദ്രത്തിലാണ് പാക് ഭീകരര്‍ സൈനിക വേഷം ധരിച്ചെത്തി രണ്ട് ഓഫീസര്‍മാരുള്‍പ്പെടെ ഏഴു പേരെ വകവരുത്തിയത്. പാക്കിസ്താന്റെ ഭാഗത്തു നിന്നുള്ള സൈനിക കേന്ദ്രത്തിലേക്കുള്ള ഈ വര്‍ഷത്തെ മൂന്നാമത്തെ ആക്രമണമാണിത്. ഈ വര്‍ഷം പുതു വര്‍ഷ ദിനത്തിലാണ് പഞ്ചാബിലെ പത്താന്‍കോട്ട് സൈനിക കേന്ദ്രത്തില്‍ പാക് ഭീകരര്‍ ആക്രമണം നടത്തി ഇത്രയും തന്നെ സൈനികരെ കൊലപ്പെടുത്തിയത്. ശേഷം സെപ്തംബര്‍ 18ന് പാക് അതിര്‍ത്തിയിലെ ഉറി സൈനിക കേന്ദ്രത്തില്‍ 19 സൈനികര്‍ വധിക്കപ്പെട്ടു. സൈനികര്‍ ഡ്യൂട്ടി മാറുന്ന സമയത്താണ് മൂന്ന് ആക്രമണവും നടന്നിട്ടുള്ളത്.

ജമ്മു അതിര്‍ത്തിയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് നഗ്രോട്ട. നിരവധി സൈനിക പരിശോധനകള്‍ കഴിഞ്ഞ് മാത്രമേ സൈനികനല്ലാത്ത ഒരാള്‍ക്ക് ഇവിടുത്തെ സൈനിക കേന്ദ്രത്തിലേക്ക് പ്രവേശിക്കാനാകൂ എന്നിരിക്കെയാണ് രണ്ടു ഭീകരര്‍ സൈനിക കേന്ദ്രത്തിലെ മെസ് കെട്ടിടത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയത്. രണ്ടു പേരെയും വധിച്ചെങ്കിലും സൈനിക ഓഫീസര്‍മാരുടെ കുടുംബാംഗങ്ങളെ ബന്ദികളാക്കുന്നതടക്കമുള്ള നീക്കത്തെ തടയിടാനായത് രണ്ടു സ്ത്രീകളുടെ സമയത്തുള്ള ഇടപെടല്‍ മൂലമായിരുന്നു. അല്ലെങ്കില്‍ അവര്‍ പോലും കൊല്ലപ്പെടുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതിര്‍ത്തിയില്‍ മാത്രമാണ് ഇരു രാജ്യങ്ങളും തമ്മില്‍ പോരാട്ടം നടത്തുന്നതെന്ന ധാരണകളെ കടത്തിവെട്ടുന്ന വിധമുള്ള സംഭവങ്ങളാണിപ്പോള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നത്.

രാജ്യത്ത് ഈ വര്‍ഷം ഇതുവരെയായി എണ്‍പതിലധികം സൈനികര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. രണ്ടു വര്‍ഷത്തിനിടെ മാത്രമുള്ള സൈനികരുടെ നഷ്ടം ഇരുന്നൂറോളമാണ്. ‘നഗ്രോട്ട’യുടെ ദിവസം തന്നെ രണ്ടു സൈനികര്‍ ബംഗാളില്‍ സൈനിക കോപ്റ്റര്‍ തകര്‍ന്നും രക്തസാക്ഷികളാകുകയുണ്ടായി. ജൂലൈയില്‍ ഹിസ്ബ് കമാണ്ടര്‍ ബുര്‍ഹാന്‍ വാനി സൈന്യത്തിന്റെ വെടിയേറ്റു മരിച്ചതിനുശേഷം ആഭ്യന്തരമായും അന്തര്‍ദേശീയമായുമുള്ള ഇരുതല ആക്രമണമാണ് രാജ്യത്തിന് നേരിടേണ്ടിവരുന്നത്. ഉറി ആക്രമണം രാജ്യത്തിനാകെയും കേന്ദ്ര സര്‍ക്കാരിനും ഏല്‍പിച്ച അഭിമാന ക്ഷതം ചെറുതായിരുന്നില്ല. ഇതിനുശേഷമായിരുന്നു കൊട്ടിഘോഷിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്ക്്. ഇതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരോ സൈന്യമോ പൂര്‍ണമായി പുറത്തുവിട്ടില്ലെങ്കിലും ബി.ജെ.പി സര്‍ക്കാരിലെ മന്ത്രിമാരും നേതാക്കളും വീരവാദം പറഞ്ഞു നടക്കുകയായിരുന്നു നാട്ടിലാകെ. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളുമൊക്കെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ന്യായീകരിച്ചത് ഉന്നതമായ ദേശീയബോധം കൊണ്ടായിരുന്നു. പാക്കിസ്താന്‍ ഭരിക്കുന്നത് ജനാധിപത്യ സര്‍ക്കാരല്ലെന്നും സൈന്യത്തിന്റെ കയ്യിലാണ് ആ രാജ്യമെന്നും അറിയാതെ വീരസ്യം പറഞ്ഞു നടക്കാതെ വേണ്ട മുന്‍കരുതലെടുത്തിരുന്നെങ്കില്‍ രാജ്യം വീണ്ടുമൊരു നാണക്കേടിലകപ്പെടില്ലായിരുന്നു.

പത്താന്‍കോട്ട് ആക്രമണത്തിനുശേഷം ഉന്നത സൈനിക മേധാവികള്‍ ചേര്‍ന്ന് തയ്യാറാക്കിയ പരിഹാര നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പ്രതിരോധ വകുപ്പിലെ ഉന്നതര്‍ കൂട്ടാക്കിയില്ലെന്നു കൂടിയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പുതുതായി നിയമിച്ച കേണല്‍ ജാവേദ്ബാജ്‌വ പാക് അധീനകശ്മീരിലും മറ്റും ഇന്ത്യയുമായി ഏറെ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ്. ഇതു കണക്കിലെടുക്കുമ്പോള്‍ ബാജ്‌വ സ്ഥാനമേറ്റെടുത്തയുടന്‍ നടന്ന നഗ്രോട്ട ആക്രമണം പാക് സൈന്യത്തിന്റെ വീര്യമുയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതിനേക്കാളുപരി, സംഘ്പരിവാര്‍ വീരവാദങ്ങളുടെ പൊള്ളത്തരം വെളിച്ചത്താക്കുന്നതുകൂടിയായിപ്പോയി. പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ പോലും നഗ്രോട്ട സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല എന്നോര്‍ക്കണം. പാക്കിസ്താനുമായി ഇന്ത്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് 2003ലെ പാര്‍ലമെന്റ് ആക്രമണത്തെതുടര്‍ന്നാണ്. ഇതിനുശേഷം മുന്‍ പ്രധാനമന്ത്രിമാരായ വാജ്‌പേയിയും ജനറല്‍ മുഷറഫും തമ്മില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതടക്കമുള്ള സമാധാന നടപടികള്‍ കൈക്കൊള്ളുകയുണ്ടായി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങും ആ പാതയിലൂടെ തന്നെയാണ് ചലിച്ചതെങ്കിലും 2008ല്‍ മുംബൈ താജ്‌ഹോട്ടല്‍ ആക്രമണം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. ഒരുവസരത്തില്‍ മോദി തന്നെ നവാസ് ശരീഫിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ യാഥാര്‍ഥ്യം ഇതൊന്നുമായിരുന്നില്ലെന്നാണിപ്പോള്‍ വ്യക്തമാകുന്നത്. ഇന്ത്യയെ കശ്മീര്‍ വിഷയം ഉയര്‍ത്തി കുരുക്കിലാക്കുക എന്ന തന്ത്രമാണ് പാക്കിസ്താന്‍ നടപ്പിലാക്കുന്നത്. രാജ്യത്തെ വിഭജിക്കാന്‍ നാം ഒരുക്കമല്ല എന്നിരിക്കെ വെടിയൊച്ചകള്‍ക്കും കൂട്ടക്കൊലകള്‍ക്കുമപ്പുറം സമാധാന-ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കുകയാണ് പോംവഴി. പാക്കിസ്താനെ പ്രശംസിച്ചുകൊണ്ടുള്ള നിയുക്ത യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന പുതിയ ചൂണ്ടുപലകയാണ്. ഇടുങ്ങിയ കക്ഷിരാഷ്ട്രീയം കൊണ്ട് രാജ്യത്തെയും ജനതയെയും സംരക്ഷിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിയുകയാണ് കരണീയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending