X

ജനങ്ങളുടെ നിക്ഷേപത്തിന് ആര് സുരക്ഷ നല്‍കും

ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പാണ് ഇപ്പോള്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ബാങ്ക് നിക്ഷേപത്തില്‍ നിന്ന് പൊടുന്നനെ പണം നഷ്ടപ്പെടുന്ന വാര്‍ത്തകളാണ് രാജ്യം മുഴുവന്‍. സുരക്ഷിതമായിരിക്കുന്നുവെന്നുകരുതിയ നിക്ഷേപം ഒരു സു(?)പ്രഭാതത്തില്‍ പിന്‍വലിച്ചതായി ബാങ്കില്‍ നിന്ന് സന്ദേശം വരുന്നത് ഏതൊരാളെയും അമ്പരിപ്പിക്കുന്നതാണ്. ഇതിനകം സാധാരണക്കാരുടെ സമ്പാദ്യമായ 1.30 കോടി രൂപയുടെ തട്ടിപ്പാണ് ഈ മേഖലയില്‍ നടന്നിട്ടുള്ളതെന്നാണ് വിവരം. പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ കാര്‍ഡുകളില്‍ നിന്നാണ് പണം നഷ്ടമായിട്ടുള്ളത്. ഇതില്‍ യെസ് ബാങ്കും അവരുടെ എ.ടി.എം നിയന്ത്രിക്കുന്ന ഹിറ്റാച്ചിയുമാണ് ആദ്യഘട്ടത്തില്‍ സംശയനിഴലിലുള്ളത്.

ദേശീയ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.എ) യുടെ കണക്കുപ്രകാരം ഇതിനകം രാജ്യത്തെ 32 ലക്ഷം എ.ടി.എം ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തുകഴിഞ്ഞു. ലണ്ടനില്‍ നിന്നും ചൈനയില്‍ നിന്നും അമേരിക്കയില്‍ നിന്നും വരെ പണം പിന്‍വലിക്കപ്പെട്ടതായാണ് വിവരം. 69.72 കോടി എ.ടി.എം ഡെബിറ്റ് കാര്‍ഡുകളാണ് രാജ്യത്താകെയായി വിതരണം ചെയ്തിട്ടുള്ളത്. മാസ്റ്റര്‍ കാര്‍ഡ്, വിസ, റൂപേ എന്നിവയുടെ കാര്‍ഡുകളാണിവ. രാജ്യത്തെ ഏറ്റവും വലിയ ദേശസാല്‍കൃതബാങ്കായ സ്റ്റേറ്റ് ബാങ്കിനാണ് ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യേണ്ടിവന്നിരിക്കുന്നത്-6.2 ലക്ഷം .ഒരു അക്കൗണ്ടില്‍ നിന്നുമാത്രം 12 ലക്ഷം രൂപ ഇവര്‍ക്ക് നഷ്ടമായി. ഇതിനകം 641 പരാതികള്‍ ലഭിച്ചതായി എന്‍.പി.സി.എ പറയുന്നു.

ഇതേതുടര്‍ന്ന് രാജ്യത്തെ കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കള്‍ അങ്കലാപ്പിലായിരിക്കുകയാണ്. തങ്ങളുടെ സമ്പാദ്യത്തിന്റെ ഫലം പണമായി സ്വയം സൂക്ഷിക്കാനാവാതെയാണ് ആളുകളത് ബാങ്കുകളെ ഏല്‍പിക്കുന്നത്. സാധാരണക്കാരും പാവപ്പെട്ടവരും വരെ ഇപ്പോള്‍ ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിന് തയ്യാറായി മുന്നോട്ടുവരുന്ന കാലവുമാണ്. പ്രധാനമന്ത്രി ജന്‍ധന്‍ യോജന പ്രകാരവും 22 കോടി ഉപഭോക്താക്കളാണ് വിവിധ ബാങ്കുകളിലായി തങ്ങളുടെ അധ്വാനത്തിന്റെ ഒരു ഓഹരി നിക്ഷേപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നടക്കം നിത്യേന തട്ടിപ്പിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഒരേ അക്കൗണ്ടില്‍ നിന്നുതന്നെ പല തവണ പണം നഷ്ടപ്പെട്ട സംഭവവും ഉണ്ടാകുന്നുണ്ട്.

ഇന്റര്‍നെറ്റ് പോലുള്ള ആത്യാധുനിക സാങ്കേതിക വിദ്യകള്‍ ജനത്തിന് ഉപയോഗത്തേക്കാളേറെ ഉപദ്രവമാകുന്നുണ്ടോ എന്ന ചിന്തയിലേക്കാണ് ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ വെളിച്ചം വീശുന്നത്. ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിനും പണം നിക്ഷേപിക്കുന്നതിനും ആവശ്യമായ വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്ന വ്യവസ്ഥ സുരക്ഷിതത്തിനാണെന്നാണ് ഇതുവരെയും കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ ബാങ്കുകളുടെ പക്കല്‍നിന്ന് നഷ്ടപ്പെടുന്നുവെന്നാണ് തട്ടിപ്പിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുമ്പോള്‍ മനസ്സിലാകുന്നത്.

വിലപ്പെട്ട ഏറെ സമയം ലാഭിക്കാമെന്നതിനാലാണ് എ.ടി.എം സംവിധാനം ബാങ്കുകള്‍ക്കെന്നപോലെ ഉപഭോക്താക്കള്‍ക്കും സ്വീകാര്യമായത്. നിക്ഷേപ സുരക്ഷിതത്വത്തിനായി കാര്‍ഡുടമകള്‍ ഇടക്കിടെ പിന്‍നമ്പര്‍ മാറ്റാനാണ് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ രണ്ടുമാസത്തിനിടെ പത്തുതവണ പിന്‍നമ്പര്‍ മാറ്റിയവര്‍ക്കും പണം നഷ്ടപ്പെട്ടതിന്റെ കാരണം എന്തായിരിക്കും. പലപ്പോഴും എ.ടി.എം യന്ത്രത്തെ കുറ്റപ്പെടുത്തി പണം തിരികെ നല്‍കാതിരിക്കുന്ന പ്രവണതയും ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. കഴിഞ്ഞ ഓഗസ്്റ്റില്‍ കൊച്ചിയിലും തിരുവനന്തപുരത്തും മുംബൈയിലും വരെ എ.ടി.എം മെഷീനുകളില്‍ കൃത്രിമം കാട്ടി പണം പിന്‍വലിച്ചിരുന്നു. ഇതിലെ പ്രതികള്‍ രാജ്യത്തിനുപുറത്തേക്കുവരെ നീണ്ട പശ്ചാത്തലത്തിലാണ് പുതിയ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ വരുന്നത്. എ.ടി.എം സംവിധാനം വ്യാപമാകുന്ന ആദ്യകാലത്ത് പിന്‍ നമ്പര്‍ ചോര്‍ത്തി പണം തട്ടുന്ന രീതിയാണെങ്കില്‍ ഇന്ന് കാമറ സ്ഥാപിച്ച് നമ്പര്‍ ശേഖരിച്ചും കുറെ കൂടി കടന്ന് ഓണ്‍ലൈന്‍ വഴിയും പണം തട്ടുന്ന രീതിയാണുണ്ടായിട്ടുള്ളത്. 2012 മുതല്‍ക്കാണ് ഇത്തരം തട്ടിപ്പുകള്‍ കൂടി വരുന്നത്. 2014ല്‍ പതിനായിരത്തോളം പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ മേയ്ക്കും സെപ്തംബറിനുമിടയില്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നതായാണ് ഔദ്യോഗികവിവരം. രാജ്യത്തെ എഴുപതുശതമാനം എ.ടി.എമ്മുകളും കാലഹരണപ്പെട്ട യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് വിന്‍ഡോസ് എക്‌സ്.പി പിന്‍വലിച്ചെങ്കിലും അത്തരം കമ്പ്യൂട്ടറുകളാണ് ഇപ്പോഴും പല ബാങ്കുകളും ഉപയോഗിക്കുന്നതത്രെ.

പുതുതലമുറ ബാങ്കുകളുടെ വരവുതന്നെ ഏറെ വിവാദത്തോടെയായിരുന്നുവെന്ന കാര്യം ഓര്‍ക്കണം. രാജ്യത്തെ ജനങ്ങളുടെ നിക്ഷേപം കുത്തക മുതലാളിമാരുടെ കൈകളിലേക്ക് പോകുന്നുവെന്ന ആക്ഷേപമാണ് പൊതുവെ സ്വകാര്യബാങ്കുകളെക്കുറിച്ചുള്ളത്. ഇതു ശരിവെക്കുന്ന തരത്തിലുള്ള സംശയങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. രാജ്യത്തെ ബാങ്കുകളുടെ നിയന്താവായ റിസര്‍വ് ബാങ്ക് ബാങ്കുകളെയാണ് ഇന്നത്തെ തട്ടിപ്പിന് കാരണമായി കുറ്റപ്പെടുത്തുന്നത്. ഉപഭോക്താക്കള്‍ നല്‍കുന്ന ആധാര്‍ അടക്കമുള്ള വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ട്. വിവരങ്ങള്‍ എവിടെനിന്നാണ് നഷ്ടപ്പെടുന്നതെന്ന് കണ്ടെത്തിയാല്‍ മാത്രമേ പരിഹാരം കണ്ടെത്താനാകൂ. ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ട പണം പത്ത് പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ അതേ അക്കൗണ്ടില്‍ നിക്ഷേപിച്ചുനല്‍കണമെന്നാണ് ആര്‍.ബി.ഐയുടെ വ്യവസ്ഥ. ഇതനുസരിച്ച് തിരുവനന്തപുരത്തും മറ്റും പണം നഷ്ടപ്പെട്ടവര്‍ക്ക് അവ നല്‍കിയെങ്കിലും തട്ടിപ്പുനടന്ന എ.ടി.എം മെഷീനുകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വിവരങ്ങളാണ് പുതിയ തട്ടിപ്പിനും പിന്നിലെന്നാണ് സൂചനകള്‍. അതുകൊണ്ടാണ് തട്ടിപ്പിനിരയായ എ.ടി.എം ഉപയോഗിച്ച ഉപഭോക്താക്കളുടെ കാര്‍ഡുകള്‍ ഇപ്പോള്‍ ബ്ലോക്ക് ചെയ്തിട്ടുള്ളത്.

എ.ടി.എമ്മുകളേക്കാള്‍ മാളുകളിലും കടകളിലും സൈ്വപ്പ് ചെയ്തുനല്‍കുന്ന അക്കൗണ്ടുകള്‍ വഴിയും വിവരം ചോര്‍ന്നിരിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ പരിഭ്രാന്തരാണ്. ഭയപ്പെടാനൊന്നുമില്ലെന്നു ബാങ്കുകള്‍ പറയുമ്പോഴും സുരക്ഷാ വിദഗ്ധര്‍ പറയുന്നത് ഉപഭോക്താക്കള്‍ തന്നെ ജാഗ്രത കാട്ടണമെന്നാണ്. മൂന്നുമാസത്തിലോ ആറുമാസം കൂടുമ്പോഴോ പിന്‍ നമ്പര്‍ മാറ്റുകയാണ് സുരക്ഷിതമായ രീതി. പലരും പിന്‍ നമ്പര്‍ എഴുതി സൂക്ഷിക്കുന്നതും പതിവാണ്. ഇതും ശരിയായ രീതിയല്ല. രണ്ടോ മൂന്നോ കാര്‍ഡുകള്‍ ഉപയോഗിക്കുകയും പണം കുറച്ചുസൂക്ഷിച്ചിട്ടുള്ള അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കണമെന്നുമാണ് മറ്റൊരു ഉപദേശം. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം വിദ്യകള്‍ പ്രായോഗികമല്ലെന്ന് വിദഗ്ധര്‍ ഓര്‍ക്കുന്നില്ല. ഉപഭോക്താക്കളുടേതല്ലാത്ത ഈ കുറ്റത്തിന് റിസര്‍വ് ബാങ്കും അതാത് ബാങ്കുകളും പൊലീസും കേന്ദ്രസര്‍ക്കാറും സമഗ്രമായ അന്വേഷണം നടത്തി വിവരച്ചോര്‍ച്ച അടയ്ക്കാനും തട്ടിപ്പിന് പരിഹാരം കാണാനും സമയം അതിക്രമിച്ചിരിക്കയാണ്. സാങ്കേതിക വിദ്യയെക്കുറിച്ച് അഭിമാനം കൊള്ളുന്ന രാജ്യത്തിന് ഇത് തീര്‍ത്തും നാണക്കേടാണ്.

chandrika: