X

തൂവെള്ളക്കടലായി അറഫ

മക്ക: നമിറ മസ്ജിദില്‍നിന്ന് തല്‍ബിയത്തിന്റെ മാസ്മരിക ശബ്ദം ഒഴുകിക്കൊണ്ടിരുന്നു. വെയിലൊഴുകുന്ന അറഫയുടെ കുന്നിന്‍ ചെരിവ് ഉച്ചയോടെ തൂവെള്ളക്കടലായി മാറി. പാപമോചനത്തിന്റെ തേട്ടവും കലങ്ങിയ കണ്ണുകളുമായി 15 ലക്ഷത്തിലധികം ഹാജിമാര്‍ അറഫയില്‍ സംഗമിച്ചു. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്ന ഇടതവടവില്ലാത്ത മധുരഗീതം കൊണ്ട് താഴ്‌വരയാകെ മുഖരിതമായി. മധ്യാഹ്ന നിസ്‌കാരത്തിനു ശേഷം പ്രവാചകന്റെ ചരിത്ര പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് ഹറംകാര്യ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് അറഫ ഖുതുബ നിര്‍വഹിച്ചു.

ലോക മുസ്്‌ലിംകള്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പേരില്‍ ഐക്യപ്പെടണമെന്നും നന്മയുടെ മാര്‍ഗത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 18 ലക്ഷം തീര്‍ത്ഥാടകര്‍ ആണ് ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങളില്‍ ഒന്നായ അറഫാമൈതാനിയിലെ മാനവമഹാ സമ്മേളനത്തില്‍ സംഗമിച്ചത്. ത്യാഗസ്മരണയില്‍ ഹാജിമാര്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും. കേരളത്തിലും ഗള്‍ഫ് രാഷ്ട്രങ്ങളിലും നാളെയാണ് ബലിപെരുന്നാള്‍ ആഘോഷം.

Web Desk: