X
    Categories: MoreViews

പശ്ചിമേഷ്യന്‍ സമാധാനത്തിന് മുഖ്യതടസ്സം ഇസ്രാഈല്‍ നടപടികളെന്ന് യു.എന്‍

 

റാമല്ല: പശ്ചിമേഷ്യന്‍ സമാധാനത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമുള്ള പ്രധാന തടസ്സം ഇസ്രാഈലിന്റെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. റാമല്ലയില്‍ ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലയുമായി ചര്‍ച്ച നടത്തിയ അദ്ദേഹം ഇസ്രാഈലിനെതിരെ ആഞ്ഞടിച്ചു. ദ്വിരാഷ്ട്ര പരിഹാരം, ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിക്കല്‍, ഫലസ്തീനികളുടെ ദുരിതത്തിന് അറുതിവരുത്താന്‍ സാഹചര്യമൊരുക്കല്‍ എന്നിവയാണ് സമാധാനം ഉറപ്പാക്കാനുള്ള ഏക പോംവഴിയെന്ന് ഗുട്ടെറസ് പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരത്തിന് പകരംവെക്കാവുന്ന മറ്റൊരു പദ്ധതി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെസ്റ്റ്ബാങ്കില്‍ നിയമവിരുദ്ധമായി നിര്‍മിച്ച ജൂതകുടിയേറ്റ പാര്‍പ്പിടങ്ങള്‍ ഒന്നുപോലും പൊളിച്ചുനീക്കില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയതിനു പിന്നാലെയാണ് ഗുട്ടെറസിന്റെ പ്രസ്താവന. സമാധാന കരാര്‍ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന നെതന്യാഹുവിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീനിലെ കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തരാഷ്ട്ര നിയമത്തിന് വിരുദ്ധമാണ്.
സമാധാനത്തിനുള്ള മുഖ്യ തടസ്സവും അതു തന്നെയാണെന്ന് ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു. ഇസ്രാഈല്‍ കുടിയേറ്റക്കാര്യത്തിലും ദ്വിരാഷ്ട്ര പരിഹാര വിഷയത്തിലും അമേരിക്കയുടെ നിലപാട് എന്താണെന്ന ചോദ്യത്തിന് യു.എസ് ദൗത്യസംഘത്തില്‍നിന്ന് മറുപടി വൈകുന്നതില്‍ റാമി ഹംദല്ല അസ്വസ്ഥത പ്രകടിപ്പിച്ചു. ഇസ്രാഈലിന്റെ ആക്രമണത്തില്‍നിന്ന് ഫലസ്തീന്‍ ജനതയേയും മുസ്്‌ലിം പുണ്യ കേന്ദ്രങ്ങളെയും സംരക്ഷിക്കാന്‍ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ സഹായം തേടി. വെസ്റ്റ്ബാങ്കിലെയും ജറൂസലമിലെയും ഗസ്സ മുനമ്പിലെയും രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക സ്ഥിതിഗതികള്‍ യു.എന്‍ സെക്രട്ടറി ജനറലുമായി ചര്‍ച്ച ചെയ്തതായും ഹംദല്ല അറിയിച്ചു.

chandrika: