Connect with us

News

പാകിസ്താന് പത്ത് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി

പാക്കിസ്താന്‍ കാത്തിരിപ്പിന് വീരചരിതം. പത്ത് വിക്കറ്റിന്റെ തട്ടുതകര്‍പ്പന്‍ വിജയം

Published

on

ദുബൈ: പാക്കിസ്താന്‍ കാത്തിരിപ്പിന് വീരചരിതം. പത്ത് വിക്കറ്റിന്റെ തട്ടുതകര്‍പ്പന്‍ വിജയം. നായകന്‍ ബബര്‍ അസമോ, മെന്റര്‍ മാത്യു ഹെയ്ഡനോ സ്വപ്‌നം കാണാത്ത വലിയ വിജയം. ജയിക്കാന്‍ ഇന്ത്യ നല്‍കിയ 151 റണ്‍സ് ലക്ഷ്യം 17-ാം ഓവറില്‍ പാക്കിസ്താന്‍ സ്വന്തമാക്കുമ്പോള്‍ ആരും പുറത്തായിരുന്നില്ല. മുഹമ്മദ് റിസ്‌വാന്‍ 55 പന്തില്‍ 78 റണ്‍സ് നേടിയപ്പോള്‍ നായകന്‍ ബബര്‍ അസം 52 പന്തില്‍ 68 റണ്‍സ് നേടി. രണ്ട് പേരും ചേര്‍ന്ന് ഇന്ത്യന്‍ ബൗളിംഗിനെ കശക്കുകയായിരുന്നു. ഇന്ത്യയുടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷാഹിന്‍ അഫ്രീദിയാണ് മല്‍സരം പാക്കിസ്താന് അനുകൂലമാക്കിയത്.

ടോസ് പാക്കിസ്താന്‍ നായകന്‍ ബബര്‍ അസമിനായിരുന്നു. വളരെ വേഗത്തില്‍ അദ്ദേഹം തിരുമാനവുമെടുത്തു-ഇന്ത്യന്‍ ബാറ്റിംഗിനെ പരീക്ഷിക്കുക. ഇന്ത്യന്‍ ഇലവനില്‍ കാര്യമായ മാറ്റങ്ങളുണ്ടായില്ല. ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ എന്ന സ്ഥാനം വരുണ്‍ ചക്രവര്‍ത്തിക്കായിരുന്നു. സീനിയര്‍ സ്പിന്നര്‍ അശ്വിന് വിശ്രമം നല്‍കിയപ്പോള്‍ ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും രവിന്ദു ജഡേജയും. പാക്കിസ്താന്‍ സംഘത്തെ നേരത്തെ നിശ്ചയിച്ചിരുന്നു. ഇന്ത്യക്കെതിരെ മെച്ചപ്പെട്ട റെക്കോര്‍ഡുള്ള രണ്ട് സീനിയേഴ്‌സും -ഷുഹൈബ് മാലിക്കും മുഹമ്മദ് ഹാഫിസും ആദ്യ ഇലവനിലെത്തി.

തുടക്കത്തില്‍ തന്നെ ഇന്ത്യ ഞെട്ടി. ഷാഹിന്‍ അഫ്രീദിയുടെ നാലാം പന്തില്‍ സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്ക്. അതിമനോഹരമായ ഇന്‍സ്വിംഗറില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുരുങ്ങി പോയി. റിവ്യൂ പോലും അസാധ്യമായ പന്ത്. ശരിക്കും പ്ലംമ്പ്ഡ്..! കെ.എല്‍ രാഹുല്‍ ആദ്യ രണ്ട് പന്തുകളെ ബഹുമാനിച്ച് മൂന്നാം പന്തില്‍ സിംഗിള്‍ നേടിയാണ് നാലാം പന്തില്‍ രോഹിത് വന്നത്. ഗ്യാലറി സ്തംബ്ധരായ കാഴ്ച്ച.

പാക്കിസ്താന്‍ പതാകകള്‍ ഗ്യാലറിയില്‍ പറന്നു. സ്പിന്നര്‍ ഇമാദ് വാസിമിനായിരുന്നു അടുത്ത ഓവര്‍. ആക്രമണത്തിന് രാഹുലോ, വിരാത് കോലിയോ മുതിര്‍ന്നില്ല. മൂന്നാം ഓവറിന് ഷാഹിന്‍ അഫ്രിദി വന്നപ്പോള്‍ ഇന്ത്യ വീണ്ടും ഞെട്ടി- ആദ്യ പന്തില്‍ തന്നെ രാഹുല്‍ ക്ലീന്‍ ബൗള്‍ഡ്. സ്‌ക്കോര്‍ബോര്‍ഡില്‍ കേവലം 6 റണ്‍സ് മാത്രമുള്ളപ്പോഴായിരുന്നു 29 കാരന്റെ മടക്കം. അഫ്രീദിയുടെ പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. പക്ഷേ രാഹുലിന് പകരമെത്തിയ സൂര്യകുമാര്‍ യാദവ് അഫ്രീദിയുടെ രണ്ടാം ഓവറിലെ അവസാന പന്ത് ഗ്യാലറിയിലെത്തിച്ചതോടെ കോലിയുടെ ടെന്‍ഷനും അകന്നു.

ഇതിഹാസ സീമര്‍ ഇമ്രാന്‍ഖാനെ പോലെ വിക്കറ്റിലേക്ക് പറന്നടുക്കുന്ന അഫ്രീദിക്ക് പാക്കിസ്താന്‍ നായകന്‍ ബബര്‍ അസം തുടര്‍ച്ചയായി മൂന്നാം ഓവറും നല്‍കി. ഈ ഓവറില്‍ കോലിയുടെ സ്‌ട്രെയിറ്റ് സിക്‌സര്‍ ഗ്യാലറിക്ക് ഹരമായി. അഫ്രീദിക്ക് പകരം വന്ന ഹസന്‍ അലി തന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ സൂര്യുകുമാറിനെ വീഴ്ത്തി. ഓഫ് സ്റ്റംമ്പിന് പുറത്ത് പോയ പന്തില്‍ സുര്യകുമാര്‍ ബാറ്റ് വെച്ചപ്പോള്‍ പന്ത് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്റെ കരങ്ങളില്‍. എട്ട് പന്തില്‍ പതിനൊന്ന് റണ്‍സ് നേടിയ താരത്തിന് പകരം വിക്കറ്റ് കീപ്പര്‍ റിഷാഭ് പന്ത്. തുടക്കത്തില്‍ തന്നെ കോട്ട് ബിഹൈന്‍ഡ് അപ്പീല്‍. പാക്കിസ്താന്‍ റിവ്യു നല്‍കി. പക്ഷേ ഹാഫിസിന്റെ പന്ത് റിഷാഭിന്റെ ബാറ്റില്‍ തട്ടിയിരുന്നില്ല. പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ 3 വിക്കറ്റിന് 60. ഹസന്‍ അലി എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ റിഷാഭ് രണ്ട് തവണ പന്ത് ഗ്യാലറി കടത്തി.

സ്‌ക്കോര്‍ ഉയരാന്‍ തുടങ്ങി. എല്ലാ പന്തുകളെയും റിഷാഭ് ആക്രമിക്കാന്‍ തുടങ്ങിയതോടെ വിക്കറ്റ്് സാഹസികമായി. ഷഹദാബ് ഖാന്റെ പന്ത് ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ കോട്ട് ആന്‍ഡ് ബൗള്‍ഡ്. 30 പന്തില്‍ രണ്ട് സിക്‌സറും രണ്് ബൗണ്ടറിയും ഹരമേകിയ 39 റണ്‍സിന്റെ ഇന്നിംഗ്‌സ്. പകരം രവിന്ദു ജഡേജ. നായകന്‍ കോലി അപ്പോഴും നങ്കുരക്കാരനായി കരുത്തനായി നില കൊള്ളുന്നുണ്ടായിരുന്നു. 15 ഓവര്‍ പിന്നിടുമ്പോള്‍ സ്‌ക്കോര്‍ 100 കടന്നു. പതിനാറാം ഓവറില്‍ കോലി രണ്ട് ബൗണ്ടറികള്‍ നേടി. പക്ഷേ പതിനെട്ടാം ഓവറില്‍ തിരിച്ചടിയേറ്റു. സ്ലോഗ് ഓവറുകളില്‍ പന്തിനെ പ്രഹരിക്കുന്ന ജഡേജയെ ഹസന്‍ അലി പുറത്താക്കി. അര്‍ധശതകം പൂര്‍ത്തിയാക്കി ക്രിസിലുണ്ടായിരുന്ന കോലിയിലേക്ക് ഇന്ത്യന്‍ ആരാധകര്‍ നോക്കി. അവസാനത്തില്‍ അദ്ദേഹം ആഞ്ഞടിക്കുമെന്ന് കരുതിയ ഘട്ടത്തില്‍ അഫ്രീദിയുടെ അവസാന ഓവറില്‍ 57 ല്‍ നായകന്‍ മടങ്ങി. പിന്നെ അവസാനത്തിലേക്ക് വാലറ്റക്കാര്‍ മാത്രം. ഭുവനേശ്വറിനും മുഹമ്മദ് ഷമിക്കും ആഞ്ഞടിക്കാനായില്ല. ഇന്ത്യന്‍ സ്‌ക്കോര്‍ 151 ല്‍.

പാക് നിരയില്‍ ഗംഭീരമായത് അഫ്രീദി തന്നെ. നാലോവറില്‍ 31 റണ്‍സിന് മൂന്ന് വിക്കറ്റ്. ഹസന്‍ അലി 44 റണ്‍സിന് രണ്ട് പേരെ മടക്കി. ഷദാബ് ഖാനും ഹാരിസ് റൗഫും ഓരോ വിക്കറ്റ് നേടി. ജയിക്കാന്‍ 152 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്താന് വേണ്ടി നായകന്‍ ബബര്‍ അസമും മുഹമ്മദ് റിസ്‌വാനുമെത്തി. തുടക്കത്തില്‍ വിക്കറ്റ് നേടിയാല് മാത്രം ഇന്ത്യക്ക് പ്രതീക്ഷ. പക്ഷേ ഭുവനേശ്വറും മുഹമ്മ് ഷമിയും ജസ്പ്രീത് ബുംറയുമെല്ലാം അടി വാങ്ങിയപ്പോള്‍ പാക്കിസ്താന് പത്ത് വിക്കറ്റിന്റെ മാസ്മരിക വിജയം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്

കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു

Published

on

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്. ജില്ലയില്‍ നേരത്തെ തന്നെ ഉഷ്ണതരംഗ മുന്നറിപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പ് നല്‍കിയിരുന്നു. 41.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. 29 വരെ ജില്ലയില്‍ ഈ താപനില ഉയരുമെന്നും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സൂര്യാഘാതവും സൂര്യാതാപവും ഏല്‍ക്കാനുളള സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലെക്ക് വരെ നയിച്ചേക്കാം. കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് മുന്നിലുള്ളത്.

Continue Reading

kerala

കോഴിക്കോട് ബസ് മറിഞ്ഞ് ഒരു മരണം; 18 പേര്‍ക്ക് ഗുരുതര പരിക്ക്

ഡിവൈഡറില്‍ കയറിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് പ്രഥമിക റിപ്പോര്‍ട്ട്

Published

on

കോഴിക്കോട്: തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പുറപ്പെട്ട സ്ലീപ്പര്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം.അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കൊട്ടുകല്‍ ആലംകോട് മനു ഭവനില്‍ മോഹന്‍ദാസിന്റെ മകന്‍ അമല്‍ (28) ആണ് മരിച്ചത്. കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കോഹിനൂര്‍ എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

27 യാത്രക്കാരും 3 ജീവനക്കാരുമായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത്. ഡിവൈഡറില്‍ കയറിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് പ്രഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.

Continue Reading

kerala

വോട്ടെടുപ്പിനിടെ പലയിടത്തായി കുഴഞ്ഞുവീണ് മരിച്ചത് 7 പേര്‍

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പലയിടങ്ങളിലായി കുഴഞ്ഞുവീണ് മരിച്ചത് 7 പേര്‍. മരിച്ചവരില്‍ 32വയസായ യുവാവും ഉള്‍പ്പെടുന്നു.

കോഴിക്കോട് ആദ്യം വന്ന മരണവാര്‍ത്ത ബൂത്ത് ഏജന്‍റിന്‍റേതായിരുന്നു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16ലെ എൽഡിഎഫ് ബൂത്ത് ഏജന്‍റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. ബൂത്തിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഗവൺമെന്‍റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ആലപ്പുഴയില്‍ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനാണ് കുഴഞ്ഞുവീണ് മരിച്ചത്. കാക്കാഴം തെക്ക് മുറി വീട്ടിൽ എസ്എൻവി ടിടിഐയിൽ വോട്ട് ചെയ്യാൻ എത്തിയ സോമരാജൻ(76) ആണ് മരിച്ചത്. അര മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വോട്ട് ചെയ്തത്. ശേഷം മകനൊപ്പം ഓട്ടോയിലേക്ക് കയറുമ്പോൾ തളർന്നുവീഴുകയായിരുന്നു.

പാലക്കാട് രണ്ട് മരണമാണ് വോട്ടെടുപ്പിനിടെ ഉണ്ടായത്.ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രൻ, തേൻകുറിശ്ശി സ്വദേശി ശബരി (32) എന്നിവരാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീണാണ് ചന്ദ്രൻ മരിച്ചത്. പോളിംഗ് ആരംഭിച്ച് രാവിലെ 7.30 ഓടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ശബരി കുഴഞ്ഞുവീണത്. വൈകാതെ തന്നെ മരണവും സംഭവിച്ചു.

മലപ്പുറത്ത് തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ മരിച്ചത്. നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമെരുതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.

വൈകീട്ടോടെ വടകരയില്‍ നിന്നും സമാനമായ വാര്‍ത്തവന്നു. വടകര മണ്ഡലത്തിലെ വളയത്ത്, വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. വളയം ചെറുമോത്ത് സ്വദേശിനി കുന്നുമ്മൽ മാമി (63) ആണ് മരിച്ചത്. വളയം യു.പി സ്കൂളിലെ 63ാം നമ്പർ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

ഏറ്റവും ഒടുവിലായി ഇടുക്കി മറയൂർ ഗവൺമെൻറ് സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണു മരിച്ച വാര്‍ത്തയാണ് വന്നത്. കൊച്ചാരം മേലടി സ്വദേശി വള്ളി മോഹൻ (50 ) ആണ് മരിച്ചത്.

Continue Reading

Trending