പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സനെ സര്‍ക്കാര്‍ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി. പൊലീസുകാര്‍ക്കെതിരെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്ന കേസ് തീര്‍പ്പാക്കണമെന്ന് പറയുന്നത് എന്തിന്റെ  അടിസ്ഥാനത്തിലാണെന്ന് കോടതി ചോദ്യം ഉന്നയിച്ചു.

കളമശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍, മോന്‍സന്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു ഹൈകോടതി.

ഹരജി പരിഗണിക്കുമ്പോഴാണ് മോന്‍സന്റെ ഡ്രൈവര്‍ അജി നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കണമെന്ന സര്‍ക്കാര്‍ അപേക്ഷയില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചത്.

കണ്ണ് കെട്ടി വായ് മൂടി ഇരിക്കാനാണോ കോടതിയോട് ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ എങ്ങനെ നിലനില്‍ക്കുമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ശേഷം അപേക്ഷ പിന്‍വലിക്കുന്നുണ്ടോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിക്കുകയും ചെയ്തു.

ഈ സമയം കേസിലെ വാദങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കവെ കോടതി തുടര്‍ച്ചയായി ഇടപെടുന്നുവെന്ന് ഡി.ജി.പി കുറ്റപ്പെടുത്തിയത്. തുടര്‍ന്ന് ഇത് കോടതിയെ കൂടുതല്‍ പ്രകോപിപ്പിക്കുകയും ചെയ്തു.

ഹരജി ഒത്തു തീര്‍പ്പാക്കണമെന്ന അപേക്ഷ വിചിത്രമാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇതിനോട് പ്രതികരിച്ചു. സര്‍ക്കാര്‍ നിലപാടില്‍ തനിക്ക് കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.