Connect with us

columns

സ്വപ്നങ്ങള്‍ക്ക് നിറം പകരാം

രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെല്ലാം താല്‍ക്കാലികമാണ്. ഇന്ത്യ അതിന്റെ ജനാധിപത്യ മതേതര സ്വഭാവത്തിലേക്ക് തിരിച്ചുവരിക തന്നെ ചെയ്യും. യു.പി.എ കാലത്ത് നമ്മുടെ രാജ്യത്തിന്റെ സ്ഥാനം ലോകത്തിന്റെ നെറുകയിലായിരുന്നു. എല്ലാ മേഖലകളിലും കുതിച്ചുകയറ്റമായിരുന്നു. ജനാധിപത്യവും മതേതരത്വവുമുള്‍പ്പെടെയുള്ള മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കപ്പെട്ട കാലമായിരുന്നു. ആ നല്ല നാളുകളിലേക്കുള്ള മടക്കവും ഈ സുദിനത്തില്‍ നമുക്ക് ലക്ഷ്യം വെക്കാം.

Published

on

പി.കെ കുഞ്ഞാലിക്കുട്ടി

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 75 വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തിന്റെ വര്‍ത്തമാനവും ഭാവിയും വിശകലനം ചെയ്യുക എന്നത് ഏതൊരു ഇന്ത്യക്കാരനില്‍നിന്നും സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. സ്വാതന്ത്ര്യ സമരസേനാനികള്‍ സ്വപ്‌നംകണ്ട ഇന്ത്യ മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും സകല മേഖലകളിലും വികസനത്തിന്റെ വെന്നിക്കൊടികള്‍ പാറിപ്പിക്കുന്ന, രാജ്യത്തെ ഓരോ പൗരന്റെയും ജീവിത സുരക്ഷ ഉറപ്പാക്കുന്നതുമായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍, അറിയപ്പെടുന്നവരും അല്ലാത്തവരുമായ നിരവധി ധീരദേശാഭിമാനികള്‍ പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ ധീരോദാത്തമായ പോരാട്ടത്തിന്റെ കഥ രാജ്യം നിലനില്‍ക്കുന്നിടത്തോളം കാലം ഓരോ ഇന്ത്യക്കാരന്റെയും സിരകളില്‍ ആവേശം സൃഷ്ടിക്കുക തന്നെ ചെയ്യും. സ്വതന്ത്ര ഇന്ത്യയുടെ ഭരണത്തിനു ചുക്കാന്‍ പിടിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു പരിധിവരെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങള്‍ക്ക് നിറംപകരുന്ന രീതിയില്‍ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോയി. ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ബഹുസ്വര സമൂഹത്തിലെ നീതിയുക്തമായ ഇടപെടലുകള്‍ വഴി ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റാനും രാഷ്ട്രശില്‍പി ജവഹര്‍ലാല്‍ നെഹ്്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്ക് സാധിച്ചിരുന്നു. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും ഭരണപരമായി അസ്ഥിരതക്കും പട്ടാള അട്ടിമറികള്‍ക്കുമെല്ലാം സാക്ഷ്യം വഹിച്ചപ്പോള്‍ നമ്മുടെ രാജ്യം അത്തരം പ്രവണതകളോടെല്ലാം മുഖംതിരിഞ്ഞു നില്‍ക്കുകയും ജനാധിപത്യത്തിന്റെ പാതയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. മാത്രമല്ല, നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളും മറ്റുവ്യവസ്ഥകളുമെല്ലാം നാളിതുവരെ നിഷ്പക്ഷവും നീതിയുക്തവുമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ കാര്യത്തിലും സാമൂഹ്യ പുരോഗതിയുടെ കാര്യത്തിലുമെല്ലാം അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചവര്‍പോലും ഭരണഘടനാ സ്ഥാപനങ്ങളുടെ നീതിയുക്തമായ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഡം പ്രശംസിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞിരുന്നത്. അവകാശ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമെല്ലാം ഉയര്‍ന്ന നിലവാരത്തില്‍ തന്നെ രാജ്യത്ത് നിലനില്‍ക്കുകയും ലോകാടിസ്ഥാനത്തില്‍ അത് പ്രശംസിക്കപ്പെടുന്ന സാഹചര്യം വരെ ഉണ്ടാവുകയും ചെയ്തു.

പക്ഷേ വര്‍ത്തമാന കാലത്ത് ഇതെല്ലാം മാറിമറിയുന്നതിന്റെ അടയാളങ്ങളാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തില്‍ വന്ന സര്‍ക്കാറുകള്‍ ഏകാധിപത്യ പ്രവണതകളെ പുല്‍കിക്കൊണ്ടിരിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. അന്വേഷണ ഏജന്‍സികളെ വരുതിയിലാക്കുന്നു. നീതി ലഭിക്കേണ്ട മുഴുവന്‍ സ്ഥാപനങ്ങളെയും കൈപ്പിടിയിലൊതുക്കുന്നു എന്ന തോന്നലുകള്‍ ഉളവാക്കുന്നു. ഒരു ഘട്ടത്തിലും ഇടപെടാന്‍ പാടില്ലാത്ത നീതിപീഠങ്ങളില്‍ പോലും സര്‍ക്കാര്‍ കൈവെക്കുന്നു എന്ന ആക്ഷേപങ്ങള്‍ ഉയരുന്നു. ഈ പ്രവണതകള്‍ നമ്മുടെ രാജ്യത്തിന് ഒട്ടും അഭികാമ്യമല്ല. ജാതി, മത, വര്‍ണ, വൈജാത്യങ്ങള്‍ക്ക് അതീതമായ നീതിയുടെ ഉറവിടമായി കരുതപ്പെട്ട രാജ്യം ആ വിശേഷണങ്ങളില്‍ നിന്ന് അകലുന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഭരിക്കുന്ന കക്ഷിതന്നെ ഇത്തരം ദുഷ്പ്രവണതകളെ പരിപോഷിക്കുന്ന സമീപനം സ്വീകരിച്ചാല്‍ ഭാവി എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും കഴിയില്ല.

സമാധാനവും ഐക്യവുമില്ലാത്ത ഒരു രാജ്യവും വികസന രംഗത്ത് മുന്നോട്ടുപോയിട്ടില്ല. നമ്മുടെ രാജ്യം നിരവധിയായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ വേളയിലും ദാരിദ്ര്യം, നിരക്ഷരത തുടങ്ങിയവയെല്ലാം നമ്മെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയാണ്. ശത്രു രാജ്യങ്ങളുടെ കടന്നാക്രമണങ്ങള്‍ പോലെ പുറമെ നിന്നുള്ള ഭീഷണികള്‍ വേറെയും. ആഭ്യന്തര സമാധാനവും ആഭ്യന്തര ഐക്യവും ഊട്ടിയുറപ്പിക്കേണ്ട ഈ ഘട്ടത്തില്‍ പ്രതിപക്ഷത്തെ പോലും വിശ്വാസത്തിലെടുക്കാത്ത ഏകാധിപത്യ പ്രവണതകളിലൂടയെയാണ് ഭരണകൂടം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ട് തന്നെ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലെല്ലാം പരസ്പരം സഹകരിച്ചുകൊണ്ടായിരുന്നു മുന്‍കാലങ്ങളിലെല്ലാം നാം മുന്നോട്ടു പോയിരുന്നത്. എന്നാല്‍ അത്തരം താല്‍പര്യങ്ങളെയെല്ലാം ബലികഴിക്കുന്നതാണ് ഇന്നത്തെ ബി.ജെ.പി സര്‍ക്കാറിന്റെ നടപടികള്‍. ഈ അപകടകരമായ സ്ഥിതി വിശേഷത്തെ മറികടക്കാനുള്ള ഏക മാര്‍ഗം ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സമീപനത്തിനെതിരെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറികടന്നുകൊണ്ട് ഒറ്റക്കെട്ടായി നിലകൊള്ളുക എന്നതുമാത്രമാണ്.

മതേതരത്വത്തെ ജീവവായുവായിക്കണ്ട പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗ്. പാണക്കാട് പി.എം.എസ്.എ പൂക്കോയതങ്ങളുടെ പിതാമഹാന്മാരുടെ കാലത്ത് തന്നെ ആ കുടുംബം പിന്നോക്കത്തിന്റെ ഭാണ്ഡം പേറിയ ഒരു ജനതയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായ കഠിന പ്രയത്‌നം നടത്തുകയുണ്ടായി. അടിസ്ഥാന ജനവിഭാഗത്തിന്റെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും അവര്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്നതിനുമെല്ലാം മഹാരഥന്‍മാരായ സയ്യിദുമാര്‍ അവരുടെ ജീവിതം തന്നെ സമര്‍പ്പിക്കുകയായിരുന്നു. ജയില്‍വാസമുള്‍പ്പെടെയുള്ള നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവന്നെങ്കിലും തങ്ങളുടെ ഉദ്യമത്തില്‍ നിന്ന് അവര്‍ പിന്നോട്ടുപോയില്ല. ഈ ലക്ഷ്യത്തിനുവേണ്ടി സമൂഹത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും സാമൂഹ്യ സാംസ്‌കാരിക പുരോഗതിക്കാവശ്യമായ മറ്റെല്ലാ സൗകര്യങ്ങളും സജ്ജമാക്കുകയും ചെയ്തു. ഈ രീതിയിലുള്ള സാമൂഹ്യ പരിവര്‍ത്തന പ്രക്രിയകള്‍ അവരുടെ എക്കാലത്തെയും മുഖമുദ്രയായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ നേതൃത്വത്തിന്‍ കീഴിലായി സമൂഹത്തിനും രാജ്യത്തിനും ഉജ്വലമായ നേട്ടങ്ങള്‍ കൈവരിച്ചു നല്‍കാന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗിനു സാധിച്ചു.

സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ കാലത്ത് ഒട്ടനവധി പുരോഗമനപരമായ നിയമങ്ങള്‍ മുസ്‌ലിംലീഗിന്റെ നേതൃത്വത്തിലുള്ള ഭരണകൂടങ്ങള്‍ നടപ്പിലാക്കുകയുണ്ടായി. തുടര്‍ന്നു വന്ന യു.ഡി.എഫ് സര്‍ക്കാറുകളെല്ലാം നിരവധി വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. സംസ്‌കൃത സര്‍വകലാശാലതൊട്ട് എല്ലാ ജാതി, മത വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്ന പല വിദ്യാഭ്യാസ സംരഭങ്ങള്‍ക്കും തുടക്കം കുറിച്ചത് മുസ്്‌ലിംലീഗിന്റെ വിദ്യാഭ്യാസ മന്ത്രിമാരാണ്. അങ്ങിനെ നാടിന്റെ പുരോഗതിക്കാവശ്യമായ എല്ലാ സുപ്രധാന നിയമനിര്‍മാണങ്ങളിലും നേതൃ പരമായ പങ്കുവഹിച്ച പാരമ്പര്യമാണ് മുസ്്‌ലിം ലീഗിനുള്ളത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മുസ്്‌ലിംലീഗ് പ്രസ്ഥാനം ആഗ്രഹിക്കുന്നത് സര്‍വ ജനവിഭാഗങ്ങള്‍ക്കും പൂര്‍ണാര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യം ലഭ്യമാകുക എന്നതാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ നമ്മുടെ പൂര്‍വ സൂരികള്‍ മനസില്‍ കണ്ട മുഴുവന്‍ ജനങ്ങള്‍ക്കും എല്ലാ അര്‍ത്ഥത്തിലുമുള്ള സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്ക് നമുക്കൊന്നായി പരിശ്രമിക്കാം.

രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെല്ലാം താല്‍ക്കാലികമാണ്. ഇന്ത്യ അതിന്റെ ജനാധിപത്യ മതേതര സ്വഭാവത്തിലേക്ക് തിരിച്ചുവരിക തന്നെ ചെയ്യും. യു.പി.എ കാലത്ത് നമ്മുടെ രാജ്യത്തിന്റെ സ്ഥാനം ലോകത്തിന്റെ നെറുകയിലായിരുന്നു. എല്ലാ മേഖലകളിലും കുതിച്ചുകയറ്റമായിരുന്നു. ജനാധിപത്യവും മതേതരത്വവുമുള്‍പ്പെടെയുള്ള മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കപ്പെട്ട കാലമായിരുന്നു. ആ നല്ല നാളുകളിലേക്കുള്ള മടക്കവും ഈ സുദിനത്തില്‍ നമുക്ക് ലക്ഷ്യം വെക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

ജോഡോ യാത്ര മലപ്പുറം തൊടുമ്പോള്‍- പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ രണസ്മരണകള്‍ തുടിച്ചുനില്‍ക്കുന്ന മലപ്പുറം മണ്ണില്‍ ചവിട്ടിയുള്ള രാഹുല്‍ഗാന്ധിയുടെ യാത്രക്ക് രാഷ്ട്രീയവും ചരിത്രപരവും സാംസ്‌കാരികവുമായ മാനങ്ങളേറെയുണ്ട്.

Published

on

പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ

മതേതര ഭാരതത്തിന്റെ പ്രാര്‍ഥനയും പിന്തുണയുമായി രാഹുല്‍ ഗാന്ധി ചുവട്‌വെക്കുകയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഛിദ്രശക്തികളില്‍നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പ്രയാണമാണിത്. രണ്ട് നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷ് വാഴ്ചയില്‍നിന്ന് സ്വാതന്ത്ര്യവും അനന്തരം അഭിമാനകരമായ വളര്‍ച്ചയും നേട്ടങ്ങളും സമ്മാനിച്ച കുടുംബത്തിന്റെ പിന്മുറക്കാരന്‍ എന്ന നിലയില്‍ രാഹുല്‍ ഏറ്റെടുത്ത ദൗത്യം ലക്ഷ്യം കാണാതിരിക്കില്ല. ജോഡോ യാത്ര ഇന്ന് മലപ്പുറത്തിന്റെ മണ്ണിലേക്ക് പ്രവേശിക്കുകയാണ്.

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ രണസ്മരണകള്‍ തുടിച്ചുനില്‍ക്കുന്ന മലപ്പുറം മണ്ണില്‍ ചവിട്ടിയുള്ള രാഹുല്‍ഗാന്ധിയുടെ യാത്രക്ക് രാഷ്ട്രീയവും ചരിത്രപരവും സാംസ്‌കാരികവുമായ മാനങ്ങളേറെയുണ്ട്. ഇന്ത്യനധിനിവേശക്കാലത്ത് ബ്രിട്ടന്‍ നേരിട്ട അതിശക്തമായ ചെറുത്തു നില്‍പെന്ന് ചരിത്രംകുറിച്ചുവെച്ച 1921 ലെ പോരാട്ടത്തിന്റെ ഓര്‍മകള്‍ ജ്വലിക്കുന്ന ഭൂമിയാണ് മലപ്പുറം. മമ്പുറം തങ്ങള്‍, ഉമര്‍ ഖാസി, ആലി മുസ്‌ല്യാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എം.പി നാരായണമേനോന്‍, കട്ടിലശേരി മുഹമ്മദ് മുസ്‌ല്യാര്‍ തുടങ്ങി എത്രയോ ധീരന്‍മാരായ രാജ്യസ്‌നേഹികളുടെ വീര്യ കൃത്യങ്ങള്‍ സദാസ്മരിക്കപ്പെടുന്ന ദേശമാണിത്. ഐ.സി.എച്ച്.ആറിന്റെ കാര്‍മികത്വത്തില്‍ സംഘ്പരിവാര്‍ ഭരണകൂടം പുതുതായി രചിച്ച രക്തസാക്ഷി നാമ കോശത്തില്‍ ഉള്‍പ്പെടാതെപോയ അസംഖ്യം ധീര ദേശാഭിമാനികളുടെ ഇതിഹാസ സമാനമായ പോരാട്ടവീര്യത്തിന്റെ കഥ പറയുന്ന നാട്. പിറന്ന നാടിന് വേണ്ടി ജീവത്യാഗം ചെയ്തവരുടെ ഓര്‍മകള്‍ രാഹുല്‍ഗാന്ധിയുടെ ഓരോ ചുവടുവെപ്പിനും കരുത്തേകും. ജോഡോ യാത്രയുടെ സന്ദേശത്തെ മലപ്പുറം ഏറ്റെടുക്കുന്നത് അത്തരം ഓര്‍മകളുടെ കടലിരമ്പത്തിലായിരിക്കും. ഭരണകൂടത്തിന്റെ രക്തസാക്ഷിപ്പട്ടികയില്‍ ഇടം ലഭിക്കാതെപോയ മലബാര്‍ സമര പോരാളികളുടെ മഹത്വത്തിന്റെ മാറ്റ് വര്‍ധിച്ചിരിക്കുകയാണ്. സ്വന്തം കാല്‍ പാദങ്ങളൂന്നാന്‍ മണ്ണിലൊത്തിരി ഇടംപോലും നിങ്ങള്‍ക്ക് നിഷേധിക്കുകയാണെന്ന് പ്രഖ്യാപിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം ചുട്ടെടുക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ സിരാ കേന്ദ്രം കൂടിയാണ് മലപ്പുറം.

മതേതര ബോധത്തെയും ആധുനിക രാഷ്ട്ര മൂല്യങ്ങളെയും പ്രാണനെപ്പോലെ പ്രണയിക്കാന്‍ മലപ്പുറത്തിന് ലഭിച്ചൊരു ശിക്ഷണമുണ്ട്. ദുരിതവും മാരക രോഗങ്ങളും ദാരിദ്ര്യവും ചവിട്ടിമെതിച്ച നിരാലംബരായ ഒരു ജനതയെ ഏറ്റവും സംസ്‌കൃതരായ ഒരു മാതൃകാസമൂഹമായി പരിവര്‍ത്തിപ്പിച്ച മഹത്തായൊരു രാഷ്ട്രീയ ദര്‍ശനമായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സര്‍ഗാത്മകമായ ആവിഷ്‌കാരത്തില്‍ വിശ്വാസമര്‍പ്പിച്ച പൂര്‍വിക നേതാക്കളുടെയും തന്റെ മുന്‍ഗാമികളുടെയും വഴിയേയാണ് മലപ്പുറത്തിന്റെ ഹരിത വീഥികളില്‍ രാഹുല്‍ഗാന്ധിയുടെ ത്രിദിന പ്രയാണം നടക്കുന്നത്. മതേതര ജനാധിപത്യ ആശയങ്ങളാല്‍ ബന്ധിതമായ സൗഹൃദവും ഇണക്കവുമാണ് മുസ്‌ലിംലീഗും കോണ്‍ഗ്രസും എല്ലാ കാലത്തും നിലനിര്‍ത്തിയിട്ടുള്ളത്. ന്യൂനപക്ഷ ജനതയുടെമേല്‍ പരിഷ്‌ക്കാരങ്ങളുടെ പേരില്‍ നടക്കുന്ന കൊടിയ ധ്വംസനത്തിനെതിരായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമരക്കാരന്റെ ചുവടിന് കരുത്തേകാന്‍ മലപ്പുറത്തിന്റെ ധാര്‍മിക പിന്തുണയാണ് പ്രയാണവീഥിയില്‍ ഏറ്റുവാങ്ങാന്‍ പോകുന്നത്.

ഇന്ത്യന്‍ ബഹുസ്വരതയുടെ മുഴുവന്‍ സൗന്ദര്യവും നിറകതിര്‍ ചാര്‍ത്തുന്ന ജില്ലയാണ് മലപ്പുറം. മത ജാതി ഭേദങ്ങള്‍ക്കപ്പുറം മനുഷ്യനെ ഒന്നായി കാണുന്ന നാട്. മാനവിക മൂല്യങ്ങളാല്‍ ഉള്‍ച്ചേര്‍ക്കലിന്റെ സന്ദേശം മുഴങ്ങിക്കേട്ട പ്രദേശം. ശാന്തിയുടെയും സമാധാനത്തിന്റെയും സ്‌നേഹഗീതങ്ങളാല്‍ വെറുപ്പും ഹിംസയും അലിഞ്ഞില്ലാതായതാണ് മലപ്പുറത്തിന്റെ പാരമ്പര്യം. കേരളത്തിലെ പത്താമത്തെ ജില്ലയായി 1969ല്‍ പിറന്നു വീണപ്പോള്‍ മലപ്പുറത്തിനെതിരായി വര്‍ഗീയ വിധ്വംസക ശക്തികള്‍ ഉയര്‍ത്തിവിട്ട വിഷലിപ്തമായ പ്രചാരണ കോലാഹലങ്ങളെ സ്‌നേഹംകൊണ്ട് തോല്‍പിച്ച അനുഭവമുള്ള ജില്ല. തെന്നിന്ത്യയിലെ ക്ഷേത്ര നഗരിയെന്ന് വിശേഷിപ്പിക്കാവുന്ന അങ്ങാടിപ്പുറത്തുണ്ട് ക്ഷേത്രവും മസ്ജിദും തൊട്ടുരുമ്മി നില്‍ക്കുന്ന സൗഹാര്‍ദ്ദത്തിന്റെ കണ്‍കുളിര്‍ക്കുന്ന ദൃശ്യം. മൈത്രിയുടെ ഉജ്വലമായ മാതൃകകളും സ്മരണകളും ഇമ്പമുള്ള ഗീതമായി രാഹുലിന്റെ പദനിസ്വനത്തിലുണ്ടാകും.

ബ്രിട്ടീഷ് ഭരണത്തിന്റെ തടവറയില്‍ രക്തസാക്ഷിയായ ധീര ദേശാഭിമാനി പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍, മഹാമനീഷികളായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരുടെ കര്‍മഭൂമിയിലേക്കാണ് ഇന്ത്യയുടെ വീണ്ടെടുപ്പിനായുള്ള രാഹുല്‍ഗാന്ധിയുടെ ജോഡോ യാത്ര കടന്നുവരുന്നത്. മലപ്പുറത്തിന്റെ യാത്രാവീഥിയിലുടനീളം പാണക്കാട് സയ്യിദ് പരമ്പര കാഴ്ചവെച്ച സാഹോദര്യത്തിന്റെ പറഞ്ഞാല്‍ തീരാത്ത പെരുമകള്‍ രാഹുല്‍ഗാന്ധിക്ക് മുന്നോട്ട് ഗമിക്കാനുള്ള കരുത്തും പ്രചോദനവുമാകും. വിനയം ലാളിത്യം ശാന്തത സ്‌നേഹം എന്നിവയാല്‍ ഒരു ജനസമൂഹത്തിന്റെ മാനസാന്തരങ്ങളില്‍ പടര്‍ന്നുകയറിയ വികാരമാണ് പാണക്കാട് സയ്യിദ് വംശം. അണമുറിയാത്ത ആ പ്രവാഹത്തിന്റെ തീരത്ത് ആത്മസംയമനത്തോടെ കഴിയുന്ന ഒരു ജനസഞ്ചയമാണ് രാഹുല്‍ഗാന്ധിക്കൊപ്പം അണിചേരാന്‍ കാത്തിരിക്കുന്നത്. ആത്മീയപ്രഭ ചൊരിയുന്ന പണ്ഡിതരുടെയും സ്ഥാപനങ്ങളുടെയും സാന്നിധ്യമേറെയുണ്ട് വഴിത്താരയില്‍. പതിനായിരക്കണക്കിന് പണ്ഡിതരെ പ്രബോധനരംഗത്ത് സമര്‍പ്പിച്ച തെന്നിന്ത്യയിലെ അത്യുന്നത മത കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്കോളജ് വഴിയാണ് ജോഡോ കടന്നുപോകുന്നത്. മതേതര നായകന് മഹാ പണ്ഡിതന്‍മാരായ അധ്യാപകരുടെയും നൂറ് കണക്കിന് വിദ്യാര്‍ഥികളുടെയും അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങാനാകും. മതമൗലികവാദത്തെയും തീവ്രവാദ ചിന്തകളെയും വര്‍ഗീയതയെയും പടിയടച്ച് അകറ്റിനിര്‍ത്തിയ മലപ്പുറത്തിന്റെ മഹാമാതൃകയാകട്ടെ രാഹുലിന്റെ ഭാരതമെന്നാണ് ഈ നാടിന്റെ പ്രാര്‍ഥനയും അഭ്യര്‍ഥനയും.

സാഹിത്യ സാംസ്‌കാരിക ചക്രവാളത്തിലും ചെറുതല്ല മലപ്പുറത്തിന്റെ സ്ഥാനം. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തഛന്റെ മണ്ണ്. വള്ളത്തോള്‍, കുട്ടികൃഷ്ണമാരാര്‍, ഇടശ്ശേരി, മേല്‍പത്തൂര്‍, തത്വചിന്താപരമായ വരികളാല്‍ പച്ച മലയാളത്തിന്റെ സൗന്ദര്യം അനാവരണം ചെയ്ത പൂന്താനം, ചെറുകാടും നന്തനാരും ഉറൂബും തൊട്ട് എത്രയോ പ്രതിഭകള്‍ ജീവിതത്തിന്റെ ഉദാത്തമായ ഭാവത്തെ തൂലികത്തുമ്പാല്‍ ധന്യമാക്കിയ സഹിഷ്ണുതയുടെ തീര്‍ഥ തീരത്തേക്കാണ് ജോഡോ ചുവട് വെക്കുന്നത്.

കായിക പാരമ്പര്യത്തിലും മലപ്പുറത്തിന് ദേശാന്തര ഖ്യാതികള്‍ ഒട്ടേറെയുണ്ട്. ഫുട്‌ബോളിന്റെ ഈറ്റില്ലമായാണ് ലോകത്ത് മലപ്പുറം അറിയപ്പെടുന്നത്. സാഹോദര്യത്തിന്റെ ഉത്സവ മേളങ്ങളാണ് നൂറ് കണക്കിന് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍. കളിക്കളത്തില്‍ നിന്നുയരുന്ന ഒരുമയുടെ സന്ദേശം തന്നെയാണ് ജോഡോ യാത്ര പറയുന്നതും.

വിദ്യാഭ്യാസ വൈജ്ഞാനിക രംഗത്ത് മലപ്പുറം നടത്തിയ മുന്നേറ്റം ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാ സാന്ദ്രത ഏറെയുള്ള ഇതര ഇന്ത്യന്‍ പ്രദേശങ്ങള്‍ക്കാകെ മാതൃകയാണ്. കലാപത്തിന്റെ കാര്‍മേഘ പാളികള്‍ പെയ്തിറങ്ങാത്ത ശാന്തതയില്‍ ഒരു സമൂഹത്തിന്റെ വളര്‍ച്ചയിലേക്കുള്ള ജൈത്രയാത്ര വിസ്മയാവഹമാണ്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ക്ഷണനേരം കൊണ്ട് മലയാളീകരിച്ച് സദസ്സിനെ കോരിത്തരിപ്പിച്ച കരുവാരക്കുണ്ടിലെ പെണ്‍കുട്ടി ഒരു പ്രതീകമാണ്. ജോഡോയുടെ പ്രയാണത്തിന് പ്രചോദനമേകുന്ന ആവേശമായി മലപ്പുറത്തെ മുന്നേറ്റം മാറുമെന്ന പ്രത്യാശയോടെയാണ് ഈ മതേതര ഭൂമിക ജോഡോ യാത്രയെ വരവേല്‍ക്കുന്നത്.

Continue Reading

columns

നിലപാടില്‍ വേറിട്ടുനിന്ന വ്യക്തിത്വം- എഡിറ്റോറിയല്‍

രാഷ്ട്രീയ നിലപാടില്‍ പലരും അദ്ദേഹത്തോട് വിയോജിക്കുന്നുണ്ടെങ്കിലും ഈ വിടവാങ്ങല്‍ ഇസ്‌ലാമിക ലോകത്തിന് കനത്ത നഷ്ടമാണ്.

Published

on

നിലപാട്‌കൊണ്ട് ചരിത്രം രചിച്ച ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായിരുന്നു ഇന്നലെ അന്തരിച്ച ശൈഖ് യൂസഫ് അല്‍ ഖര്‍ളാവി. സമഗ്ര ഇസ്‌ലാമിക വ്യവസ്ഥയെ കാലികമായി സമര്‍പ്പിച്ച ഖര്‍ളാവി ആധുനിക ലോകത്ത് ബഹുമത സംവാദത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. സമകാലിക ഇസ്‌ലാമിക സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ മുസ്‌ലിം ലോകത്തിന്റെ തന്നെ നിലപാടെന്ന നിലക്കാണ് വിലയിരുത്തപ്പെടാറുള്ളത്. ഒട്ടേറെ ഇസ്‌ലാമിക വിഷയങ്ങളില്‍ അദ്ദേഹം നല്‍കിയ ഫത്‌വ ശ്രദ്ധേയമാണ്. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ അദ്ദേഹം ഒമ്പതാം വയസില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയിരുന്നു.

തന്റെ നിലപാട് കാരണം ജന്മനാടായ ഈജിപ്തില്‍ നിന്നും ഓടിപ്പോകേണ്ടിവന്നു. പിന്നീട് മരണം വരെ ഖത്തറിലായിരുന്നു താമസിച്ചിരുന്നത്. ഈജിപ്തിലെ ഇമാം ശഹീദ് ഹസനുല്‍ ബന്നയുടെ പ്രസ്ഥാനമായ മുസ്‌ലിം ബ്രദര്‍ഹുഡില്‍ ആകൃഷ്ടനായ അദ്ദേഹത്തെ നിരവധി തവണ ഭരണകൂടം തടവിലിട്ടിട്ടുണ്ട്. 1949, 54, 56 കാലങ്ങളില്‍ ജയില്‍വാസമനുഷ്ഠിച്ചു. കര്‍ക്കശമായ സാമ്രാജ്യത്വവിരുദ്ധ നിലപാടുകളായിരുന്നു സ്വീകരിച്ചിരുന്നത്. അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭയുടെ രൂപവത്കരണ യോഗത്തില്‍ പങ്കെടുക്കാനായി ബ്രിട്ടനിലെത്തിയെങ്കിലും ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും വിസാനിരോധമേര്‍പ്പെടുത്തുകയായിരുന്നു. 2008 ഫെബ്രുവരി ഏഴിന് അദ്ദേഹത്തിന്റെ വിസാ അപേക്ഷ ബ്രിട്ടന്‍ നിരസിക്കുകയുണ്ടായി. ചികിത്സാര്‍ഥമാണ് അദ്ദേഹം സന്ദര്‍ശനാനുമതി തേടിയത്. സംഘടനാ, രാഷ്ട്രീയ ഭേദമന്യേ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സാമ്രാജ്യത്വ വിരുദ്ധ സമീപനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഇസ്രാഈലുമായി യാതൊരു വിട്ടുവീഴ്ചക്കും തയാറായിരുന്നില്ല. ഫലസ്തീനില്‍ പോരാടുന്ന ജനതക്കൊപ്പമായിരുന്നു. എന്നാല്‍ തീവ്രവാദത്തെ ഒരിക്കലും അംഗീകരിച്ചിരുന്നുമില്ല. 2004 ലാണ് ഖര്‍ളാവി അവസാനമായി ബ്രിട്ടന്‍ സന്ദര്‍ശിച്ചത്. അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭയുടെ രൂപവത്കരണ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു യാത്ര. അന്നത് ബ്രിട്ടനില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഫലസ്തീനിലെ ചാവേറാക്രമണത്തെ പിന്തുണക്കുന്നതിനാല്‍ വിസയനുവദിക്കരുതെന്ന് തീവ്ര വലതുപക്ഷ കക്ഷികള്‍ ടോണിബ്ലയര്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു. ലണ്ടന്‍ മേയര്‍ കെന്‍ ലിവിങ്സ്റ്റണ്‍ ഈ സമയത്ത് അദ്ദേഹവുമായി വേദി പങ്കിടുകയും അദ്ദേഹത്തെ ന്യായീകരിക്കുകയുമാണ് ചെയ്തത്. ഫലസ്തീനില്‍ അധിനിവേശം നടത്തി നിലവില്‍ വന്ന ഇസ്രാഈലിന്റെ അസ്തിത്വം പോലും അംഗീകരിക്കരുതെന്ന വാദക്കാരനാണദ്ദേഹം. സയണിസ്റ്റുകളുമായുള്ള ചര്‍ച്ചകളെയും അദ്ദേഹം നിരാകരിച്ചു.

ഏകാധിപതികള്‍ അടക്കി വാണിരുന്ന നാടുകളില്‍ ജനാധിപത്യത്തിന്റെ തിരികൊളുത്താന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് സാധിച്ചിട്ടുണ്ട്. അറബ് ലോകത്തും മധ്യ പൗരസ്ത്യ ദേശങ്ങളിലും രൂപപ്പെട്ട സ്വേച്ഛാധിപരായ ഭരണാധികാരികള്‍ക്കെതിരെയുണ്ടായ ജനകീയ സ്വാതന്ത്ര്യ പോരാട്ടങ്ങളെ ശക്തമായി പിന്തുണച്ചു. സമകാലിക അറബ് ലോകത്ത് സയണിസ്റ്റ് വിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. വര്‍ത്തമാന ഇസ്‌ലാമിക ലോകത്തെ മധ്യമനിലപാടിന്റെ മുന്നണിപ്പോരാളിയായ അദ്ദേഹം പക്ഷേ ഭരണാധികാരികള്‍ക്ക് സ്തുതിഗീതമോതാന്‍ ഒരിക്കലും തയ്യാറായില്ല. സമഗ്ര ഇസ്‌ലാമിക വ്യവസ്ഥയെ കാലികമായി സമര്‍പ്പിച്ചു. മുസ്‌ലിം ഐക്യത്തിന്റെ ശക്തനായ വക്താവായ ഖര്‍ളാവി വിവിധ ഇസ്‌ലാമിക ചിന്താധാരകള്‍ക്കിടയില്‍ സംവാദ പരിപാടികള്‍ക്ക് മുന്‍കൈയെടുക്കുന്നു. ആധുനിക ലോകത്ത് ബഹുമത സംവാദത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ശൈഖ് ഖര്‍ളാവിയുടെ ആശയധാര പരന്നുകിടക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ നിലപാടുകളും മുസ്‌ലിം ലോകത്തിന് അംഗീകരിക്കാനാകുന്നതായിരുന്നില്ല. പല നിലപാടുകളും വിമര്‍ശന വിധേയമായിട്ടുണ്ട്. പല രചനകള്‍ക്കും ചില രാജ്യങ്ങളില്‍ വിലക്കുമുണ്ട്. സര്‍വ മത നിന്ദക്കെതിരായ അദ്ദേഹത്തിന്റെ നിലപാടുകള്‍ ശ്രദ്ധേയമാണ്. വിവിധ രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന നിരവധി ശിഷ്യന്‍മാര്‍ അദ്ദേഹത്തിനുണ്ട്. കേരളത്തില്‍ രണ്ട് തവണ സന്ദര്‍ശനം നടത്തി. നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. പല പുസ്തകങ്ങളും മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ നിലപാടില്‍ പലരും അദ്ദേഹത്തോട് വിയോജിക്കുന്നുണ്ടെങ്കിലും ഈ വിടവാങ്ങല്‍ ഇസ്‌ലാമിക ലോകത്തിന് കനത്ത നഷ്ടമാണ്.

Continue Reading

columns

സ്ത്രീ വേട്ടക്കാരായി ബി.ജെ.പി- എഡിറ്റോറിയല്‍

മൈക്കിനുമുന്നില്‍ വിളിച്ചുകൂവിയതു കൊണ്ടായില്ല. നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കാനുള്ള ആര്‍ജവമാണ് ആവശ്യം. ഒന്നും ചെയ്തില്ലെങ്കിലും സ്ത്രീ പീഡനക്കേസുകളിലെ ചെന്നായക്കൂട്ടങ്ങള്‍ക്ക് കുട പിടിക്കാതെ മാറിനില്‍ക്കാനുള്ള മാന്യതയെങ്കിലും മോദി കാണിക്കണം.

Published

on

ബില്‍കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിതരാക്കിയപ്പോള്‍ ബി.ജെ.പി ഭരണകൂടങ്ങളുടെ തനിനിറം അറിയുന്ന ആരും അത്ഭുതപ്പെട്ടില്ല. കൊടും കുറ്റവാളികളായ പ്രതികളെ മാലയിട്ടും മധുരം നല്‍കിയും ആഘോഷപൂര്‍വമാണ് സ്വീകരിച്ചത്. ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നിരിക്കെ ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തില്‍ അമ്പരക്കാന്‍ ഒന്നുമില്ല. ബി.ജെ.പി സര്‍ക്കാരുകളുടെ റോള്‍ മോഡലാണ് ഗുജറാത്തെന്നതുകൊണ്ട് നെറികേടുകള്‍ ചെയ്യുമ്പോഴും അവര്‍ നോക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുകാലത്ത് മുഖ്യമന്ത്രിയായിരുന്ന നാട്ടിലേക്ക് തന്നെയാണ്.

ഉത്തരാഖണ്ഡില്‍ വേശ്യാവൃത്തിക്ക് വഴങ്ങാത്ത റിസോര്‍ട്ട് റിസപ്ഷനിസ്റ്റായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളിയ കുറ്റകൃത്യത്തിലും ബി.ജെ.പി നേതാവാണ് പ്രതിസ്ഥാനത്ത്. മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ റിസോര്‍ട്ടിലാണ് അങ്കിത ഭണ്ഡാരിയെന്ന യുവതി കൊല്ലപ്പെട്ടത്. മുഖം രക്ഷിക്കാനായി വിനോദ് ആര്യയെയും സഹോദരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെങ്കിലും ഉത്തരാഖണ്ഡിലെ ബി.ജെ.പി ഭരണകൂടം പ്രതികളെ രക്ഷിക്കാന്‍ നെട്ടോട്ടം തുടരുകയാണ്. ജനരോഷം ആളിക്കത്തിയതോടെ റിസോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ അധികൃതര്‍ പൊളിച്ചുനീക്കിയത് തെളിവു നശിപ്പിക്കാനാണെന്ന് കൊല്ലപ്പെട്ട പത്തൊമ്പതുകാരിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. അല്ലെങ്കിലും ഇത്ര ധൃതിപിടിച്ച് എന്തിനാണ് റിസോര്‍ട്ട് നിരത്തിയതെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്. റിസോര്‍ട്ടില്‍ എത്തുന്ന അതിഥികള്‍ക്ക് ശരീരം വില്‍ക്കാന്‍ വിസമ്മതിച്ചതാണ് അങ്കിതയെ കൊലപ്പെടുത്താന്‍ കാരണമെന്ന് പൊലീസിന് ലഭിച്ച വാട്‌സ്ആപ് സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന് അങ്കിതയുടെ കുടുംബം ഉറച്ചുവിശ്വസിക്കുന്നു. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ബി.ജെ.പിക്കു കീഴിലുള്ള ഉത്തരാഖണ്ഡില്‍ മറിച്ചൊന്നും സംഭവിക്കാനിടയില്ല. ബില്‍കിസ് ബാനു കേസ് മാത്രമല്ല, സ്ത്രീകള്‍ കൊല്ലപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്ത വേറെയും നിരവധി ഭീകരസംഭവങ്ങള്‍ ബി.ജെ.പി അധികാരം കയ്യാളുന്ന സംസ്ഥാനങ്ങളില്‍ അരങ്ങേറിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലും മുഖ്യ പ്രതി ബി.ജെ.പി നേതാവാണ്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചപ്പോഴും പ്രതികളെ രക്ഷിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശ്രമിച്ചത്. 2018ല്‍ ജമ്മുകശ്മീരിലെ കത്വയില്‍ എട്ട് വയസുള്ള ആസിഫ ബാനു എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലും പ്രതികളോടൊപ്പമായിരുന്നു ബി.ജെ.പി. കുറ്റക്കാരെ അനുകൂലിച്ച് നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തവരില്‍ അന്നത്തെ രണ്ട് ബി.ജെ.പി മന്ത്രിമാരുമുണ്ടായിരുന്നു. യു.പിയില്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ബലാത്സംഗക്കേസുകള്‍ ഉയര്‍ന്നിരിക്കുകയാണ്. ലഖിംപൂരില്‍ പതിനഞ്ചും പതിനേഴും വയസുള്ള രണ്ട് ദളിത് പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളികള്‍ക്ക് ഒളിത്താവളം ഒരുക്കാനാണ് യു.പി സര്‍ക്കാര്‍ ശ്രമിച്ചത്. ഇങ്ങനെ സ്ത്രീയുടെ ചോരയും കണ്ണീരും പടര്‍ന്ന എത്രയെത്ര സംഭവങ്ങള്‍. ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കാതെ പൊലീസ് ചുട്ടെരിച്ചത് ഉത്തര്‍പ്രദേശിലെ ഹഥാറസിലാണ്.

എന്നാല്‍ സ്ത്രീകള്‍ക്കുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കാനും വാഗ്ദാന പ്രഖ്യാപനം നടത്താനുമുള്ള അവസരങ്ങള്‍ നരേന്ദ്രമോദി പാഴാക്കാറില്ല. സ്ത്രീ ശക്തിയാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്നും വാക്കുകൊണ്ടുപോലും അവരെ അധിക്ഷേപിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്നും 79-ാം സ്വാതന്ത്ര്യദിനത്തില്‍ മോദി ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രസംഗിച്ച അതേ ദിവസം തന്നെയാണ് ബില്‍കിസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ ജയില്‍ മോചിതരായത്. ബി.ജെ.പി അധികാരത്തിലെത്തിയശേഷം സ്ത്രീയുടെ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നോക്കം പോയിരിക്കുകയാണ്. മോദി സര്‍ക്കാറിനു കീഴില്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ വന്‍ കുതിപ്പാണുണ്ടായിരിക്കുന്നത്. മൈക്കിനുമുന്നില്‍ വിളിച്ചുകൂവിയതു കൊണ്ടായില്ല. നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കാനുള്ള ആര്‍ജവമാണ് ആവശ്യം. ഒന്നും ചെയ്തില്ലെങ്കിലും സ്ത്രീ പീഡനക്കേസുകളിലെ ചെന്നായക്കൂട്ടങ്ങള്‍ക്ക് കുട പിടിക്കാതെ മാറിനില്‍ക്കാനുള്ള മാന്യതയെങ്കിലും മോദി കാണിക്കണം.

Continue Reading

Trending