ന്യൂഡല്‍ഹി: ആദ്യ ഡോസ് വാക്‌സിനെടുത്തവര്‍ രണ്ടാം ഡോസെടുക്കാന്‍ മടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ഇന്ന്് ഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് യോഗം. വാക്‌സിനുകള്‍ ലഭ്യമായിട്ടും രണ്ടാമത്തെ ഡോസിന് അര്‍ഹരായ 11 കോടി ആളുകള്‍ ഇത് എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

വാക്‌സിനേഷന്‍ വേഗത്തിലാക്കാനും ഇതുവരെ ആദ്യ ഡോസ് എടുത്തിട്ടില്ലാത്തവരെ കണ്ടെത്തി ഉടന്‍ വാക്‌സിന്‍ നല്‍കാനും യോഗത്തില്‍ നിര്‍ദേശം നല്‍കുമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി പ്രത്യേക ഡ്രൈവുകള്‍ സംഘടിപ്പിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. രാജ്യത്ത് 75% ആളുകളും ആദ്യ ഡോസ് സ്വീകരിച്ചതായും 31% പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ ഉടന്‍ ആരംഭിക്കും. ഇതിന്റെ വിലനിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 21ന് രാജ്യത്ത് വാക്‌സിനേഷന്‍ 100 കോടി പിന്നിട്ടിരുന്നു. ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, സിക്കിം, ഗോവ എന്നീ സംസ്ഥാനങ്ങളിലും അന്തമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, ജമ്മുകശ്മീര്‍, ചണ്ഡീഗഢ്, ദാദ്രനഗര്‍ ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം ഒരു ഡോസ് വാക്‌സിന്‍ നല്‍കി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കിയത്.