ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 90 എന്ന നിരക്ക് കടന്ന് റെക്കോഡ് തലത്തിലേക്ക് താഴ്ന്നു. ബുധനാഴ്ച വ്യാപാരം ആരംഭിച്ചതിനു പിന്നാലെ രൂപ 90.13 എന്ന എക്കാലത്തെയും കുറഞ്ഞ നിരക്കിലെത്തി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 89.9475 എന്ന പഴയ റെക്കോഡും പിന്നിലായിങ്ങനെ.
ഡോളറിന്റെ ആവശ്യകതയിലേറ്റ വര്‍ധന, വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ പിന്മാറ്റം, ഇന്ത്യയുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളായത്. ഊഹക്കച്ചവടക്കാരുടെ ഡോളര്‍ വാങ്ങിക്കൂട്ടലും സമ്മര്‍ദം ശക്തമാക്കി. ചൊവ്വാഴ്ച 89.96 രൂപ, തിങ്കളാഴ്ച 89.53 രൂപ എന്ന നിലയിലായിരുന്നു ക്ലോസിംഗ്.
യുഎസുമായി വ്യാപാര കരാറില്‍ ഇതുവരെ ധാരണയിലാകാത്തതും വിദേശ നിക്ഷേപങ്ങളുടെ കുറവും രൂപയെ ദുര്‍ബലപ്പെടുത്തിയതായി വിപണി വിലയിരുത്തുന്നു. വെള്ളിയാഴ്ച ആര്‍.ബി.ഐയുടെ നയപ്രഖ്യാപനത്തോടെ കേന്ദ്രബാങ്ക് ഇടപെടുമോ എന്ന കാര്യത്തില്‍ വ്യക്തത പ്രതീക്ഷിക്കുന്നു. വ്യാപാരകരാര്‍ യാഥാര്‍ഥ്യമാവുന്നത് മൂല്യത്തകര്‍ച്ചയ്ക്ക് പരിഹാരമാകുമെന്ന് വിലയിരുത്തല്‍.
റൂപയുടെ മൂല്യം 85ല്‍ നിന്ന് 90 ആയി താഴാന്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രം എടുത്തത് രാജ്യത്തിന്റെ വിദേശ അക്കൗണ്ടുകളിലെ സമ്മര്‍ദത്തിന്റെ സൂചനയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷം വിദേശ നിക്ഷേപകര്‍ 17 ബില്യണ്‍ ഡോളറോളം ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചുവെന്നാണ് കണക്കുകള്‍. നേരിട്ടുള്ള വിദേശനിക്ഷേപവും ദുര്‍ബലമായിരിക്കുകയാണ്.
അതേസമയം, രൂപയുടെ മൂല്യത്തകര്‍ച്ച സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു. കയറ്റുമതി വര്‍ധിപ്പിക്കാനും വിദേശനാണ്യ വരുമാനം കൂട്ടാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഇതിലൂടെ സഹായമാകുമെന്ന് അദ്ദേഹം പറഞ്ഞു.