X

ജര്‍മനിയില്‍ ബസ് യാത്രക്കിടെ കത്തിയാക്രമണം:14 പേര്‍ക്ക് പരിക്ക്

ബെര്‍ലിന്‍: ജര്‍മനിയില്‍ ബസ് യാത്രക്കാര്‍ക്ക് നേരെ കത്തിയാക്രമണം. 14 പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചക്ക് ശേഷം ജര്‍മനിയിലെ പ്രശസ്ത ബീച്ച് ട്രാവന്‍മുണ്ടേയിലേക്ക് പോകുകയായിരുന്ന ബസിലാണ് ആക്രമണം നടന്നത്. 30 വയസുള്ള യുവാവ് കത്തി കാട്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ആക്രമണം നടന്നയുടനെ ഡ്രൈവര്‍ ബസ് നിര്‍ത്തി. ഇതോടെ മറ്റു യാത്രകാര്‍ വാതില്‍ തുറന്ന് രക്ഷപെടുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അക്രമിയെ പിടികൂടുകയുമായിരുന്നു. അക്രമത്തിന് പിന്നിലുള്ള ലക്ഷ്യമെന്താണെന്ന് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമെ പുറത്തു വരികയുള്ളവെന്ന് പൊലീസ് വ്യക്തമാക്കി. പെട്ടെന്ന്് നിര്‍ത്തിയ വാഹനത്തില്‍ നിന്ന് ആളുകള്‍ നിലവിളിച്ചു കൊണ്ട് പുറത്തു ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിന്നീട് ശരീരമാസകലം മുറിവേറ്റ യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധം ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞയിടെ ഒട്ടേറെ ഐഎസ് ആക്രമണങ്ങള്‍ക്ക് ജര്‍മനി വേദിയായിരുന്നു.

chandrika: