അബൂ ജാസിം അലി

ഇസ്രാഈലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ 12 വര്‍ഷത്തെ ഭരണത്തിന് അന്ത്യമായിരിക്കുകയാണ്. 2021 ജൂണ്‍ 13 ന് പുതിയ സഖ്യ സര്‍ക്കാറിന് അനുകൂലമായി ഇസ്രാഈല്‍ പാര്‍ലമെന്റ് വോട്ടുചെയ്തതോടെയാണ് അധികാര കൈമാറ്റമുണ്ടായത്. ആദ്യമായി ഒരു കണ്‍സര്‍വേറ്റീവ് ഇസ്‌ലാമിക് പാര്‍ട്ടി (റഅം) അധികാരത്തില്‍ പങ്കാളിയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. റഅം പാര്‍ട്ടി തലവന്‍ മന്‍സൂര്‍ അബ്ബാസ് അര നൂറ്റാണ്ടിനുള്ളില്‍ ഇസ്രാഈല്‍ സഖ്യ സര്‍ക്കാരില്‍ പങ്കാളിയായ ആദ്യ അറബ് ഇസ്രാഈല്‍ പാര്‍ട്ടി നേതാവായി ചരിത്രം കുറിച്ചു.

ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നാല് തെരഞ്ഞെടുപ്പാണ് ഇസ്രാഈലില്‍ നടന്നത്. അവസാനം നടന്ന തെരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി 52 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ ഐക്യം സാധ്യമാക്കി പ്രതിപക്ഷ പാര്‍ട്ടിയായ യെഷ് അതിഡ് നേതാവായ യയര്‍ ലപീഡും തീവ്രവലതുപക്ഷ പാര്‍ട്ടിയായ യമിന പാര്‍ട്ടിയുടെ നേതാവ് നാഫ്താലി ബെന്നറ്റും കൈകോര്‍ത്ത് നെതന്യാഹുവിനെ അധികാരത്തില്‍നിന്ന് പുറത്താക്കിയത്. മറ്റൊരു പ്രതിപക്ഷകക്ഷി നേതാവായ യയര്‍ ലപീഡും നാഫ്താലി ബെന്നറ്റും തമ്മിലുള്ള കരാര്‍ പ്രകാരം അധികാത്തിലേറിയാല്‍ ആദ്യ ഊഴം ബെന്നറ്റിനായിരിക്കും. 2023 സെപ്തംബര്‍ വരെയാകും ബെന്നറ്റിന്റെ കാലാവധി. അത് കഴിഞ്ഞ് ലപീഡ് ഭരിക്കും.

ഇസ്രാഈല്‍ ജനത നാളിതുവരെ കണ്ടുവന്ന തലത്തിലുള്ളതായിരിക്കില്ല പുതിയ സര്‍ക്കാര്‍; പ്രത്യേകിച്ച് ഇസ്രാഈല്‍ ജനസംഖ്യയില്‍ 21 ശതമാനം വരുന്ന ഫലസ്തീന്‍ അറബ് ന്യൂനപക്ഷങ്ങള്‍ക്ക്. സയണിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതാദ്യമായാണ് അവരുടെ ഭരണ സഖ്യത്തില്‍ ഒരു അറബ് പാര്‍ട്ടിയെ ഉള്‍പ്പെടുത്തുന്നത്; ഇസ്രാഈല്‍ ചരിത്രത്തിലെ ഏറ്റവും വിശാലമായ ഒന്നാണ് ഇത്. പുതിയ സര്‍ക്കാറില്‍ അബ്ബാസിന് വലിയ പ്രതീക്ഷയാണുള്ളത്. തെക്കന്‍ ഇസ്രാഈലിലെ നെഗേവ് മേഖലയിലേക്ക് പല ആനുകൂല്യങ്ങളും പദ്ധതികളും കൊണ്ടുവരാനാകുമെന്നാണ് അബ്ബാസിന്റെ പ്രതീക്ഷ. നെഗേവ് മരുഭൂമിയിലെ പരമ്പരാഗത ബെഡൂയിന്‍ കമ്യൂണിറ്റികളിലൊന്നാണ് റഅമിന്റെ ശക്തി. അറബ് സമൂഹത്തിനായുള്ള ബജറ്റുകളിലും സര്‍ക്കാര്‍ വികസന പദ്ധതികളിലും 53 ബില്യണ്‍ (16.3 ബില്യണ്‍ ഡോളര്‍) എന്‍.ഐ.എസ് അംഗീകരിക്കാന്‍ ചേഞ്ച് ബ്ലോക്ക് സമ്മതിച്ചതായി റഅം പാര്‍ട്ടിയും വ്യക്തമാക്കിയിട്ടുണ്ട്.

പതിറ്റാണ്ടുകളായി, അറബ് ഇസ്രാഈലി പാര്‍ട്ടികള്‍ എല്ലായ്‌പ്പോഴും ഇസ്രാഈല്‍ രാഷ്ട്രീയത്തില്‍ തീരുമാനമെടുക്കല്‍ പ്രക്രിയക്ക് പുറത്താണ്. ജൂത പാര്‍ട്ടികള്‍ അവരെ തീവ്രവാദികളായി ഒഴിവാക്കുകയായിരുന്നു പതിവ്. ഇസ്രാഈല്‍ ഗവണ്‍മെന്റില്‍ പങ്കാളിയാകുന്നതിന് അവസരം ഇല്ലാതാക്കുകയും അവരെ രണ്ടാംകിട പൗരന്മാരായി കണക്കാക്കുകയും ഫലസ്തീനികളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന നയമായിരുന്നു പുലര്‍ത്തിപ്പോന്നിരുന്നത്. എന്നാല്‍ അബ്ബാസിന് കീഴില്‍, ഏതാനും മാസങ്ങളായി റഅം പാര്‍ട്ടി നെതന്യാഹുവിന്റെ സര്‍ക്കാരുമായി പരസ്യമായി പ്രവര്‍ത്തിച്ചുകൊണ്ട് മറ്റൊരു പാത കണ്ടെത്താന്‍ തുടങ്ങിയിരുന്നു. അറബ് പാര്‍ട്ടികളുടെ സംയുക്ത പട്ടികയില്‍ നിന്ന് പുറത്തുപോയശേഷം ഒരു സര്‍ക്കാറിന്റെ ഭാഗമാകാനുള്ള പരിശ്രമവുമായി മുന്നോട്ടുപോകുകയായിരുന്നു അവര്‍. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനായി വ്യക്തമായ നയപരമായ മുന്നേറ്റങ്ങള്‍ കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അവരുടെ നീക്കം.

മന്‍സൂര്‍ അബ്ബാസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് അറബ് ലിസ്റ്റ് (റഅം) ഉള്‍പ്പെടുന്ന പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍, ഇസ്രാഈല്‍ എന്ന ജൂത രാഷ്ട്രം ജൂതന്മാരല്ലാത്ത ന്യൂനപക്ഷങ്ങളെ നിയമപരമായ വ്യത്യസ്ത മാനദണ്ഡങ്ങളോടെയാണ് പരിഗണിക്കുന്നതെന്ന ആശയം ഒരു നുണയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മറ്റ് അറബ് പാര്‍ട്ടികളില്‍നിന്ന് വേറിട്ട് മത്സരിക്കാനുള്ള അബ്ബാസിന്റെ തീരുമാനം വേരൂന്നിയത്, ഫലസ്തീന്‍ ദേശീയ ലക്ഷ്യങ്ങളേക്കാള്‍ ക്ഷേമത്തിനും താല്‍പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കാന്‍ ഇസ്രാഈല്‍ അറബികള്‍ക്ക് അവരുടെ രാഷ്ട്രീയ പ്രതിനിധികള്‍ ആവശ്യമാണെന്ന അദ്ദേഹത്തിന്റെ വിശ്വാസത്തിലാണ്. അബ്ബാസ് ഒരു സയണിസ്റ്റായിരുന്നില്ല, പക്ഷേ ഇസ്രാഈലി അറബികള്‍ ഹമാസിന്റെയും ഫലസ്തീന്‍ അതോറിറ്റിയുടെയും തട്ടിപ്പുകാരാണെന്ന് യുക്തിരഹിതമായി അദ്ദേഹം മനസ്സിലാക്കിയതായി തോന്നുന്നു. അതിനാല്‍തന്നെ ഫലസ്തീന്‍ പ്രശ്‌നത്തില്‍ യാതൊരു മാറ്റത്തിനും സാധ്യതയില്ല. ഫലസ്തീന്‍കാരോട് ഇസ്രാഈല്‍ പുലര്‍ത്തിപ്പോരുന്ന നയങ്ങളില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്നുമാത്രമല്ല, പ്രശ്‌നം അതിരൂക്ഷമാകാനുള്ള സാധ്യതകൂടി ഉരുത്തിരിയുമെന്ന് തീര്‍ത്തുപറയാം.

കോവിഡ് 19, ഫലസ്തീനുമായുള്ള സംഘര്‍ഷം തുടങ്ങി കലങ്ങിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലാണ് നാഫ്താലി ബെന്നറ്റ് എന്ന 49 കാരന്‍ അധികാരം ഏറ്റെടുക്കുന്നത്. കടുത്ത വലതുപക്ഷവാദിയായ നാഫ്താലി ബെന്നറ്റിനെയും അറബ് കക്ഷികളെയും എങ്ങനെ ലപീഡ് ഒരുമിച്ച് കൊണ്ടുപോകുമെന്നതിലാണ് ഇസ്രാഈലിലെ രാഷ്ട്രീയഭാവി. ഇസ്രാഈലിലെ തീവ്ര വലതുപക്ഷമാണ് ബെന്നറ്റ് നയിക്കുന്ന യമിന പാര്‍ട്ടി. ഫലസ്തീന്റെ രാജ്യപദവിയെ ശക്തമായി എതിര്‍ക്കുന്നതോടൊപ്പം 1967ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ പിടിച്ചെടുത്ത വെസ്റ്റ്ബാങ്കിന്റെ മുഴുവന്‍ ഭാഗവും ഇസ്രാഈലിനോട് കൂട്ടിച്ചേര്‍ക്കണമെന്ന് ശക്തമായി വാദിക്കുന്നയാളാണ് ബെന്നറ്റ്. വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ കൈയടക്കല്‍ നെതന്യാഹു ആരംഭിച്ചതുതന്നെ ബെന്നറ്റിന്റെ വാദത്തിന് ലഭിച്ച സ്വീകാര്യതയെ തുടര്‍ന്നായിരുന്നു. ഇറാനുമായും കടുത്ത ശത്രുത പുര്‍ത്തുന്ന സമീപനമാണ് ബെന്നറ്റിന്. ഇറാനെ ആണവായുധ രാജ്യമാക്കാന്‍ അനുവദിക്കില്ലെന്ന ബെന്നറ്റിന്റെ പ്രസ്താവനയും ശ്രദ്ധേയമാണ്. ഇങ്ങനെ നോക്കുമ്പോള്‍ നെതന്യാഹുവിന്റെ കാലത്തേക്കാള്‍ ദുരിതപൂര്‍ണമായിരിക്കും ബെന്നറ്റിന്റെ ഇസ്രാഈലില്‍നിന്ന് ഫലസ്തീനികള്‍ക്ക് അനുഭവിക്കേണ്ടിവരിക.

ടെലിവിഷന്‍ അവതാരകന്‍, കോളമിസ്റ്റ് എന്നീ നിലകളില്‍ ഇസ്രാഈലില്‍ പ്രശസ്തനായിരുന്നു ലപീഡ്. മതേതര വാദിയും മുന്‍ മന്ത്രിയുമായ യോസെഫ് ടോമി ലപീഡിന്റെ മകനാണ്. പിതാവും മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നാണ് രാഷ്ട്രീയത്തില്‍ എത്തുന്നത്. അമ്മ ഷുലാമിറ്റും എഴുത്തുകാരിയാണ്. ചാനല്‍ 2 ടി.വിയുടെ അവതാരകനായതോടെയാണ് ലപീഡിന്റെ താരമൂല്യം ഉയര്‍ന്നത്. അമേച്വര്‍ ബോക്‌സറും ആയോധന കലയിലും പ്രാവീണ്യം തെളിയിച്ച യയര്‍ ഇസ്രാഈലില്‍ ഏറ്റവും പ്രശസ്തനായ വ്യക്തിയായിരുന്നു. 2019ല്‍ സെന്‍ട്രിസ്റ്റ് പാര്‍ട്ടിയായ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയോടൊപ്പം ചേര്‍ന്നു. എന്നാല്‍ നെതന്യാഹുവിന്റെ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗന്‍ഡ്‌സിന്റെ തീരുമാനം ലപീഡ് അംഗീകരിച്ചില്ല. ഈ സഖ്യത്തെ ലപീഡ് ശക്തമായ ഭാഷയില്‍ എതിര്‍ത്തു. എന്നാല്‍ ഭരണത്തിനായി ലികുഡ് പാര്‍ട്ടിയേക്കാള്‍ വലതുപക്ഷമായ യമിന പാര്‍ട്ടിയോടൊപ്പമാണ് ലപീഡ് കൂട്ടുകൂടിയതെന്നത് മറ്റൊരു കാര്യം. ഇസ്രാഈലിന്റെ ഓരോ രാഷ്ട്രീയ നീക്കവും ലോകം ഉറ്റുനോക്കുന്ന സമയമാണിത്.