ഹനീഫ പെരിഞ്ചീരി 

മുസ്‌ലിം സമുദായത്തിന്റെ വിവിധ മേഖലകളിലുള്ള ഉന്നമനം ലക്ഷ്യമിട്ട് സച്ചാര്‍ കമ്മിറ്റി മുന്നോട്ടുവെച്ച ശിപാര്‍ശകളും ഇതോടനുബന്ധിച്ച് പാലോളി സമിതി കൊണ്ട്‌വന്ന നിര്‍ദ്ദേശങ്ങളുമാണ് കേരള ഹൈക്കോടതി മെയ് 28ന് പുറപ്പെടുവിച്ച വിധിയോടെ അപ്രസക്തമായിമാറിയത്. ജനസംഖ്യാനുപാതികമായല്ല സ്‌കോളര്‍ഷിപ്പ് വിതരണം നടക്കുന്നതെന്നും ഏതാനും ചില വിഭാഗങ്ങള്‍ക്ക് മാത്രമായി ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത് ശരിയല്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്. ഇതോടൊപ്പം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 2008, 2011, 2015 വര്‍ഷങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ എല്ലാം കോടതി റദ്ദ് ചെയ്യുകയാണ് ഉണ്ടായത്. എന്നാല്‍ ഈ വിധിയിലെ നീതികേട് മനസിലായിട്ടും മറ്റ് പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനോ, ബദല്‍ നയങ്ങള്‍ രൂപീകരിക്കാനോ, നിയമപരമായി മുന്നോട്ടുപോകാനോ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നതും ഗൗരവമായി കാണേണ്ടതുണ്ട്. സ്‌കോളര്‍ഷിപ്പ് വിധി പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ പറഞ്ഞുവെങ്കിലും ഇത് സംബന്ധിച്ച കരട്‌വിജ്ഞാപനങ്ങളോ തുടര്‍നടപടികളോ ഇതുവരെയും ഉണ്ടായിട്ടില്ല. നിലവിലെ ഗൗരവകരമായ സാഹചര്യത്തില്‍ സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സച്ചാര്‍ ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന ഉറച്ച നിലപാടിലാണ് മുസ്‌ലിംലീഗ്. സമുദായ നേതൃത്വത്തിന്റെ ആവശ്യവും ഇതുതന്നെയാണ്.

വാസ്തവത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ ചരിത്രപരമായ രാഷ്ട്രീയ പശ്ചാത്തലവും അതിനുപിറകിലെ നീതി സങ്കല്‍പങ്ങളും പരിശോധിക്കാതെയാണ് ഇത്തരമൊരു വിധി ഉണ്ടായതെന്നതാണ് യാഥാര്‍ത്ഥ്യം. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിച്ച സച്ചാര്‍ കമ്മിറ്റിയുടെ ചരിത്രത്തില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവന്നിരുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ രാഷ്ട്രീയ പശ്ചാത്തലം മനസിലാക്കേണ്ടത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ നിര്‍ദ്ദേശപ്രകാരം മുസ്‌ലിം ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ ചെയര്‍മാനായ ഉന്നതതല സമിതി 2005 മാര്‍ച്ച് 9ന് രൂപീകരിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ ആറു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം ജനസമൂഹത്തിന്റെ ദുരവസ്ഥ പൊതുസമൂഹത്തെയും ഭരണകര്‍ത്താക്കളെയും ബോധ്യപ്പെടുത്തിയത് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടായിരുന്നു. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണനകളും ആനുകൂല്യങ്ങളും നല്‍കണമെന്ന് 2006 നവംബര്‍ 30ന് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച 404 പേജുള്ള റിപ്പോര്‍ട്ടില്‍ സച്ചാര്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകളുടെ സമകാലിക ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ രേഖയായാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അറിയപ്പെടുന്നത്. മുസ്‌ലിംകളുടെ സമകാലിക ജീവിത സാഹചര്യങ്ങളെ കുറിച്ചുള്ള സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ആശങ്കാജനകവും അതിഭീകരവുമാണ്. മുസ്‌ലിം സമൂഹത്തിന്റെ ജീവിത നിലവാരം മിക്ക സംസ്ഥാനങ്ങളിലും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളെക്കാളും പിറകിലാണെന്ന് സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. ജീവിത നിലവാരത്തിന്റെ അളവുകോലുകളിലൊന്നായ ആളോഹരി ജീവിത ചെലവിന്റെ കാര്യത്തില്‍ വിവിധ മത ന്യൂനപക്ഷങ്ങള്‍ തമ്മിലുള്ള അന്തരം വളരെ വലുതാണ്. ജനസംഖ്യയില്‍ 14 ശതമാനമുള്ളവരുടെ ജീവിത നിലവാരം പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരാതെ രാജ്യത്തിന് അടിസ്ഥാന പുരോഗതി നേടാനാവില്ല എന്ന തിരിച്ചറിവാണ് സച്ചാര്‍ കമ്മിറ്റി പങ്കുവെച്ചത്. മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളുടെ സര്‍വതോന്മുഖമായ പുരോഗതിക്ക്‌വേണ്ടി നിരവധി ശിപാര്‍ശകളും കമ്മിറ്റി മുന്നോട്ടുവെച്ചു.

സ്വാതന്ത്ര്യാനന്തര ഇന്ത്യ വികസനരംഗത്ത് പല കുതിച്ചു ചാട്ടങ്ങള്‍ നടത്തുകയും ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും തോത് കുറയ്ക്കുകയും ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ മുന്നേറ്റം നടത്തുകയും ചെയ്തുവെങ്കിലും ഈ വികസനത്തിന്റെ ഗുണഫലങ്ങള്‍ തുല്യമായി രാജ്യത്തെ എല്ലാ മതസാമൂഹിക വിഭാഗങ്ങള്‍ക്കും ലഭ്യമായിരുന്നില്ല. മുസ്‌ലിം സ്ഥിതിവിശേഷത്തെ കേവലമൊരു ന്യൂനപക്ഷ പ്രശ്‌നമായിമാത്രം ഗണിക്കരുതെന്നും ദേശീയ പ്രശ്‌നമായി കാണണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ, തൊഴില്‍ രംഗത്ത് മതിയായ പ്രാതിനിധ്യമില്ലായ്മ, വായ്പാവിവേചനം, അര്‍ഹരായ എല്ലാവര്‍ക്കും സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുക തുടങ്ങിയ ശിപാര്‍ശകളും ഈ കമ്മിറ്റി മുന്നോട്ട്‌വെച്ചിരുന്നു. സത്യത്തില്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ നോവിന്റെയും നൊമ്പരങ്ങളുടെയും കരടു രേഖയായി മാറുകയായിരുന്നു സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വസ്തുനിഷ്ഠമായി വിവരിച്ച മുസ്‌ലിം സമുദായത്തിന്റെ സാമൂഹികമായ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ സവിശേഷ സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്ത് നടപ്പിലാക്കാനുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി കണ്‍വീനറായി, വി.എസ് സര്‍ക്കാര്‍ 2007 ഒക്ടോബറില്‍ 11 അംഗ കമ്മിറ്റിയെ നിയോഗിച്ചത്. ഈ സമിതി സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടതാണെന്നും മുസ്‌ലിം കള്‍ അല്ലാത്ത മറ്റൊരു സമുദായവും സമിതിയുടെ പരിഗണനയില്‍ വരുന്നില്ലെന്നും സമിതി കണ്‍വീനര്‍ അര്‍ത്ഥശങ്കക്ക് ഇടയില്ലാത്തവിധത്തില്‍ അന്ന് വ്യക്തമാക്കിയതുമാണ്. എന്നാല്‍ ഒരു സര്‍ക്കാര്‍ വകുപ്പ് ന്യൂനപക്ഷങ്ങളുടെ പേരില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ അവരിലെ ഏതാനും വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത അനുപാതത്തില്‍ മാത്രമായി നല്‍കിയത് ശരിയല്ല എന്നും ആയത് ജനസംഖ്യാനുപാതികമായി നല്‍കണമെന്നുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചത്. കോടതിയില്‍ വാദമുഖങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കാനുണ്ടായ സാമൂഹിക സാഹചര്യങ്ങള്‍ വേണ്ട വിധത്തില്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പറ്റിയ വീഴ്ചയും കൂടെയാണ് ഗുരുതരമായ ഈ സാഹചര്യത്തിന് കാരണമായത്.

കേരളത്തില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പുതുതായി സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുക, ഫീസ് ആനുകൂല്യത്തിന് അര്‍ഹരായ എല്ലാവര്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക, ഗവേഷണ പ്രാധാന്യമുള്ള വിഷയങ്ങള്‍ പഠിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് 12000 രൂപ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് നല്‍കുക, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ ഡിഗ്രി, പി.ജി കോഴ്‌സുകള്‍ പഠിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വര്‍ഷം 2000 രൂപ സ്‌കോളര്‍ഷിപ്പ് അനുവദിക്കുക തുടങ്ങിയ ശിപാര്‍ശകള്‍ പാലോളി കമ്മിറ്റി മുന്നോട്ടുവെച്ചിരുന്നു. ഇത് പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടാണ് 2008 ആഗസ്ത് 16ന് ‘പൊതുഭരണ (ന്യൂനപക്ഷ സെല്‍) വകുപ്പ് സ.ഉ.(കൈ) നം 278/2008 നമ്പര്‍ ഉത്തരവ്പ്രകാരം അന്നത്തെ സര്‍ക്കാര്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ബിരുദ, ബിരുദാനന്തര പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍ പ്രതിവര്‍ഷം വിവിധ സ്‌കോളര്‍ഷിപ്പുകള്‍ പാസാക്കിയത്. 2011 ഫെബ്രുവരി 22ലെ ഉത്തരവില്‍ സ്‌കോളര്‍ഷിപ്പ് ആനുകൂല്യത്തില്‍ പരിവര്‍ത്തിത പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗത്തിന് 20 ശതമാനം അനുവദിച്ചതും അതിന്മുമ്പ് ഉദ്യോഗാത്ഥികള്‍ക്കായുള്ള കോച്ചിങ് സെന്റര്‍ 80:20 പ്രവേശന അനുപാതവും ജനസംഖ്യാനുപാധികമല്ല എന്ന് കോടതി കണ്ടെത്തുകയുണ്ടായി. 2011ല്‍ ഈ വിഷയം മൈനോറിറ്റി വകുപ്പിന് കീഴിലായി ഇറക്കിയ മേല്‍ രണ്ട് ഉത്തരവുകളാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് മൂല കാരണം.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം നടപ്പിലാക്കപ്പെട്ട സ്‌കോളര്‍ഷിപ്പിന്റെ 100 ശതമാനവും വാസ്തവത്തില്‍ മുസ്‌ലിം സമുദായത്തിന് മാത്രമാണ് അവകാശപ്പെട്ടിരിക്കുന്നത്. ഈ വസ്തുതകള്‍ വിവിധ മത സാമുദായിക സംഘടനകളുടെ സംയുക്തയോഗം നടത്തി അവരെ ബോധ്യപ്പെടുത്താനുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്നും ഉണ്ടാകേണ്ടത്. ന്യൂനപക്ഷ കമ്മിഷന്‍ ആക്റ്റ് പ്രകാരമുള്ള വിഷയങ്ങളില്‍ 2021ലെ ജനസംഖ്യക്ക് ആനുപാതികമായി എല്ലാ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള മാര്‍ഗം വേറെ കണ്ടെത്തുകയാണ് ചെയ്യേണ്ടത്.

2008, 2011, 2015 വര്‍ഷത്തെ സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദായതോടെ സ്‌കോളര്‍ഷിപ്പുകളും പരിശീലന കേന്ദ്രങ്ങളും ക്ഷേമനിധിയും ഒന്നും നടപ്പാക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഇപ്പോള്‍ സംജാതമായത്. സാമൂഹിക നീതിയുമായി ബന്ധപ്പെട്ട ഈ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ബദല്‍ നടപടികള്‍ സ്വീകരിക്കണം. വിധിയില്‍ ഹൈക്കോടതിയില്‍ പുന:പരിശോധനാഹര്‍ജിയോ സുപ്രീംകോടതിയില്‍ അപ്പീലോ നല്‍കുകയാണ് ഇനി ചെയ്യാനുള്ള നിയമപരമായ മാര്‍ഗമെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ഇത് അര്‍ഹതപ്പെട്ട നീതി ലഭ്യമാകുന്നതില്‍ കാലതാമസം വരുത്തിയേക്കും എന്ന ആശങ്ക തള്ളിക്കളയാനാവില്ല. തുടര്‍ ചര്‍ച്ചകള്‍, വിദഗ്ധസമിതി നിയമോപദേശം തുടങ്ങിയ നയങ്ങളും കാര്യങ്ങളെ വൈകിപ്പിച്ച് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കാന്‍ മാത്രമേ ഉതകുകയുള്ളു. നൂറു ശതമാനം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക്മാത്രം അര്‍ഹമായ പദ്ധതികള്‍ അങ്ങനെ തന്നെ നടപ്പിലാക്കുന്നതിനുള്ള സത്വര നടപടികള്‍ കൈക്കൊള്ളുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരമുള്ള സ്‌കീമുകള്‍ നടപ്പാക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കണം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും പൊതുവായി പദ്ധതികള്‍ കൊണ്ട്‌വരുന്നതിന് ആരും എതിരല്ല. അത് അനിവാര്യവുമാണ് പക്ഷേ, അത് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് അടര്‍ത്തിമാറ്റിക്കൊണ്ടാവരുത്. ഇപ്പോഴത്തെ വിധിയുടെ പശ്ചാത്തലത്തില്‍ വിവിധ മത സാമുദായിക സംഘടനകളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ള ചര്‍ച്ചകള്‍ വിഭാഗീയ വേര്‍തിരിവ് സൃഷ്ടിക്കുന്നതിന് കാരണമാകാനിടയുണ്ട്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ചരിത്രപരമായ വസ്തുതകള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ.

ബഹുസ്വരതയില്‍ വിശ്വസിക്കുന്ന മുസ്‌ലിം സമൂഹം എന്നും മതസൗഹാര്‍ദ്ദവും സാഹോദര്യവും നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായ ജനതയാണ്. അര്‍ഹമായ ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ ഈ ജനവിഭാഗത്തിന് ലഭ്യമാക്കാന്‍ നിലവില്‍ റദ്ദാക്കപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ പുന:സ്ഥാപിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സാമൂഹികമായും വിദ്യാഭ്യാസപരമായും കൂടുതല്‍ അടിച്ചമര്‍ത്തല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഒരു സമുദായത്തിന് സാമൂഹിക നീതി ഉറപ്പാക്കാന്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി നടപ്പാക്കേണ്ടത് ജനാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അല്ലാത്തപക്ഷം ഭരണഘടനാമൂല്യങ്ങളെ കാറ്റില്‍ പറത്തി ഒരു ജനതയോട് കാണിക്കുന്ന ഏറ്റവും വലിയ അനീതിയും ചരിത്രപരമായ വഞ്ചനയും ആയിരിക്കുമത്.