ബംഗളൂരു: വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റീല്‍ പാലം നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബംഗളൂരില്‍ പ്രതിഷേധം. 1,800 കോടി രൂപയാണ് പാലം നിര്‍മ്മാണത്തിന് പ്രതീക്ഷിക്കപ്പെടുന്ന ചെലവ്.
പ്രദേശത്തെ 800ലധികം മരങ്ങള്‍ പദ്ധതിക്കായി മുറിക്കേണ്ടി വരും. പദ്ധതി തടയണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ഹൈക്കോടതിയെ സമീച്ചിരിക്കുകയാണ്. പദ്ധതിക്കായി ഇത്രവലിയ തുക മുടക്കുന്നതില്‍ മാത്രമല്ല ജനങ്ങളുടെ പ്രതിഷേധം. വേണ്ടത്ര ആസൂത്രണം ഇല്ലാതെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
പാലം യാഥാര്‍ത്ഥ്യമായാലും അനുദിനം വര്‍ധിച്ചുവരുന്ന നഗരത്തിലെ ഗതാഗത കുരുക്കിന് ശമനമാകില്ലെന്നാണ് ഇവരുടെ വാദം. 6.72 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാലം നിര്‍മ്മാണ പദ്ധതിക്കാണ് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. ബസവേശ്വര സര്‍ക്കിളിനും ഹെബ്ബാളിനും ഇടയിലാണ് പാലംനിര്‍മ്മാണം. പദ്ധതിക്കെതിരായുള്ള പ്രതിഷേധം അറിയിക്കാന്‍ അടുത്ത ഞായറാഴ്ച്ച നഗരത്തില്‍ മനുഷ്യചങ്ങല സംഘടിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. പാലം യാഥാര്‍ത്ഥ്യമായാല്‍ അത് ഗതാഗതതിരക്ക് മൂലമുണ്ടാകുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് വിരാമമിടുമെന്ന് സര്‍ക്കാര്‍ പറയുന്നു.
പദ്ധതിയുടെ വിശദമായ രൂപരേഖ സംബന്ധിച്ച് ബുധനാഴ്ച്ച സംസ്ഥാന ഗതാഗത മന്ത്രി കെ.ജെ ജോര്‍ജ് ട്വീറ്റ് ചെയ്തിരുന്നു. ബംഗളൂരില്‍ നിലവില്‍ 60 ലക്ഷം വാഹനങ്ങളുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 10 ശതമാനം വര്‍ധന. പ്രധാന റോഡുകളിലെല്ലാം ട്രാഫിക്ക് കുരുക്ക് സ്ഥിരം കാഴ്ച്ച. സ്റ്റീല്‍ പാലത്തിന് മാത്രമായല്ല 1,791 കോടിയെന്ന് സര്‍ക്കാര്‍ പറയുന്നു.
പ്രധാന ഫ്‌ളൈ ഓവര്‍, താഴേക്കും മുകളിലേക്കുമുള്ള റാമ്പുകള്‍, മൂന്ന് അണ്ടര്‍പാസ്സുകള്‍, ഡ്രെയിനേജ് സംവിധാനം, ട്രാഫിക്ക് സുരക്ഷാ നടപടികള്‍ തുടങ്ങിയവക്കെല്ലാം ചേര്‍ത്താണ് ഇത്രയും വലിയ തുക. പാലം നിര്‍മ്മാണത്തിന് പ്രദേശത്തെ ഒരൊറ്റ പൈതൃക കെട്ടിടങ്ങളും മറ്റു പ്രധാന കെട്ടിടങ്ങളും പൊളിക്കേണ്ടി വരില്ലെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. മുറിക്കുന്ന 812 മരങ്ങള്‍ക്ക് പകരമായി മേഖലയില്‍ 60,000 മരങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്ന് ബംഗളൂരു നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സിദ്ധരാമയ്യ സര്‍ക്കാറിന്റെ വാദങ്ങളൊന്നും തന്നെ സ്വീകാര്യമല്ലെന്ന നിലപാടിലാണ് പദ്ധതിയില്‍ എതിരഭിപ്രായമുള്ളവര്‍.