Connect with us

india

‘മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ കേന്ദ്ര സേനകൾ പരാജയം; നീക്കണമെന്ന് ബിജെപി എംഎൽഎ

സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിലവില്‍ ഡ്യൂട്ടിയിലുള്ള സേനാ യൂണിറ്റുകളെ എത്രയും വേഗം നീക്കണമന്നും സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.

Published

on

മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷവും കൊലപാതകങ്ങളും തടയാനാവാത്ത കേന്ദ്ര സേനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എ. കേന്ദ്ര സേനകളുടെ സാന്നിധ്യത്തിലും സംസ്ഥാനത്ത് അക്രമങ്ങള്‍ തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചും അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ടും ബി.ജെ.പി എം.എല്‍.എ രാജ്കുമാര്‍ ഇമോ സിങ് ആണ് രംഗത്തുവന്നത്.

സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിലവില്‍ ഡ്യൂട്ടിയിലുള്ള സേനാ യൂണിറ്റുകളെ എത്രയും വേഗം നീക്കണമന്നും സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. പശ്ചിമ ഇംഫാലില്‍ നടന്ന പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് എം.എല്‍.എയുടെ ഇടപെടല്‍.

16 മാസമായി സംസ്ഥാനത്ത് തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ കേന്ദ്ര സേനകള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് സിങ് വിമര്‍ശിച്ചു. ‘60,000ലേറെ വരുന്ന കേന്ദ്ര സേനകള്‍ മണിപ്പൂരിലുണ്ടായിട്ടും സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇനിയും ഈ സേനകള്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍, അവരെ ഉടന്‍തന്നെ ഇവിടെ നിന്ന് നീക്കം ചെയ്ത് പകരം സംസ്ഥാന സര്‍ക്കാരിന് സുരക്ഷാ ചുമതലകള്‍ കൈമാറുന്നതാണ് നല്ലത്’- അമിത് ഷായ്‌ക്കെഴുതിയ കത്തില്‍ സിങ് വ്യക്തമാക്കി.

സമാധാനം പുനഃസ്ഥാപിക്കാന്‍ നിയമപ്രകാരമുള്ള നടപടികള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയെ അനുവദിക്കണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു. ‘നിസ്സഹകരണ യൂണിറ്റുകളെ ഇതിനോടകം നീക്കം ചെയ്തതിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. എന്നാല്‍ കേന്ദ്ര സേനയ്ക്ക് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അതിനു സംസ്ഥാന സേനയെ അനുവദിക്കണം’- സിങ് കത്തില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം ഇംഫാല്‍ വെസ്റ്റ് മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സായുധരായ സംഘം ഡ്രോണുകളില്‍നിന്ന് ബോംബുകളിട്ടെന്നാണ് പൊലീസ് പറയുന്നത്. ഉച്ചയ്ക്ക് 2.30നാണ് വെടിവെപ്പും ബോംബാക്രമണവും ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു.

സംഘര്‍ഷത്തിന് പിന്നാലെ മണിപ്പൂരില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പ്രശ്നബാധിത മേഖലകളില്‍ അതീവശ്രദ്ധ വേണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ് ജില്ലാ മജിസ്ട്രേറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ സെക്ഷന്‍ 163 പ്രകാരം കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരും. മണിപ്പൂരില്‍ 2023 മെയ് നാലിന് ആരംഭിച്ച വംശീയ ആക്രമണത്തില്‍ 220ലേറെ പേരാണ് കൊല്ലപ്പെട്ടത്. 50,000ത്തോളം പേര്‍ പലായനം ചെയ്യുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തടവുകാരുടെ ജാതി വിവരങ്ങള്‍ വെളിപ്പെടുത്തുന്ന സംവിധാനം റദ്ദാക്കി സുപ്രിംകോടതി

ജാതി സംബന്ധിച്ച വിവരങ്ങള്‍ വിവേചനത്തിനും ചൂഷണത്തിനും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സപ്രിംകോടതി റദ്ദാക്കിയത്.

Published

on

ജയിലിലുള്ള തടവുകാരുടെ ജാതി വിവരങ്ങള്‍ വെളിപ്പെടുത്തുന്ന സംവിധാനം റദ്ദാക്കി സുപ്രിംകോടതി. ജാതി സംബന്ധിച്ച വിവരങ്ങള്‍ വിവേചനത്തിനും ചൂഷണത്തിനും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സപ്രിംകോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെടുന്ന ബെഞ്ചിന്റെ ഉത്തരാണിത്. ജയിലുകളിലെ വിവേചനം തുടരരുതെന്ന് വ്യക്തമാക്കിയ ബെഞ്ച് വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു.

ജയിലിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തെക്കുറിച്ച് ദ വയറിലെ മാധ്യമപ്രവര്‍ത്തക നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

താഴ്ന്ന ജാതിയിലുള്ള തടവുകാര്‍ക്ക് മനുഷ്യത്വരഹിതമായ ജോലി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാതി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുവഴി വിവേചനത്തിന് കാരണമാകുന്ന ചില സംസ്ഥാനങ്ങളിലെ ജയില്‍ മാനുവലുകളിലെ നിയമങ്ങളും കോടതി ഇതോടൊപ്പം റദ്ദാക്കി.

എല്ലാ സംസ്ഥാനങ്ങളും വിധിക്ക് അനുസൃതമായി ജയില്‍ മാനുവലുകളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. തടവുകാരുടെ ജാതിവിവരങ്ങള്‍ ജയില്‍ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു.

Continue Reading

india

വിസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക

സന്ദര്‍ശക വിസയില്‍ വിദേശരാജ്യത്തെത്തുന്നവര്‍ക്ക് ജോലി അവസരം ഒരുക്കുമെന്ന നിലയില്‍ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്ന് റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു.

Published

on

വിസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക. സന്ദര്‍ശക വിസയില്‍ വിദേശരാജ്യത്തെത്തുന്നവര്‍ക്ക് ജോലി അവസരം ഒരുക്കുമെന്ന നിലയില്‍ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്ന് റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു.

സന്ദര്‍ശക വിസ രാജ്യം സന്ദര്‍ശിക്കുന്നതിനുള്ള അനുമതി മാത്രമാണെന്നും അത് ജോലിക്കുള്ള അനുമതിയല്ലെന്ന് മനസ്സിലാക്കണമെന്നും അജിത് കോളശേരി പറഞ്ഞു. ഒരു രാജ്യവും സന്ദര്‍ശക വീസയില്‍ ജോലി അനുവദിക്കില്ലെന്നും ഇത്തരം വാഗ്ദാനങ്ങള്‍ വിശ്വസിച്ച് വിദേശരാജ്യത്തേക്കു പോയാല്‍ അതു നിയമപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏജന്‍സികള്‍ വാഗ്ദാനം ചെയ്യുന്ന ജോലിയായിരിക്കില്ല അവിടെ എത്തുമ്പോള്‍ ലഭിക്കുന്നതെന്നും കൃത്യമായ വേതനമോ ഭക്ഷണമോ താമസ സൗകര്യമോ, തൊഴില്‍ നിയമങ്ങളുടെ പരിരക്ഷയോ ലഭിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ പോയവരെ പിന്നീട് ബന്ധപ്പെടാന്‍ പറ്റാത്തത് ആശങ്കപ്പെടുത്തുന്നതാണെന്നും അജിത് കോളശേരി പറഞ്ഞു.

ഇത്തരം ഏജന്‍സികളുടെ തെറ്റായ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ഇന്ത്യയില്‍നിന്നും സന്ദര്‍ശക വിസയില്‍ മലേഷ്യ, കംബോഡിയ, തായ്ലന്‍ഡ്, മ്യാന്‍മാര്‍, ലാവോസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയ പലരും തട്ടിപ്പിനിരയായതായി വിവരം പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വഴി മാത്രമേ അപേക്ഷ സമര്‍പ്പിക്കുന്നുള്ളെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്മെന്റ് ഏജന്‍സിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടോയെന്ന് ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ വഴി എളുപ്പത്തില്‍ പരിശോധിക്കാവുന്നതാണെന്നും അജിത് കോളശേരി പറഞ്ഞു.

 

 

Continue Reading

india

കേസുണ്ടെന്നത് വ്യാജ പ്രചാരണം, താൻ ചെയ്തത് ദൈവത്തിനും കണ്ട് നിന്നവർക്കും അറിയാം’: ഈശ്വർ മാൽപെ

യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം താൻ നടത്തുന്ന ആംബുലൻസ് സർവീസിനാണ് കൊടുക്കുന്നത്

Published

on

തനിക്കെതിരെ കേസുണ്ടെന്നത് വ്യാജ പ്രചാരണമെന്ന് കർണാടകയിലെ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. തനിക്കെതിരെ കേസുണ്ടെന്നത് ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമാണ്. ഷിരൂർ തെരച്ചിൽ വിഷയത്തിൽ ഒരു തരത്തിലും വിവാദത്തിനില്ല. താൻ ചെയ്തത് എന്താണെന്ന് ദൈവത്തിനറിയാം, കണ്ടുനിന്നവർക്കും അറിയാം.

താനത് ഒരു പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല. യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം താൻ നടത്തുന്ന ആംബുലൻസ് സർവീസിനാണ് കൊടുക്കുന്നത്. പണത്തിന് വേണ്ടിയല്ല താൻ ഇത്തരം സേവനങ്ങൾ നടത്തുന്നതെന്നും ഈശ്വർ മാൽപെ പറഞ്ഞു. ഇന്നലെ അർജുന്റെ കുടുംബം നടത്തിയ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ഈശ്വർ മാൽപെ.
അതേസമയം അർജുന്റെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെ ലോറി ഉടമ മനാഫ് ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും. മുക്കത്തെ സ്‌കൂൾ നൽകുന്ന സ്വീകരണ പരിപാടിയിലാണ് മനാഫ് പങ്കെടുക്കുന്നത്. ആരോപണങ്ങളോട് ഇവിടെ പ്രതികരിക്കുമെന്നാണ് മനാഫ് അറിയിച്ചത്.

Continue Reading

Trending