X

സി.പി.എം പ്രാദേശിക സംവിധാനങ്ങള്‍ മയക്കുമരുന്ന് സംഘങ്ങള്‍ക്ക് സഹായം; വി.ഡി സതീശന്‍

കൈ നീട്ടിയാല്‍ മദ്യവും മയക്കുമരുന്നും കിട്ടുന്ന സ്ഥലമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മയക്കുമരുന്നിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. ഇപ്പോള്‍ നടക്കുന്നത് താല്‍ക്കാലിക പരിശോധന മാത്രമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കേരളം അപകടകരമായ സ്ഥിതിയിലേക്കാണ് പോകുന്നത്. സി.പി.എമ്മിന്റേയും ഡി.വൈ.എഫ്.ഐയുടേയും പ്രാദേശിക സംവിധാനങ്ങള്‍ മയക്കുമരുന്ന് മാഫിയയെ സഹായിക്കുന്നുണ്ട്. ബോധവല്‍ക്കരണത്തിന് പരിമിതിയുണ്ട്. എക്സൈസും കസ്റ്റംസും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒരു സംഘം ഹൈജാക്ക് ചെയ്തെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ഐജി ജി ലക്ഷ്മണിന്റെ പ്രതികരണമെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഉപജാപക സംഘം സാമ്പത്തിക കാര്യങ്ങളില്‍ വരെ ഇടപാട് നടത്തുന്നുണ്ട്. അവരാണ് പോലീസിനെ പൂര്‍ണമായി നിയന്ത്രിക്കുന്നത്. കേസുകളെ പോലും രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. സി.പി.എമ്മിന് വേറെ പൊലീസ് ആണോയെന്നും വി.ഡി സതീശന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് സംസ്ഥാനത്തെ മുഴുവന്‍ പൊലീസിനെയും നിയന്ത്രിക്കുന്ന ഒരു ഉപജാപക സംഘം, സാമ്പത്തിക കാര്യങ്ങള്‍ പോലും നിയന്ത്രിക്കുന്നുണ്ട്. ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഒരുകാലത്തും നടക്കാത്ത രീതിയിലുള്ള ഇടപെടലാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും വി.ഡി സതീശന്‍ ആരോപിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തേയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ഒരു ഭാഗത്ത് മദ്യവര്‍ജനം എന്ന് പറയുക, എന്നിട്ട് എല്ലായിടത്തും മദ്യം ലഭ്യമാക്കുക. ഇത് വിചിത്രമായ നയമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

 

 

webdesk13: