X

2026 ഫുട്‌ബോള്‍ ലോകകപ്പ് ലോഗോ പുറത്തുവിട്ട് ഫിഫ: വീഡിയോ

ലോസ് ആഞ്ചല്‍സ്: 2026ലെ ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തിന് തുടക്കമിട്ട് ഫിഫ. ലോകകപ്പിന്റെ ലോഗോയും മുദ്രാവാക്യവും പുറത്തുവിട്ടു. വടക്കേ അമേരിക്കന്‍ രാജ്യങ്ങളായ യു.എസ്, മെകസിക്കോ, കാനഡ എന്നിവര്‍ സംയുക്തമായാണ് ടൂര്‍ണമെന്റ് ആതിഥ്യം വഹിക്കുന്നത്.

ലോസ് ആഞ്ചല്‍സിലെ ഗ്രിഫിത്ത് ഒബ്‌സര്‍വേറ്ററിയില്‍ നടന്ന പ്രൗഢ ഗംഭീര ചടങ്ങില്‍ ഫിഫ അധ്യക്ഷന്‍ ജിയാന്നി ഇന്‍ഫാന്റിനോയാണ് ലോഗോ പ്രദര്‍ശിപ്പിച്ചത്. ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. ഫിഫ ലോകകപ്പ് കിരീടത്തിന്റെ മാതൃക കൂടി ചേര്‍ത്താണ് ലോഗോ തയ്യാറാക്കിയത്. ആദ്യമായാണ് ലോകകപ്പ് കിരീടം ലോഗോയുടെ ഭാഗമാകുന്നത്.

ടൂര്‍ണമെന്റ് നടക്കുന്ന വര്‍ഷത്തെ സൂചിപ്പിച്ച് വെള്ള നിറത്തില്‍ 26ഉം അതിനു മുകളിലായി ലോകക്കപ്പ് കിരീടവും ആലേഖനം ചെയ്തതാണ് ലോഗോ തയ്യാറാക്കിയത്. കറുപ്പ് നിറമാണ് പശ്ചത്തലമായി നല്‍കിയിരിക്കുന്നത്. പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ആതിഥേയരാജ്യങ്ങളുടെ നിറം ഇത്തവണ ലോഗോയില്‍ ചേര്‍ത്തിട്ടില്ല. വീ ആര്‍ 26 എന്നാണ് ലോകക്കപ്പ് മുദ്രാവാക്യം. വീ ആര്‍ 26 എന്നത് ഒരു പോരാട്ടമാണ്.

2026 ലോകക്കപ്പില്‍ ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആയി ഉയരുമെന്ന പ്രത്യകതയുണ്ട്. 3 രാജ്യങ്ങള്‍ സംയുക്തമായി വേദിയൊരുക്കുന്നതും ഇതാദ്യമായാണ്. 16 നഗരങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ഇതില്‍ 11 എണ്ണം യു.എസിലും മൂന്നെണ്ണം മെക്‌സിക്കോയിലും രണ്ടെണ്ണം കാനഡയിലുമായിരിക്കും.

 

webdesk13: