വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ വീണ്ടും പകരത്തീരുവ ചുമത്തി യുഎസ്. ഇന്ത്യ അമേരിക്കന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുന്നതായി വൈറ്റ് ഹൗസ്. മറ്റ് രാജ്യങ്ങള്‍ ഉയര്‍ന്ന തീരുവ ഈടാക്കുന്നതുമൂലം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ട്രംപ് പ്രഖ്യാപിച്ച പകര തീരുവ ബുധനാഴ്ച നടപ്പില്‍വരാനിരിക്കേയാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന.
അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉയര്‍ന്ന തീരുവ ചുമത്തുന്നുവെന്നത് ട്രംപ് വിമര്‍ശിച്ചിരുന്നു. അതിനാല്‍, അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കുമെതിരെ അതേ അളവില്‍ തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച പകര തീരുവ നിലവില്‍ വരുന്നതിനാല്‍ തന്നെ അമേരിക്കയുടെ വിമോചന ദിവസം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പകര തീരുവയുടെ വിശദാംശങ്ങള്‍ ട്രംപ് ബുധനാഴ്ച പ്രഖ്യാപിക്കും.
അമേരിക്കന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനവും അരിക്ക് ജപ്പാന്‍ 700 ശതമാനവും പാലുല്‍പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ 50 ശതമാനവും ബട്ടറിനും ചീസിനും കാനഡ 300 ശതമാനവും തീരുവ ചുമത്തുകയാണ്. അതിനാല്‍, അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഈ വിപണികളിലേക്ക് എത്താന്‍ സാധിക്കുന്നില്ല. കഴിഞ്ഞ ദശകങ്ങളില്‍ നിരവധി അമേരിക്കക്കാര്‍ക്ക് ബിസിനസും തൊഴിലും ഇതുമൂലം നഷ്ടമായെന്നും അവര്‍ പറഞ്ഞു.