ലണ്ടന്‍: യുകെയിലെ വെസ്റ്റ് മിഡ്ലാന്‍ഡ്‌സില്‍ ഇന്ത്യന്‍ വംശജയായ 20കാരിയെ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തതായി ആരോപണം ഉയര്‍ന്നു. സംഭവം വാല്‍സലിലെ പാര്‍ക്ക് ഹാള്‍ പ്രദേശത്താണ് നടന്നത്.
നടുറോഡില്‍ പരിക്കുകളോടെ കിടക്കുന്ന യുവതിയെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ നടത്തിയ അന്വേഷണം വഴി ഇത് ബലാത്സംഗ സംഭവമാണെന്ന് വ്യക്തമായി.
അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു, ഇതില്‍ ഏകദേശം 30 വയസ്സുള്ള പുരുഷന്റെ ചിത്രം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. പ്രതി ഇരുണ്ട വസ്ത്രം ധരിച്ചിരുന്നതായി ദൃശ്യങ്ങളില്‍ കാണാം.
”ഇത് ഒരു ഭയാനകമായ വംശീയ ആക്രമണവും ലൈംഗിക അതിക്രമവുമാണ്. പ്രതിയെ ഉടന്‍ പിടികൂടാനുള്ള എല്ലാ നടപടികളും പുരോഗമിക്കുന്നു,” എന്ന് അന്വേഷണം നയിക്കുന്ന ഡിറ്റക്ടീവ് സൂപ്രണ്ട് റോണന്‍ ടൈറര്‍ പറഞ്ഞു.
പ്രദേശവാസികളോട് പൊലീസ് സംശയാസ്പദമായ ആരെയെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ വിവരം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കല്‍, സാക്ഷികളെ ചോദ്യം ചെയ്യല്‍, ഡിഎന്‍എ പരിശോധനകള്‍ തുടങ്ങിയവ പുരോഗമിക്കുകയാണ്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ വെസ്റ്റ് മിഡ്ലാന്‍ഡ്‌സില്‍ 20കാരികളായ രണ്ടുപേര്‍ ലൈംഗികാതിക്രമത്തിന് ഇരയായതോടെ, പ്രദേശത്തെ വനിതാ സുരക്ഷാ വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചാവിഷയമായി.
യുകെയിലെ സിഖ് ഫെഡറേഷന്‍ ഈ സംഭവത്തെ ശക്തമായി അപലപിക്കുകയും, ”ഇത്തരത്തിലുള്ള വംശീയ ആക്രമണങ്ങള്‍ തടയാന്‍ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണം” എന്നും ആവശ്യപ്പെട്ടു.
പൊലീസ് പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നു പ്രതീക്ഷയുണ്ടെന്നും ടൈറര്‍ കൂട്ടിച്ചേര്‍ത്തു.