ഗുവാഹതി: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം രണ്ട് യുവാക്കളെ തല്ലിക്കൊന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എത്തിയിട്ടുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്നാണ് ആള്‍ക്കൂട്ടം യുവാക്കളെ പിടികൂടി മര്‍ദിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം വെസ്റ്റ് കാര്‍ബി ആംങ്‌ലോങ് ജില്ലയില്‍ ഡോക്‌മോകയിലായിരുന്നു ദാരുണമായ സംഭവം. അഭിജിത് നാഥ്, നിലോത്പാല്‍ ദാസ് എന്നിവരെയാണ് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. ഡോക്‌മോകയിലേക്ക് പോവുകയായിരുന്ന ഇവരെ ആള്‍ക്കൂട്ടം അക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കാറിലെത്തിയ ഇരുവരേയും സംശയം തോന്നിയ നാട്ടുകാര്‍ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇവരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. നിലോത്പാല്‍ ദാസ് അക്രമികളോട് ജീവന് വേണ്ടി യാചിക്കുന്നത് വീഡിയോയില്‍ കാണാം. താന്‍ ആസാമിയാണെന്നും തന്നെ കൊല്ലരുതെന്നും ഇയാള്‍ അക്രമികളോട് അപേക്ഷിച്ചെങ്കിലും ചെവിക്കൊണ്ടില്ല.