തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായത് കോവിഡ് ബാധയെ തുടര്‍ന്ന് ആരോഗ്യവിഭാഗം അടച്ചിട്ട മുറിയില്‍. സെക്രട്ടറിയേറ്റിലെ ചീഫ് ജോയിന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഈ ഭാഗത്തെ ഓഫീസുകളെല്ലാം അടച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജീവനക്കാര്‍ വരേണ്ടെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ തീപിടിത്തമുണ്ടായപ്പോള്‍ രണ്ട് ജീവനക്കാര്‍ ഈ മുറിയിലുണ്ടായിരുന്നു എന്നാണ് പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണി പറഞ്ഞത്.

എല്ലാ ജീവനക്കാര്‍ക്കും അവധി നല്‍കിയിട്ടും രണ്ടുപേര്‍ എന്തിനാണ് ഈ മുറിയില്‍ വന്നതെന്നത് ദുരൂഹമാണ്. ഈ ഭാഗത്ത് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവാന്‍ സാധ്യതയില്ലെന്നും ജീവനക്കാര്‍ പറയുന്നു. സെക്രട്ടറിയേറ്റില്‍ നിയോഗിച്ചിരുന്ന ഫയര്‍മാന്‍മാര്‍ ആരും തീപിടിത്തമുണ്ടായപ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. സിപിഎം നേതൃത്വവുമായുള്ള അടുത്ത ബന്ധമുള്ള ജീവനക്കാരെയാണ് ഇവിടെ നിയമിച്ചതെന്നും ആക്ഷേപമുണ്ട്.

ചൊവ്വാഴ്ച വൈകീട്ടാണ് സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ ഉടനെ തന്നെ അവിടേക്ക് ഓടിയെത്തിയ ചീഫ് സെക്രട്ടറി അസാധാരണ രീതിയിലാണ് പെരുമാറിയത്. മാധ്യമങ്ങളെ പുറത്താക്കിയ അദ്ദേഹം ഇനി നിങ്ങള്‍ എന്റെയും മുഖ്യമന്ത്രിയുടേയും മുറിയിലേക്ക് തള്ളിക്കയറുമോ എന്ന് ചോദിച്ച് ക്ഷുഭിതനായി. സ്ഥലം എംഎല്‍എ ആയ വി.എസ് ശിവകുമാറിനെയും സെക്രട്ടറിയേറ്റില്‍ പ്രവേശിക്കാന്‍ ചീഫ് സെക്രട്ടറി അനുവദിച്ചില്ല. തീപിടിച്ച ഓഫീസിലെ ജീവനക്കാരുടെ സാന്നിധ്യവും ചീഫ് സെക്രട്ടറിയുടെ ഇടപെടലും തിപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നതാണ്.