മുംബൈ: ശമ്പളം കൊടുക്കാന്‍ പണമില്ലാതായതോടെ ക്ഷേത്രങ്ങളില്‍ കാണിക്കയായി കിട്ടിയ സ്വര്‍ണ ശേഖരം റിസര്‍വ് ബാങ്കില്‍ നിക്ഷേപിച്ച് പണം കണ്ടെത്താന്‍ ക്ഷേത്ര ബോര്‍ഡുകള്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കമുള്ള രാജ്യത്തെ ക്ഷേത്ര സമിതികള്‍ ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കുമായി കൂടിയാലോചന ആരംഭിച്ചതായി പ്രമുഖ ധനകാര്യ മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വന്‍ പ്രതിസന്ധിയാണ് ക്ഷേത്രങ്ങള്‍ അഭിമുഖീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്ന ക്ഷേത്രമായ തിരുമലയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ വരെ ഈ പ്രതിസന്ധിയുണ്ട്. വലിയ പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്‍ വാസു പറയുന്നു.

ഓഗസ്റ്റ് 22ന് പ്രധാന ക്ഷേത്രബോര്‍ഡുകളിലെ ഉദ്യോഗസ്ഥരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. പത്തു ബോര്‍ഡ് പ്രതിനിധികള്‍ അതില്‍ പങ്കെടുത്തു. 2015ല്‍ കൊണ്ടു വന്ന ഗോള്‍ഡ് മോണറ്റൈസേഷന്‍ പദ്ധതിയില്‍ ചേരാന്‍ അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2.5 ശതമാനമാണ് ആര്‍.ബി.ഐയില്‍ നിക്ഷേപിക്കുന്ന സ്വര്‍ണത്തിന് പലിശയായി കിട്ടുക- വാസു പറഞ്ഞു.

അഞ്ചു മാസമായി ആരും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറില്ല. എന്നാല്‍ മാസം പ്രതി അമ്പത് കോടി രൂപയാണ് ശമ്പളത്തിലും മറ്റിനങ്ങളിലുമായി ചെലവഴിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ ഭക്തര്‍ തന്ന സ്വര്‍ണം ആര്‍.ബി.ഐയില്‍ നിക്ഷേപിക്കാന്‍ തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്. ആയിരം കിലോ സ്വര്‍ണം അത്തരത്തില്‍ നിക്ഷേപിക്കാം എന്നാണ് കരുതുന്നത്. അതിനായുള്ള കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലെ നിത്യാആരാധനയ്ക്കും മറ്റു ദൈനം ദിന ആവശ്യങ്ങള്‍ക്കുമുള്ളവ ഒഴിച്ചുള്ള സ്വര്‍ണം ആര്‍.ബി.ഐയില്‍ നിക്ഷേപിക്കാനാണ് ആലോചന

എന്‍ വാസു (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് )

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം സ്വര്‍ണനിക്ഷേപം കൊണ്ട് സമ്പന്നമാണ് രാജ്യത്തെ ക്ഷേത്രങ്ങള്‍. ക്ഷേത്രങ്ങളില്‍ മാത്രം 8.8 ദശലക്ഷം പൗണ്ട് മൂല്യമുള്ള സ്വര്‍ണം ഉണ്ടെന്നാണ് കണക്ക്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ മാത്രം 1252 ക്ഷേത്രങ്ങളാണ് ഉള്ളത്. ശമ്പളം, പെന്‍ഷന്‍ എന്നീയിനത്തില്‍ മാത്രം 35 കോടി രൂപയാണ് ബോര്‍ഡിന് വേണ്ടത്. ശബരിമലയിലെ വരുമാനമായിരുന്നു ബോര്‍ഡിന്റെ പ്രധാന ആശ്രയം. ഒരു ദിവസം ഏകദേശം മൂന്നു കോടിയുടെ വരുമാനമാണ് ശബരിമയില്‍ ഉണ്ടായിരുന്നത്.

നേരത്തെ, യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ നൂറു കോടി പ്രഖ്യാപിച്ചിരുന്നു എങ്കിലും 30 കോടി മാത്രമാണ് അനുവദിച്ചിട്ടുള്ളത്.