തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലുണ്ടായ തീപിടിത്തം ഗൂഢാലോചനയുടെ ഭാഗമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയറ്റിലെ തന്ത്രപ്രധാനമേഖലയിലാണ് ഇന്നലെ തീപിടിത്തം ഉണ്ടായത്. അത് ഗൂഡാലോചനയുടെ ഫലമാണ്. സംഭവത്തില്‍ ചീഫ് സെക്രട്ടറിയും മന്ത്രി ജയരാജനും പറയുന്നത് വ്യത്യസ്ത കാരണങ്ങളാണ്. ചീഫ് സെക്രട്ടറി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് പറയുമ്പോള്‍ ജയരാജന്‍ പറയുന്നത് അട്ടിമറിയാണെന്നാണ്. ഇതില്‍ നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണ്. പ്രോട്ടോകോള്‍ ഓഫീസില്‍ ജോലി ചെയ്യുന്ന മഹാഭൂരിപക്ഷം പേരും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവികളായ ജീവനക്കാരാണ്. അവരുടെ പിന്തുണയോടാണ് തീയിട്ടതെന്ന് ബെന്നി പറഞ്ഞു.

എഡിജിപിയുടെ അന്വേഷണത്തോട് സഹകരിക്കില്ല. ഈ അന്വേഷണത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനാവില്ല. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട ഗൗരവമുള്ള ഫയലുകളാണ് കത്തിനശിച്ചത്. കേസ് എന്‍ഐഎ അന്വേഷിക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.