ശ്രീനഗര്‍: അനന്തനാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. മൂന്ന് ജവാന്‍മാര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. അചാബല്‍ ഏരിയയിലെ ബിദുര ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

രാഷ്ട്രീയ റൈഫിള്‍സ്, ജമ്മു കശ്മീര്‍ പൊലീസിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ഭീകരര്‍ വെടിയുതിര്‍ത്തതോടെ സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.