കോവിഡ് രണ്ടാം തരംഗത്തിലെ ലോക്ക്ഡൗണില്‍ ജോലി നഷ്ടമായ ഇതരസംസ്ഥാന തൊഴിലാളികള്‍ ദുരിതത്തില്‍. കേരളത്തില്‍ സമസ്ത മേഖലയിലും തൊഴിലാളിസാന്നിധ്യമായ അയല്‍ സംസ്ഥാനക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ നാട്ടിലേക്ക് പോയിരുന്നില്ല. രാജ്യമാകമാനം വീശിയടിച്ച രണ്ടാം തരംഗം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതികൂലമായി ബാധിച്ചതിനാല്‍ പട്ടിണിയിലായ കുടുംബങ്ങള്‍ക്ക് താങ്ങാവാനാണ് പലരും നാട്ടിലേക്ക് മടങ്ങാതിരുന്നത്. അതേ സമയം കേരളത്തില്‍ ചില മേഖലയില്‍ ഒഴികെ വ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവര്‍ ജോലിയില്ലാതെ ദുരിതത്തിലായി. ഭക്ഷണത്തിനും വാടകത്തുകക്കും പ്രയാസപ്പെട്ട ഇവരെ പ്രാദേശിക തദ്ദേശസ്ഥാപനങ്ങളും നാട്ടുകാരുമാണ് സഹായിച്ചത്. ഈ ലോക്ക്ഡൗണില്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തവര്‍ക്കാണ് കുറച്ചെങ്കിലും ജോലിയുണ്ടായത്. അതേസമയം ഹോട്ടല്‍ മേഖലയിലും മത്സ്യബന്ധന മേഖലയിലും ജോലി ചെയ്തവര്‍ക്ക് പണിയില്ലാതായി. കടകള്‍ അടച്ചതിനാല്‍ ബാര്‍ബര്‍, ഇന്‍ഡസ്ട്രീയല്‍, പ്ലൈവുഡ് മേഖലയിലും തൊഴില്‍ നഷ്ടമുണ്ടായി.

സംസ്ഥാനത്ത് 35 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരില്‍ നല്ലൊരു ശതമാനം സ്ഥിരമായി ഒരേ ജോലികളില്‍ തുടരുന്നവരാണ്. എന്നാല്‍ 10 ലക്ഷത്തോളം തൊഴിലാളികള്‍ കൂലിത്തൊഴിലാളികളാണ്. എല്ലാവിധ ജോലികളിലും സഹായികളായി നിന്ന് അതത് ദിവസം തൊഴില്‍ കണ്ടെത്തുന്നവരാണ്. ഇവരാണ് കൂടുതല്‍ പ്രയാസത്തിലായത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെ നാട്ടിലേക്ക് മടങ്ങിയവരുടെ എണ്ണവും ഇത്തവണ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ കുടുംബങ്ങളടക്കം രണ്ടു ലക്ഷത്തിലധികം പേര്‍ സ്വദേശത്തേക്ക് തിരിച്ചപ്പോള്‍ ഇത്തവണ പകുതിയില്‍ താഴെ ആളുകളാണ് നാട്ടിലേക്ക് തിരിച്ചത്. ഒരു ലക്ഷം പേരില്‍ പലരും ഇപ്പോള്‍ തിരിച്ചുവരവിന്റെ വഴിയിലാണ്. നിലവിലെ ജോലി നഷ്ടമാവുമെന്ന ഭീതിയാണ് പലരെയും നാട്ടിലേക്ക് പോവുന്നതില്‍ നിന്ന് പിന്നോട്ട് വലിച്ചത്. പലര്‍ക്കും ജോലി ചെയ്ത വകയില്‍ വലിയ തുകകള്‍ കരാറുകാരില്‍ നിന്ന് കിട്ടാനുമുണ്ട്. അതേസമയം ദിവസവേതനത്തിന് ജോലി ചെയ്തവര്‍ ജോലി ഇല്ലാതായതോടെ സാമ്പത്തിക പ്രയാസത്തിലായി. ഇതുമൂലം നാട്ടിലേക്കുള്ള യാത്ര മാറ്റി.

ഒഡീഷ, ബംഗാള്‍, അസം, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കേരളത്തിലുള്ളവരില്‍ അധികവും. അതിനാല്‍ തന്നെ ഈ കുടുംബങ്ങളുടെ ആശ്രയം കേരളത്തില്‍ നിന്നുള്ള വരുമാനമാണ്. ഇത് മുടങ്ങിയതോടെ പല വീടുകളിലും പട്ടിണിയാണെന്ന് കുടിയേറ്റക്കാരുടെ സാമ്പത്തിക വികസനത്തെ കുറിച്ച് പഠിക്കുന്ന കേന്ദ്രം വ്യക്തമാക്കുന്നു. ഒഡീഷയില്‍ നടത്തിയ പഠനത്തില്‍ പണം വരാത്തതിനാല്‍ 60 ശതമാനം കുടുംബങ്ങളും പട്ടിണിയിലാണെന്നാണ്. ജോലിക്ക് മികച്ച കൂലി ലഭിക്കുന്ന കേരളത്തില്‍ നിന്ന് വര്‍ഷം 25,000 കോടി രൂപ പുറംസംസ്ഥാനങ്ങളിലേക്ക് അയക്കുന്നുവെന്നാണ് കണക്ക്.

സംസ്ഥാനത്ത് തൊഴില്‍ മേഖലയുടെ സിംഹഭാഗവും ഇതരസംസ്ഥാന ജോലിക്കാരായതിനാല്‍ വര്‍ഷങ്ങളായി ജോലിയില്‍ തുടരുന്നവരാണ് അധികവും. ലോക്ക്ഡൗണില്‍ പട്ടിണിയിലായ ഇവര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഒരു ലക്ഷം കിറ്റുകള്‍ നല്‍കിയിരുന്നു. ലോക്ക്ഡൗണിന് ശേഷം കാര്യങ്ങള്‍ ശരിയാവുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

അതേ സമയം കോവിഡ് പ്രതിരോധത്തിന്റെ ഭാഗയായുള്ള വാക്‌സിനേഷനില്‍ ഇതരസംസ്ഥാനക്കാര്‍ പിന്നോട്ടാണ്. അറിവില്ലായ്മയും വാക്‌സിന്‍ എടുത്താല്‍ ആരോഗ്യത്തെ ബാധിക്കുമെന്നുള്ള തെറ്റിദ്ധാരണയുമാണ് ഇവരെ പിന്നോട്ട് നയിക്കുന്നത്. കോവിഡ് ലക്ഷണങ്ങളുണ്ടായാല്‍ ആസ്പത്രിയില്‍ പോവാനും ഇവര്‍ മടിക്കുന്നു. 14 ദിവസം ക്വാറന്റീനില്‍ നില്‍ക്കേണ്ടതിനാല്‍ അത്രയും ദിവസം ജോലിക്കു പോകാനാവില്ലെന്നതാണ് കാരണം. ജനസാന്ദ്രതയുള്ള കേന്ദ്രങ്ങളില്‍ കൂട്ടമായി താമസിക്കുന്ന ഇവര്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും സാന്നിധ്യമുണ്ട്. അതിനാല്‍ സമയബന്ധിതമായി വാക്‌സിന്‍ നല്‍കേണ്ടത് കോവിഡ് പ്രതിരോധത്തിന് അനിവാര്യമാണ്. അതിനായി ആരോഗ്യവകുപ്പ് പ്രത്യേക പദ്ധതി ഒരുക്കിയിട്ടുണ്ട്.