ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം കെട്ടടങ്ങുന്നതിനിടെ ആശങ്ക ഉയര്‍ത്തി പുതിയ ഡെല്‍റ്റ പ്ലസ് വകേഭദം. ആശങ്കയുടെ വകഭേദമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ വിശേഷപ്പിച്ചിരിക്കുന്നത്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്റിബോഡികളെ ചെറുക്കാനും ശേഷിയുള്ളതിനാലാണ് ഡെല്‍റ്റ പ്ലസിനെ പേടിക്കണമെന്ന് വിദഗ്ധര്‍ പറയുന്നത്.
വാക്‌സിന്‍ എടുത്തവരില്‍ ഡെല്‍റ്റ പ്ലസ് വന്നിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ടെങ്കിലും വാക്‌സിന്റെ പ്രതിരോധ ശേഷി മറികടന്നിട്ടില്ലെന്നും മരണം സംഭവിച്ചിട്ടില്ലെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതുവരെ പ്രത്യക്ഷപ്പെട്ട കോവിഡ് വൈറസ് വകഭേദങ്ങളില്‍ ഏറ്റവും അപകടകാരിയാണ് ഡെല്‍റ്റ പ്ലസ്. വായുവിലൂടെ എളുപ്പത്തില്‍ പകരുമെന്നതിനാല്‍ അതിവേഗ വ്യാപന ശേഷിയുണ്ട്.
12 വയസിന് മുകളിലുള്ള കുട്ടികളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ യൂറോപ്പിലാണ് ആദ്യമായി ഈ വകഭേദം കണ്ടെത്തിയത്. നേപ്പാളില്‍ നിന്നും എത്തിയവരിലാണ് ഇത് കണ്ടെത്തിയതെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിരുന്നു. മധ്യപ്രദേശിലെ ഭോപാലിലാണ് രാജ്യത്ത് ആദ്യമായി ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. കോവിഡ് ഭേദമായ ശേഷം രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച 65കാരിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

ഡെല്‍റ്റ പ്ലസ് വകഭേദം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിന്റെ പരിവര്‍ത്തന രൂപം ഈ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മഹാരാഷ്ട്രയില്‍ 21, മധ്യപ്രദേശില്‍ ആറ്, കേരളത്തിലും തമിഴ്നാട്ടിലും മൂന്ന് വീതം കര്‍ണാടകയില്‍ രണ്ട്, പഞ്ചാബ്, ആന്ധ്രപ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഡെല്‍റ്റപ്ലസ് വകഭേദം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വലിയ തോതില്‍ രോഗവ്യാപനത്തിനും മരണങ്ങള്‍ക്കും ഇടയാക്കിയത് ഡെല്‍റ്റ പ്ലസിനു മുമ്പുള്ള ഡെല്‍റ്റ വകഭേദമായിരുന്നു.

നിലവില്‍ ഡെല്‍റ്റാ പ്ലസ് വകഭേദം കണ്ടെത്തിയവരുടെ റൂട്ട് മാപ്പ്, വാക്സിനേഷന്‍ സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയം ശേഖരിച്ചുവരികയാണ്. ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമായി നടപ്പാക്കുക, കേസുകള്‍ ഉള്ള പ്രദേശങ്ങളില്‍ മുന്‍ഗണന നല്‍കി വാക്സിനേഷന്‍ നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഡെല്‍റ്റാ പ്ലസിനു മുമ്പ് കണ്ടെത്തിയ കോവിഡിന്റെ ഡെ ല്‍റ്റാ വകഭേദം എല്ലാ പ്രായത്തിലുള്ളവരേയും ബാധിച്ചതായി കണ്ടെത്തിയിരുന്നു. നവജാത ശിശുക്കള്‍ മുതല്‍ 80 വയസിന് മുകളിലുള്ളവരില്‍ വരെ ഡെല്‍റ്റാ വകഭേദമായ ബി.1.617.2 കണ്ടെത്തിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

എല്ലാ പ്രായത്തിലുള്ളവരേയും ബാധിച്ചെങ്കിലും ഡെല്‍റ്റാ വകഭേദം സാരമായി ബാധിച്ചത് 20-30 വരെ പ്രായമുള്ളവരിലാണെന്ന് ഡെല്‍റ്റാ വകഭേദത്തേക്കുറിച്ച് വിശദമായി പഠനം നടത്തുന്ന ഇംഗ്ലണ്ടിലെ പൊതുആരോഗ്യവിഭാഗം നിരീക്ഷിച്ചിരുന്നു. രണ്ട് പ്രാവശ്യം ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് എന്നായിരുന്നു ഡെല്‍റ്റ വകഭേദത്തെ ആദ്യം വിലയിരുത്തിയിരുന്നത്. രാജ്യത്തെ കോവിഡ് രണ്ടാം തരംഗം ഇത്ര കണ്ട് രൂക്ഷമായതിന് പിന്നില്‍ ഡെല്‍റ്റാ വകഭേദമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുന്നത് ഡെല്‍റ്റ വകഭേദത്തെ തടയുമെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. ഡെല്‍റ്റാ വകഭേദത്തിന് ജനിതക മാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് മൂന്നാം തരംഗത്തിനു കാരണമാകുമോ എന്നാണ് ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്.