ചെന്നൈ: കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ചിരുന്നതിന് തമിഴ്‌നാട്ടില്‍ മൂന്ന് ദളിതരെ വെട്ടിക്കൊന്നു. ശിവഗംഗ ജില്ലയിലെ കച്ചാനത്തം ഗ്രാമത്തിലാണ് സംഭവം. മെയ് 26-നാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. തൈവെന്തിരന്‍, പ്രഭാകരന്‍ എന്നിവര്‍ കുറുപ്പുസ്വാമി അമ്പലത്തിന് മുന്നില്‍ കാലിന്‍മോല്‍ കാല്‍ കയറ്റിവെച്ചിരിക്കുകയായിരുന്നു. ഇതുകണ്ട ഉന്നത ജാതിക്കാര്‍ തങ്ങളോട് മര്യാദകേട് കാണിച്ചുവെന്ന് പറഞ്ഞ് ഇവരുമായി വാക്കേറ്റമുണ്ടാക്കി. ഇത് ജാതിപ്രശ്‌നമായി മാറുകയായിരുന്നു.

ദളിതര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രകോപിതരായ ഉന്നതജാതിക്കാര്‍ ദളിതരുടെ വീടുകള്‍ അക്രമിക്കുകയായിരുന്നു. വെദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ദളിതരുടെ വീടാക്രമിച്ച് മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കെ.അറുമുഖന്‍ (65), എ. ഷണ്‍മുഖന്‍ എന്നിവര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ചന്ദ്രശേഖര്‍ എന്നയാള്‍ ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്.