ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം റോഡപകടങ്ങളില്‍ രാജ്യത്തു മരിച്ചത് 1.20 ലക്ഷം പേരെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം ശരാശരി 328 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ (എന്‍. സി.ആര്‍.ബി.) 2020 -ലെ ‘ക്രൈം ഇന്ത്യ’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൂന്നുവര്‍ഷത്തിനിടെ 3.92 ലക്ഷം ജീവനുകളാണ് റോഡില്‍ പൊലിഞ്ഞത്.

സമൂഹത്തിന്റെ വിവിധ തുറകളിലുണ്ടാകുന്ന അവഗണനയാണ് മരണങ്ങള്‍ക്കു കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. മെഡിക്കല്‍ അധികൃതരുടെ അവഗണനമൂലമാണ് കഴിഞ്ഞവര്‍ഷം 133 പേര്‍ മരിച്ചത്.
2019-ല്‍ ഇത് 201-ഉം 2018-ല്‍ 218-ഉം ആയിരുന്നു. പ്രാദേശിക ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുള്ള അവഗണന 2020-ല്‍ 51 പേരുടെ മരണത്തിനിടയാക്കി. 2019-ല്‍ ഇത് 147-ഉം തൊട്ടുമുമ്പത്തെ വര്‍ഷം 40-ഉം ആയിരുന്നു. മറ്റുതരത്തിലുള്ള ഉപേക്ഷമൂലം 2020-ല്‍ 6,367 പേര്‍ മരിച്ചു. 2019-ല്‍ ഇത് 7,912-ഉം 2018-ല്‍ 8,687-മായിരുന്നു.

കഴിഞ്ഞവര്‍ഷം സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു.