കനത്ത പരാജയത്തിന്റെ ആഘാതം മറന്ന് ബിജെപിക്കെതിരെ ശക്തമായി പോരാടാന്‍ പാര്‍ട്ടി എംപിമാര്‍ക്ക് ആവേശം നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള കോണ്‍ഗ്രസിന്റെ ആദ്യത്തെ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ധീരമായി പോരാടിയെന്നും അംഗസംഖ്യ കുറവെങ്കിലും കോണ്‍ഗ്രസ് ആശയങ്ങള്‍ക്കായി പൊരുതണമെന്നും ആത്മാര്‍ത്ഥമായ പോരാട്ടത്തിന് അന്‍പത്തിരണ്ട് പേര്‍ ധാരാളമാണെന്നും രാഹുല്‍ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പപ്പെടുത്തി.

ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടിയാകണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പോരാട്ടം. ജാതി-മത-വര്‍ണ്ണഭേദമില്ലാതെ ഇന്ത്യയിലെ ജനങ്ങള്‍ക്കും ഭരണഘടനയ്ക്കും വേണ്ടിയാണ് നിങ്ങളോരോരുത്തരും പോരാടേണ്ടത്. സഭയില്‍ കിട്ടുന്ന സമയം ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കണമെന്നും ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി പോരാടാണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ആത്മ പരിശോധനയ്ക്കും പുനരുജ്ജീവനത്തിനുമുള്ള സമയമാണിത്. അധിക്ഷേപവും വിദ്വേഷവും നേരിടേണ്ടി വന്നേക്കാം
എന്നാലും ശക്തമായി പ്രവര്‍ത്തകര്‍ പോരാടണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു. 40 പേരുള്ളപ്പോള്‍ നമ്മള്‍ ബിജെപിക്കെതിരെ പോരാടി എന്നാല്‍ കോണ്‍ഗ്രസിന് ഇക്കുറി 52 എംപിമാരുണ്ട് ആത്മാര്‍ത്ഥമായ പോരാട്ടത്തിന് അന്‍പത്തിരണ്ട് പേര്‍ ധാരാളമാണെന്നും രാഹുല്‍ ഗാന്ധി ധൈര്യം പകര്‍ന്നു. കോണ്‍ഗ്രസിന് വോട്ടുചെയ്ത എല്ലാവര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും രാഹുല്‍ പ്രസംഗത്തില്‍ നന്ദി പറഞ്ഞു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായി ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയാ ഗാന്ധിയെ തെരഞ്ഞെടുത്തു. മുന്‍പ്രധാമന്ത്രി മന്‍മോഹന്‍സിംഗാണ് സോണിയയെ ഈ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. കെ.മുരീധരനും ചത്തീസ്ഗണ്ഡില്‍ നിന്നുള്‌ല എംപി ജ്യോത്സന മോഹന്തും നിര്‍ദേശത്തെ പിന്താങ്ങി. വിദ്വേഷ രാഷ്ട്രീയത്തിനെതിരായ കോണ്‍ഗ്രസ് നിലപാട് ഇനിയും തുടരും. വോര്‍ട്ടര്‍മാര്‍ പാര്‍ട്ടിയില്‍ അര്‍പ്പിച്ച വിശ്വാസം കാക്കണമെന്ന് എംപിമാരോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ 12.13 കോടി വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. അതിന് വോട്ടര്‍മാരോട് നന്ദി പറയുന്നതായും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയ പറഞ്ഞു.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം സോണിയാ ഗാന്ധിയുടെ വസതിയില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള ലോക്‌സഭാ എംപിമാര്‍ ഇവിടെ വച്ച് സോണിയയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ തുടരണമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും യുഡിഎഫ് നേതാക്കളുടേയും ആഗ്രഹമെന്ന് കേരളത്തിലെ എംപിമാര്‍ സോണിയേയും രാഹുലിനേയും അറിയിച്ചു.