News

ചൈനയില്‍ 35 ദിവസത്തിനിടെ 60,000 കോവിഡ് മരണങ്ങള്‍

By webdesk11

January 15, 2023

ബെയ്ജിങ്: 35 ദിവസത്തിനിടെ 60,000ത്തോളം പേര്‍ കോവിഡ് അനുബന്ധ രോഗങ്ങളാല്‍ മരിച്ചതായി ചൈനീസ് ആരോഗ്യ വകുപ്പ്. ഡിസംബറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷം മരണം സംബന്ധിച്ച് ചൈന പുറത്ത് വിടുന്ന ഏറ്റവും വലിയ ഡേറ്റയാണിത്. 2022 ഡിസംബര്‍ എട്ടിനും ജനുവരി 12നും ഇടയില്‍ 59,938 പേര്‍ കോവിഡുമായി ബന്ധപ്പെട്ട രോഗങ്ങളാല്‍ മരിച്ചതായി ദേശീയ ആരോഗ്യ കമ്മീഷന്റെ കീഴിലുള്ള ബ്യൂറോ ഓഫ് മെഡിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ ജിയാവോ യാഹൂയി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് പുറത്ത് വിട്ട മരണ നിരക്ക് ആശുപത്രികളില്‍ നിന്നുള്ള കണക്കുകള്‍ മാത്രമാണ്. അതിനാല്‍ തന്നെ മരണ നിരക്കില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ശ്വാസനേന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന് 5,503 പേരും മറ്റുള്ളവര്‍ കോവിഡ് ബാധിച്ചതിന് പിന്നാലെയുണ്ടായ അനുബന്ധ രോഗങ്ങള്‍ മൂലവുമാണ് മരിച്ചതെന്നും ജിയാവോ പറഞ്ഞു. മരിച്ചവരില്‍ 90 ശതമാനവും 65 വയസ് പിന്നിട്ടവരാണ്. ഡിസംബറില്‍ കോവിഡ് നിയന്ത്രണം എടുത്തു കളഞ്ഞ സീറോ കോവിഡ് നയം പ്രഖ്യാപിച്ചതു മുതല്‍ ചൈന കോവിഡ് മരണങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്ന് വ്യാപക ആക്ഷേപമുണ്ടായിരുന്നു.