ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ രാഷ്ട്രപതിക്കു പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് മലയാളികളായ ഫഹദ് ഫാസില്‍, പാര്‍വതി, അനീസ് കെ. മാപ്പിള തുടങ്ങിയ 66 കലാകാരന്മാര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. 11 പുരസ്‌കാരങ്ങള്‍ മാത്രമേ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നല്‍കൂ എന്നും ബാക്കിയുള്ളവ കേന്ദ്ര വിവര – പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി നല്‍കും എന്നുമാണ് തീരുമാനം. ഇതോടെയാണ്, ചടങ്ങ് കൂട്ടമായി ബഹിഷ്‌കരിക്കാന്‍ മലയാളികളടക്കമുള്ളവര്‍ തീരുമാനിച്ചത്.

സ്മൃതി ഇറാനിയാണ് അവാര്‍ഡ് നല്‍കുന്നത് എന്ന കാര്യം ഇന്നലെ മാത്രമാണ് അറിഞ്ഞതെന്നും ബഹിഷ്‌കരിക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നും അവാര്‍ഡ് ജേതാക്കള്‍ ഒപ്പുവെച്ച കത്തില്‍ പറയുന്നു.

താനടക്കമുള്ള 66 പേര്‍ പുരസ്‌കാരം ബഹിഷ്‌കരിക്കുകയാണെന്ന് മികച്ച കഥേതര ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ അനീസ് കെ. മാപ്പിള ഫേസ്ബുക്കില്‍ കുറിച്ചു. ‘ഏതെങ്കിലും ഒരു ബി ജെ പി മന്ത്രിയുടെ കയ്യില്‍ നിന്നും ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്വീകരിക്കരുതെന്ന നിലപാടില്‍ ഞാന്‍ ഉള്‍പ്പെടുന്ന 66 പുരസ്‌കാര ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു…’ എന്ന് അനീസ് ഫേസ്ബുക്കില്‍ കുറിച്ചു.